ടോറി എന്ന് അറിയപ്പെടുന്ന ഈ ഗേറ്റുകൾ പുണ്യഭൂമിയുടെ അതിർത്തികളായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഷിൻ്റോ ആരാധനാലയങ്ങളുടെ പ്രവേശന കവാടത്തിലാണ് ഇവ സ്ഥാപിക്കുക.
റീലുകൾക്ക് വേണ്ടിയും ചിത്രങ്ങൾക്ക് വേണ്ടിയും ഒക്കെ എല്ലായിടങ്ങളിലും ആളുകൾ ഇന്ന് കയറിച്ചെല്ലാറുണ്ട്. അതിൽ അപകടകരമായ സ്ഥലങ്ങളും വിശ്വാസികൾ പരിശുദ്ധം എന്ന് വിശ്വസിക്കുന്ന സ്ഥലങ്ങളും എല്ലാം പെടും. അങ്ങനെയുള്ള ഒരു സ്ഥലത്ത് വച്ച് റീൽ ചിത്രീകരിച്ച യുവതിക്കെതിരെയാണ് ഇപ്പോൾ വിമർശനങ്ങൾ ഉയരുന്നത്.
അടുത്തിടെയാണ്, ചിലിയൻ ജിംനാസ്റ്റും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ മരിയ ഡെൽ മാർ 'മാരിമർ' പെരസ് ബാനസ് വർക്ക്ഔട്ട് ചെയ്യുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വർക്കൗട്ട് ചെയ്യുന്നതിനായി അവർ ഉപയോഗിച്ചത് ജപ്പാനിലുള്ളവർ വിശുദ്ധമെന്ന് വിശ്വസിക്കുന്ന ഷിൻ്റോ ഗേറ്റാണ്.
ഇവിടെ നിന്നും വീഡിയോ ഷൂട്ട് ചെയ്തശേഷം മരിയ അത് വിവിധ സോഷ്യൽ മീഡിയാ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു. ഇതോടെയാണ് ജപ്പാനിൽ ഇവർക്കെതിരെ വലിയ രോഷം ഉയർന്നിരിക്കുന്നത്.
ആദ്യം അവർ വീഡിയോ അപ്‍ലോഡ് ചെയ്തത് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ്. എന്നാൽ, ഇതേച്ചൊല്ലി വലിയ വിമർശനം ഉയർന്നതോടെ അവർ ആ വീഡിയോ ഡിലീറ്റ് ചെയ്യുകയായിരുന്നു. വീഡിയോയിൽ കാണുന്നത് ഒരു ആരാധനാസ്ഥലത്തേക്കുള്ള ഗേറ്റിൽ പിടിച്ച് പുൾ അപ്പുകൾ എടുക്കുന്ന മരിയയെയാണ്. ഇതാണ് ആളുകളിൽ രോഷമുണർത്തിയത്.
ടോറി എന്ന് അറിയപ്പെടുന്ന ഈ ഗേറ്റുകൾ പുണ്യഭൂമിയുടെ അതിർത്തികളായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഷിൻ്റോ ആരാധനാലയങ്ങളുടെ പ്രവേശന കവാടത്തിലാണ് ഇവ സ്ഥാപിക്കുക. ഷിൻ്റോ ആരാധനാലയങ്ങൾ തിരിച്ചറിയാനുള്ള മാർഗം കൂടിയാണ് ഈ ടോറികൾ.
അതിൽ പിടിച്ചുകൊണ്ട് ഇൻഫ്ലുവൻസർ വർക്കൗട്ട് ചെയ്തത് വിശ്വാസികളെ ചൊടിപ്പിക്കുകയായിരുന്നു. റീലുകൾക്ക് വേണ്ടി വേറെ എത്രയോ സ്ഥലങ്ങളുണ്ട്. എന്തിനാണ് വിശ്വാസികളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നത് എന്നായിരുന്നു നെറ്റിസൺസിൽ പലരുടേയും ചോദ്യം.
എന്നാൽ, വിമർശനങ്ങളുയർന്നതോടെ മരിയ സംഭവിച്ചതിൽ ഖേദം അറിയിച്ചുകൊണ്ട് വീഡിയോ പോസ്റ്റ് ചെയ്തു. "ജപ്പാനിലെ എൻ്റെ പ്രവൃത്തികൾക്ക് മാപ്പ് ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ധിക്കാരപരമായി പെരുമാറാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. ചിന്തിക്കാതെ ചെയ്ത പ്രവൃത്തിയാണ്, അതിൽ ഞാൻ ഖേദിക്കുന്നു. ദയവായി മെസ്സേജുകളോ കമന്റ്സോ ഇതിന് വേണ്ട. നന്ദി" എന്നാണ് അവൾ പറഞ്ഞത്.
എഐ ഉപയോഗിച്ച് പ്രൊജക്ട് തയ്യാറാക്കി, വിദ്യാർത്ഥിക്ക് മാർക്ക് പൂജ്യം, പരാതിയുമായി രക്ഷിതാക്കൾ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം
