Asianet News MalayalamAsianet News Malayalam

രാജ്യത്തെ ഏറ്റവും വലിയ സർവകലാശാലയിൽ പ്രൊഫസർ, എഴുത്തുകാരന്‍, കൂടുതൽ സമ്പാദിക്കുന്നത് വെൽഡിം​ഗ് ജോലിയിലൂടെ

അധ്യാപകർ സമരത്തിലായിരുന്ന കാലത്ത് പോലും തനിക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അതിന് കാരണം ഈ വർക്ക്ഷോപ്പാണ് എന്നാണ് കബീർ പറയുന്നത്. ഇത്തരം ജോലികൾ ചെയ്യുന്നതിന് യാതൊരു മടിയും വിചാരിക്കേണ്ടതില്ല എന്നും അദ്ദേഹം പറയുന്നു. 

inspiration Kabir Abu Bilal a professor earns more by working as a welder rlp
Author
First Published Jan 29, 2024, 8:31 AM IST

വൈറ്റ് കോളർ ജോലിയുള്ള ആളുകളെ ബഹുമാനിക്കുക, മറ്റ് സാധാരണ പണികളൊക്കെ ചെയ്യുന്ന ആളുകളെ അധികം ബഹുമാനിക്കാതിരിക്കുക ഇതൊക്കെ ഈ ലോകത്തിന്റെ പതിവുരീതികളാണ്. എന്നാൽ, എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ട്. നൈജീരിയയിൽ നിന്നുള്ള ഈ യൂണിവേഴ്സിറ്റി പ്രൊഫസർക്കും അതാണ് പറയാനുള്ളത്. പ്രൊഫസറാണെങ്കിലും ഒപ്പം ഒരു വെൽഡിം​ഗ് വർക്ക്ഷോപ്പ് കൂടി നടത്തുന്നുണ്ട് അദ്ദേഹം. പ്രൊഫസർ തന്നെയാണ് ആ വർക്ക്ഷോപ്പിലെ മെയിൻ പണിക്കാരനും.

താൻ തന്റെ യൂണിവേഴ്സിറ്റി പ്രൊഫസർ‌ ജോലിയിൽ‌ നിന്നും സമ്പാദിക്കുന്നതിനേക്കാൾ കൂടുതൽ വെൽഡിം​ഗിൽ നിന്നും സമ്പാദിക്കുന്നുണ്ട് എന്നാണ് സാരിയയിൽ നിന്നുള്ള കബീർ അബു ബിലാൽ പറയുന്നത്. തനിക്ക് ഒരു വെൽഡിം​ഗ് വർക്ക് ഷോപ്പ് ഉണ്ടെന്ന് കേട്ടപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. പ്രത്യേകിച്ചും തന്റെ സഹപ്രവർത്തകർ എന്നും അദ്ദേഹം പറയുന്നു. "പ്രൊഫസറാണെങ്കിലും ഒരു വെൽഡറായി കൂടി ജോലി ചെയ്യുന്നു എന്നതിൽ എനിക്ക് യാതൊരു നാണക്കേടും തോന്നുന്നില്ല. വെൽഡിം​ഗിൽ നിന്നും ഞാൻ കൂടുതൽ പണം സമ്പാദിക്കുന്നുണ്ട്" എന്നാണ് അദ്ദേഹം ബിബിസിയോട് പറഞ്ഞത്. 

നൈജീരിയയിലെ ഏറ്റവും വലുതും പ്രശസ്തവുമായ സർവ്വകലാശാലകളിലൊന്നാണ് അഹ്മദു ബെല്ലോ യൂണിവേഴ്സിറ്റി. ഇവിടെ എഞ്ചിനീയറിംഗിൽ ​ഗവേഷണ വിദ്യാർത്ഥികളെ പഠിപ്പിക്കുകയും മേൽനോട്ടം വഹിക്കുകയും ചെയ്യുകയാണ് 50-കാരനായ കബീർ അബു ബിലാൽ. കഴിഞ്ഞ 18 വർഷമായി അദ്ദേഹം സർവകലാശാലയിൽ പഠിപ്പിക്കുന്നുണ്ട്. ഫിസിക്സിലും ഇലക്ട്രിക്കൽ എഞ്ചിനീയറിം​ഗിലും നിരവധി പുസ്തകങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. 

ബിരുദമുണ്ട് എന്നതുകൊണ്ടോ ഒരു ജോലിയുണ്ട് എന്നതുകൊണ്ടോ മറ്റെന്തെങ്കിലും സാധാരണ ജോലി ചെയ്യാൻ മടിക്കേണ്ടതില്ല എന്നാണ് ഈ അധ്യാപകൻ ബിരുദധാരികളോട് പറയുന്നത്. കൂടുതൽ പണം സമ്പാദിക്കണം എന്ന് തോന്നുന്നുണ്ടെങ്കിൽ, മറ്റെന്തെങ്കിലും ജോലിയോട് ഇഷ്ടമുണ്ടെങ്കിൽ അതുംകൂടി ചെയ്യുന്നതിൽ യാതൊരു പ്രശ്നവുമില്ല എന്നും അദ്ദേഹം പറയുന്നു. 

ഏകദേശം 20 വർഷം മുമ്പാണ് അദ്ദേഹം വെൽഡിം​ഗ് വർക്ക്ഷോപ്പ് ആരംഭിച്ചത്. ആദ്യം ചെറുതായി തുടങ്ങിയെങ്കിലും പിന്നീടത് വിപുലീകരിക്കുകയായിരുന്നു. 12 നും 20 നും ഇടയിൽ പ്രായമുള്ള 10 അപ്രൻ്റീസുകളുണ്ട് അദ്ദേഹത്തിന്റെ വർക്ക്ഷോപ്പിൽ. അവരെ അദ്ദേഹം തൊഴിൽ പരിശീലിപ്പിക്കുന്നു. അധ്യാപകർ സമരത്തിലായിരുന്ന കാലത്ത് പോലും തനിക്ക് പണത്തിന് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. അതിന് കാരണം ഈ വർക്ക്ഷോപ്പാണ് എന്നാണ് കബീർ പറയുന്നത്. ഇത്തരം ജോലികൾ ചെയ്യുന്നതിന് യാതൊരു മടിയും വിചാരിക്കേണ്ടതില്ല എന്നും അദ്ദേഹം പറയുന്നു. 

സ്റ്റൂട്ടേൺസ് നൈജീരിയ ഗ്രാജുവേറ്റ് റിപ്പോർട്ട് അനുസരിച്ച്, നൈജീരിയയിൽ 40% ബിരുദധാരികൾക്കും ജോലി ലഭിക്കുന്നില്ല എന്നാണ് പറയുന്നത്. 

വായിക്കാം: എല്ലാം ഒരു ജോലിക്ക് വേണ്ടി; അഭിമുഖത്തിൽ പങ്കെടുക്കാനെത്തിയത് 3000 പേർ, എഞ്ചിനീയർമാരുടെ നീണ്ടനിര, വീഡിയോ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios