ബെംഗളൂരുവിൽ രണ്ട് മാസം താമസിച്ച ശേഷം മുംബൈയിലെ മനുഷ്യരുടെ കരുതൽ മിസ്സ് ചെയ്യുന്നുവെന്ന് പറയുകയാണ് ഒരു യുവാവ്. എക്സില്‍ (ട്വിറ്റര്‍) ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്. 

ഇന്ത്യയിലെ പ്രധാനപ്പെട്ട രണ്ട് മെട്രോ നഗരങ്ങളാണ് മുംബൈയും ബെംഗളൂരുവും. ഇവ തമ്മിലുള്ള താരതമ്യങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. ട്രാഫിക്കും കാലാവസ്ഥയും ഒക്കെ അതിൽ പെടുന്നു. എന്നാൽ, ഇപ്പോൾ ചർച്ചയാകുന്നത് നഗരത്തിലെ ആളുകളുടെ ഇടപെടലുകളെ കുറിച്ചാണ്. രണ്ട് മാസം ബെംഗളൂരുവിൽ താമസിച്ച ശേഷം മുംബൈയിലെ മനുഷ്യരെ മിസ്സ് ചെയ്യുന്നു എന്നാണ് കുറിപ്പിൽ പറയുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൂബേഷ് എന്ന യുവാവാണ് എക്സി (ട്വിറ്റർ) ൽ തന്റെ അനുഭവം പങ്കുവെച്ചത്. ബെംഗളൂരുവിൽ ഓരോ ചെറിയ കാര്യങ്ങൾക്കും വിലപേശേണ്ടി വരുന്ന സാഹചര്യം തന്നെ മടുപ്പിക്കുന്നു എന്നാണ് യുവാവ് പറയുന്നത്. ബെംഗളൂരുവിൽ ഓട്ടോ ഡ്രൈവർമാരോടോ, വീട് മാറാൻ സഹായിക്കുന്ന പാക്കേഴ്സിനോടോ, പഴയ വാടകക്കാരോടോ സംസാരിക്കുമ്പോൾ പോലും നമ്മളിൽ നിന്ന് എന്തെങ്കിലും നേടിയെടുക്കാൻ അവർ ശ്രമിക്കുന്നതായി തോന്നുന്നു എന്നാണ് യുവാവിന്റെ ആരോപണം.

അതുപോലെ, മുംബൈയിൽ ഒരു ടാക്സിയിൽ കയറുമ്പോൾ ചൂട് കൂടുതലാണെങ്കിൽ ഡ്രൈവർ ചോദിക്കാതെ തന്നെ എസി ഓൺ ചെയ്യും. എന്നാൽ, ബെംഗളൂരുവിൽ ഇതെന്തോ ഔദാര്യം ചോദിക്കുന്നതുപോലെ അപേക്ഷിക്കേണ്ടി വരുന്നു എന്നും പോസ്റ്റിൽ പൂബേഷ് കുറിച്ചിരിക്കുന്നു. പോസ്റ്റ് വൈറലായി മാറിയതോടെ നിരവധിപ്പേരാണ് പ്രതികരണങ്ങളുമായി എത്തിയത്.

Scroll to load tweet…

മുംബൈ നഗരം ആളുകളെ സ്നേഹിക്കുന്ന ന​ഗരമാണ് എന്നാണ് ചിലർ കുറിച്ചത്. എന്നാൽ, ഓരോ നഗരത്തിനും അതിന്റേതായ രീതികളുണ്ടെന്നും സാഹചര്യങ്ങൾക്കനുസരിച്ച് ഓരോരുത്തരുടെയും ഓരോ അനുഭവങ്ങളും വ്യത്യസ്തമായിരിക്കും എന്നുമാണ് മറ്റ് ചിലർ പ്രതികരിച്ചത്. 'മുംബൈയിൽ നല്ല പെരുമാറ്റമുണ്ടാവാൻ നിങ്ങൾ അവിടുത്തെ ആളാവണമെന്നോ പണക്കാരനാവണമെന്നോ ഇല്ല, അവർ സ്വഭാവം കൊണ്ട് നല്ലവരാണ്' എന്നാണ് ഒരാൾ കമന്റ് ചെയ്തത്. എന്നാൽ, ബെംഗളൂരു പുതിയ മാറ്റങ്ങളിലൂടെ കടന്നുപോവുകയാണെന്നും നഗരത്തിന്റെ വൈബ് മനസ്സിലാക്കാൻ സമയം വേണമെന്നുമാണ് മറ്റ് ചിലർ പറഞ്ഞത്.