ഹരിയാനയിൽ ദുഷ്യന്ത് ചൗട്ടാലയുടെ ജൻനായക് ജനതാ പാർട്ടിയുമായി കൂട്ടുകക്ഷി സർക്കാരുണ്ടാക്കാനുള്ള തീരുമാനം ബിജെപി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ദില്ലിയിലെ തിഹാർ ആശ്രമത്തിലും സന്തോഷാരവങ്ങൾ ഉയർന്നു. ആശ്രമം എന്ന് കേൾക്കുമ്പോൾ തെറ്റിദ്ധാരണ വേണ്ട, തിഹാർ ഇപ്പോൾ പണ്ടത്തെ തിഹാർ ജയിലല്ല, തിഹാർ ആശ്രമമാണ്. ഒരു പക്ഷേ, ഇന്ത്യയിലെ ഏറ്റവും ഹൈപ്രൊഫൈൽ ജയിൽ തന്നെയാണ് തിഹാർ. അണ്ണാ ഹസാരെ തൊട്ടിങ്ങോട്ട് ഡികെ ശിവകുമാർ, ചിദംബരം, കനയ്യാ കുമാർ, സഞ്ജയ്‌ ഗാന്ധി, എ രാജ തുടങ്ങി നൊബേൽ സമ്മാന ജേതാവായ അഭിജിത് ബാനർജി വരെ കിടന്നിട്ടുണ്ട് തീഹാറിന്റെ ചുവരുകൾക്കുള്ളിൽ.

 അവിടെ ഹരിയാനയിലെ മന്ത്രിസഭാ തീരുമാനമറിഞ്ഞപ്പോൾ ആഘോഷങ്ങൾ തുടങ്ങാൻ കാരണമുണ്ട്. അവിടെയാണ് നിയുക്ത ഹരിയാനാ ഉപമുഖ്യമന്ത്രി ദുഷ്യന്ത് ചൗട്ടാലയുടെ അച്ഛൻ അജയ് ചൗട്ടാല ഇപ്പോൾ കഴിയുന്നത്. അജയ് ചൗട്ടാല മാത്രമല്ല, അച്ഛൻ ഓംപ്രകാശ് ചൗട്ടാലയും അവിടെത്തന്നെയാണ്. ഇരുവരെയും സുപ്രീം കോടതി 2008-ൽ 3000 സ്‌കൂൾ ടീച്ചർമാരുടെ നിയമനത്തിൽ നടത്തിയ അഴിമതിയുടെ പേരിൽ പത്തുവർഷത്തേക്ക് കഠിനതടവിന് ശിക്ഷിച്ചിരിക്കുകയാണ്. അജയ് ചൗട്ടാലയ്ക്ക് ഞായറാഴ്ച മുതൽ രണ്ടാഴ്ചത്തെ  പരോൾ അനുവദിച്ചിരിക്കുകയാണ് കോടതി. 

ദേവിലാൽ, മകൻ ഓംപ്രകാശ് ചൗട്ടാല, കൊച്ചുമക്കൾ അജയ്, അഭയ് ചൗട്ടാല, നിൽക്കുന്നതിൽ ഇടത്തേയറ്റം ദുഷ്യന്ത് ചൗട്ടാല  

"ജയിൽ ചട്ടങ്ങൾ അനുസരിച്ചുകഴിഞ്ഞുകൂടുന്ന തടവുകാർക്ക് അവരുടെ നല്ലനടപ്പിന്റെ പേരിൽ വർഷത്തിൽ 7  ആഴ്ച  പരോൾ കിട്ടാനുള്ള അർഹതയുണ്ട്. അജയ് ചൗട്ടാല വളരെ കൃത്യമായി ജയിൽ ചട്ടങ്ങൾ പാലിച്ചുപോരുന്ന ഒരു തടവുപുള്ളിയാണ്. അദ്ദേഹത്തിന് ഈ വർഷം ബാക്കിയുള്ള പതിനാലു ദിവസത്തെ പരോളാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. " തിഹാർ ജയിൽ അധികൃതർ ഇന്ത്യാ ടുഡേയോട് പറഞ്ഞു. 

ബിജെപിക്ക് പിന്തുണ പ്രഖ്യാപിക്കും മുമ്പ് അച്ഛനെ ജയിൽ ചെന്നുകണ്ട് അനുഗ്രഹം വാങ്ങിയിരുന്നു മകൻ ദുഷ്യന്ത് ചൗട്ടാല. എന്തായാലും പരോൾ കൂടി അനുവദിച്ചുകിട്ടിയതോടെ മകന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ അജയ് ചൗട്ടാലക്ക് കുടുംബത്തോടൊപ്പം പങ്കുചേരാം. ഒരു മാസത്തെ പരോൾ കഴിഞ്ഞ് തിഹാറിലേക്ക് തിരിച്ചെത്തിയ മുത്തച്ഛൻ ഓംപ്രകാശ് ചൗട്ടാലക്ക് ചടങ്ങുകളിൽ പങ്കുചേരാനാകില്ല എന്നൊരു വിഷമം മാത്രമേ സത്യപ്രതിജ്ഞാ വേളയിൽ ചൗട്ടാല കുടുംബത്തെ അലട്ടാനിടയുള്ളൂ.