ജനനസമയത്തെ ജെൻഡർ അടിസ്ഥാനമാക്കി മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കാവൂ എന്ന നിബന്ധന ചൂണ്ടിക്കാട്ടിയാണ് അയോഗ്യയാക്കിയത്.
ടെക്സാസിൽ വെച്ച് നടന്ന സ്ട്രോങ്മാൻ ഗെയിംസ് ലോക ചാമ്പ്യൻഷിപ്പിലെ സ്ത്രീകളുടെ വിഭാഗത്തിലെ വിജയി ജാമി ബൂക്കറിന് നൽകിയ കിരീടം പിൻവലിച്ചു. ജനനസമയത്തെ രേഖകളിൽ പുരുഷൻ എന്ന് രേഖപ്പെടുത്തിയത് കണ്ടെത്തിയതിനെത്തുടർന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള നടപടി. വുമൺസ് ഓപ്പൺ വിഭാഗത്തിൽ ആൻഡ്രിയ തോംസണെ നേരിയ വ്യത്യാസത്തിൽ പരാജയപ്പെടുത്തിയതിനെ തുടർന്നാണ് ജാമി ബൂക്കറിനെ ആദ്യം ചാമ്പ്യനായി പ്രഖ്യാപിച്ചത്. മത്സരം കഴിഞ്ഞതിന് തൊട്ടുപിന്നാലെ സംഘാടകർ ജാമി ബൂക്കറിനെ അയോഗ്യയായി പ്രഖ്യാപിക്കുകയായിരുന്നു. ജാമിയുടെ ജനനസമയത്തെ രേഖകളിൽ ജെന്റർ പുരുഷൻ എന്നാണ് രേഖപ്പെടുത്തിയത് എന്ന് സംഘാടകർ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
ജനനസമയത്തെ ജെൻഡർ അടിസ്ഥാനമാക്കി മാത്രമേ മത്സരങ്ങളിൽ പങ്കെടുക്കാവൂ എന്ന നിബന്ധന ചൂണ്ടിക്കാട്ടിയാണ് അയോഗ്യയാക്കിയത്. തങ്ങൾക്ക് ബൂക്കറുടെ പശ്ചാത്തലം അറിയില്ലായിരുന്നു എന്നും, അറിഞ്ഞിരുന്നെങ്കിൽ വനിതകളുടെ ഓപ്പൺ വിഭാഗത്തിൽ മത്സരിക്കാൻ അനുവദിക്കില്ലായിരുന്നു എന്നും പ്രസ്താവനയിൽ സംഘാടകസമിതി വിശദീകരിച്ചു. മത്സരത്തിൽ പങ്കെടുക്കുന്ന ആരെയും യാതൊരുതരത്തിലും വേർതിരിച്ചു കാണാൻ സംഘാടകസമിതി ആഗ്രഹിക്കുന്നില്ല. എന്നാൽ ജനനസമയത്ത് അവർക്ക് രേഖപ്പെടുത്തിയ ജെൻഡർ എന്താണോ അതിനെ അടിസ്ഥാനപ്പെടുത്തി മാത്രമാണ് വനിത- പുരുഷ മത്സരങ്ങൾ നടത്തുന്നത് എന്ന് സമിതി വിശദീകരിച്ചു.
ബൂക്കർ അയോഗ്യയായി പ്രഖ്യാപിക്കപ്പെട്ടതോടെ വനിതാ വിഭാഗത്തിലെ എല്ലാ കായിക താരങ്ങളുടെയും റാങ്കിങുകളും പോയിന്റുകളും പുതുക്കി നിശ്ചയിച്ചു. അതോടെ ആൻഡ്രിയ തോംസൺ ഔദ്യോഗികമായി 2025 -ലെ ലോകത്തിലെ ഏറ്റവും ശക്തയായ വനിതയായി പ്രഖ്യാപിക്കപ്പെട്ടു. ഓസ്‌ട്രേലിയൻ മത്സരാർത്ഥിയായ അല്ലിറ-ജോയ് കൗലിക്ക് രണ്ടാം സ്ഥാനവും ലഭിച്ചു. എന്തായാലും സംഭവം പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരിക്കുകയാണ്. ശക്തിയെ അടിസ്ഥാനമാക്കിയുള്ള കായിക വിനോദങ്ങളിൽ യോഗ്യത, മാനദണ്ഡങ്ങൾ, നിലവിലെ നിയമങ്ങൾ എന്നിവയിൽ തിരുത്തപ്പെടലുകളുടെ ആവശ്യകതയെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നു.


