താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ധനസഹായ വിതരണം തുടരാനാണ് ലോകബാങ്ക് അടക്കമുള്ള ഏജന്‍സികളുടെ തീരുമാനം. താലിബാന്റെ വരവിനെ തുടര്‍ന്ന് മരവിപ്പിച്ച 280 മില്യന്‍ ഡോളറിന്റെ ധനസഹായം യു എന്‍ ഏജന്‍സികള്‍ക്ക് കൈമാറുമെന്ന് ലോകബാങ്ക് സമ്മതിച്ചു.
സാമ്പത്തിക തകര്‍ച്ച (Financial crisis) സൃഷ്ടിച്ച ദാരിദ്ര്യവും വരള്‍ച്ചമൂലമുള്ള പട്ടിണിയും വ്യാപകമാവുന്നതിനിടെ അഫ്ഗാനിസ്താനുള്ള (Afghanistan) സാമ്പത്തിക സഹായം തുടരാന്‍ ആഗോള ഫണ്ടിംഗ് ഏജന്‍സികളുടെ (Global Funding agencies) തീരുമാനം. താലിബാന്‍ (Taliban) അഫ്ഗാന്‍ പിടിച്ചടക്കിയതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ധനസഹായ വിതരണം തുടരാനാണ് ലോകബാങ്ക് (World Bank) അടക്കമുള്ള ഏജന്‍സികളുടെ തീരുമാനം. താലിബാന്റെ വരവിനെ തുടര്‍ന്ന് മരവിപ്പിച്ച 280 മില്യന്‍ ഡോളറിന്റെ ധനസഹായം യു എന്‍ ഏജന്‍സികള്‍ക്ക് കൈമാറുമെന്ന് ലോകബാങ്ക് സമ്മതിച്ചു. ലോകബാങ്കിന്റെ നിയന്ത്രണത്തിലുള്ള 'അഫ്ഗാനിസ്താന്‍ പുനര്‍നിര്‍മാണ ട്രസ്റ്റ് ഫണ്ട്' അഫ്ഗാനിസ്താനില്‍ ഭക്ഷണ വിതരണം നടത്തുന്ന ലോക ഭക്ഷ്യ പദ്ധതി, യുനിസെഫ് എന്നീ യു എന്‍ ഏജന്‍സികള്‍ക്ക് കൈമാറുമെന്നാണ് ലോകബാക്് വ്യക്തമാക്കിയത്. യുനിസെഫിന് 100 മില്യന്‍ ഡോളറും ലോക ഭക്ഷ്യപദ്ധതിക്ക് 180 മില്യന്‍ ഡോളറും കൈമാറുമെന്ന് ലോകബാങ്ക് വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.
താലിബാന്‍ അധികാരത്തില്‍ എത്തിയതിനെ തുടര്‍ന്ന് അമേരിക്കയും മറ്റ് രാജ്യങ്ങളും 10 ബില്യന്‍ ഡോളറിന്റെ അഫ്ഗാന്‍ കരുതല്‍ ധനശേഖരം മരവിപ്പിച്ചിരുന്നു. വിദേശത്തുനിന്നുള്ള ധനസഹായം കൊണ്ട് മുന്നോട്ടുപോയിരുന്ന അഫ്ഗാനിസ്താനും ഫണ്ടിംഗ് ഏജന്‍സികളുമായുള്ള ബന്ധം ഇല്ലാതാക്കാന്‍ ലോകബാങ്ക്, അന്താരാഷ്ട്ര നാണ്യ നിധി എന്നീ ഏജന്‍സികളും തീരുമാനം എടുത്തിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ചയെ തുടര്‍ന്ന് ഭക്ഷ്യപ്രതിസന്ധിയിലായിരുന്ന അഫ്ഗാനിസ്താന്‍ ഇതോടെ പട്ടിണിയിലേക്ക് വഴുതിവീഴുകയായിരുന്നു. താലിബാന്‍ ഭരണത്തെ തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രതിസന്ധിയും ഈ സാഹചര്യം വഷളാക്കി. ദൈനംദിന ചെലവുകള്‍ക്കായി വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായത്തെ ആശ്രയിച്ചിരുന്ന അഫ്ഗാനിസ്താന്‍ ഇതോടെ ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തുകയായിരുന്നു.
...................................
Read More: ഇരട്ടക്കുഞ്ഞുങ്ങളിലൊന്നിനെ 8000 -ത്തിൽ താഴെ രൂപയ്ക്ക് വിറ്റ് അഫ്ഗാനിലെ അമ്മ
...................................
ആഗോളതലത്തിലുള്ള ശ്രമങ്ങള്‍ ഉണ്ടായില്ലെങ്കില്‍, അഫ്ഗാനിസ്താനില്‍ പിഞ്ചുകുഞ്ഞുങ്ങള്‍ അടക്കം ലക്ഷക്കണക്കിനാളുകള്‍ പട്ടിണി കിടന്ന് മരിക്കുമെന്ന് ഐക്യരാഷ്ട്ര സഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകത്തെ ഏറ്റവും വലിയ മാനുഷിക ദുരന്തമാണ് അഫ്ഗാനിസ്താനില്‍ സംഭവിക്കുന്നതെന്ന് ലോക ഭക്ഷ്യ പദ്ധതി എക്സിക്യൂട്ടീവ് ഡയരക്ടര്‍ ഡേവിഡ് ബീസ്ലിയും പറഞ്ഞിരുന്നു. താലിബാന്‍ വന്നതിനു ശേഷമുള്ള പ്രതിസന്ധിക്കിടെ രാജ്യാന്തര സമൂഹം മരവിപ്പിച്ച അഫ്ഗാന്‍ സ്വത്തുക്കള്‍ അടിയന്തിരമായി വിതരണം ചെയ്യണമെന്ന് യു എന്‍ രാജ്യാന്തര സമൂഹത്തോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
3.9 കോടിയാണ് അഫ്ഗാനിസ്താനിലെ ജനസംഖ്യ. ഇതില്‍ 2.2 കോടി ആളുകള്‍ പട്ടിണിയുടെ വക്കത്താണിപ്പോള്‍. 1.4 കോടി ജനങ്ങള്‍ ആയിരുന്നു നേരത്തെ ദാരിദ്ര്യ രേഖയ്ക്കു താഴെ ഉണ്ടായിരുന്നത്.
ഓഗസ്ത് മാസം താലിബാന്‍ അധികാരം പിടിച്ചശേഷമാണ് അഫ്ഗാനിസ്താന്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് വഴുതിയത്. വിദേശരാജ്യങ്ങളുടെ സാമ്പത്തിക സഹായത്തോടെ നടന്നുവന്ന ക്ഷേമപ്രവര്‍ത്തനങ്ങളായിരുന്നു അതു വരെ അഫ്ഗാനിസ്താനെ നിലനിര്‍ത്തിയത്. താലിബാന്‍ വന്നതോടെ വിദേശരാജ്യങ്ങള്‍ സഹായം മുടക്കി. ഇതോടെ പ്രതിസന്ധി ഗുരുതരമായി. താലിബാന്‍ വരുന്നതിനു മുമ്പു തന്നെ കടുത്ത വരള്‍ച്ച കാരണം അഫ്ഗാന്‍ ഭക്ഷ്യ പ്രതിസന്ധിയിലായിരുന്നു. പുതിയ സാഹചര്യത്തില്‍ അത് വീണ്ടും രൂക്ഷമായി. വിദേശത്തുണ്ടായിരുന്ന അഫ്ഗാന്റെ സമ്പത്ത് മരവിപ്പിക്കുകയും ചെയ്തതോടെ പട്ടിണി അതിവേഗം രാജ്യത്തെ വിഴുങ്ങി.
23 ലക്ഷം പേര്‍ക്ക് ഭക്ഷണം അടക്കം വിതരണം ചെയ്യുന്നതിന് പ്രതിദിനം 220 മില്യന്‍ ഡോളര്‍ ആവശ്യമാണെന്നാണ് ലോക ഭക്ഷ്യ പദ്ധതിയുടെ കണക്ക്. അഫ്ഗാനിസ്താനിലെ പട്ടിണിയെക്കുറിച്ചുളള വാര്‍ത്തകള്‍ വ്യാപകമായതിനിടെയാണ് ലോകബാങ്ക് നിര്‍ത്തിവെച്ച ധനസഹായം തുടരാനുള്ള തീരുമാനം എടുത്തത്. എങ്കിലും, ഈ തുകകൊണ്ടു മാത്രം അഫ്ഗാനിസ്താന്റെ പ്രതിസന്ധി പരിഹാരിക്കാനാവില്ലെന്നാണ് സൂചനകള്‍. അഫ്ഗാന്റെ കരുതല്‍ ധനം മരവിപ്പിച്ച നടപടി അമേരിക്കയും മറ്റു വന്‍കിട രാജ്യങ്ങളും ഉടനടി റദ്ദാക്കിയാല്‍ മാത്രമേ പ്രശ്നപരിഹാരത്തിന് വഴി തെളിയൂ എന്നാണ് യു എന്‍ ഏജന്‍സികള്‍ പറയുന്നത്.
