കാരാ റോബിന്‍സണ്‍ ഷാമ്പെര്‍ലെയിന്‍ അതാണവളുടെ പേര്. സൗത്ത് കരോലിനയിലെ കൊളംബിയയിലുള്ള മുപ്പത്തിനാലുകാരി. പതിനഞ്ചാമത്തെ വയസ്സില്‍ ഒരു സീരിയല്‍ കില്ലര്‍ അവളെ തട്ടിക്കൊണ്ടുപോയി. എന്നാല്‍, ഭാഗ്യത്തിന് അവള്‍ക്ക് അവിടെനിന്നും രക്ഷപ്പെടാനായി. ഇന്നവര്‍ തന്‍റെ അനുഭവങ്ങളും സുരക്ഷയെ കുറിച്ചുള്ള കാര്യങ്ങളുമെല്ലാം ടിക്ടോക്കിലൂടെ മറ്റുള്ളവരുമായി പങ്കുവയ്ക്കുകയാണ്. 

2002 ജൂണ്‍ 24 -ന് കാരാ തന്‍റെ സുഹൃത്തിന്‍റെ വീടിന്‍റെ മുറ്റത്ത് ചെടിക്ക് വെള്ളം നനച്ചുകൊണ്ടിരിക്കുകയായിരുന്നു. സുഹൃത്ത് വീടിനകത്ത് കുളിക്കുകയും. ആ സമയത്താണ് അപരിചിതനായ ഒരാള്‍ വഴിയില്‍ പ്രവേശിക്കുന്നതും അവളോട് കുറച്ച് മാസികകള്‍ നല്‍കാമോ എന്നും ചോദിക്കുന്നതും. എന്നാല്‍, പെട്ടെന്ന് തന്നെ അയാളുടെ ഭാവം മാറി. അയാള്‍ അവളുടെ കഴുത്തില്‍ ഒരു തോക്ക് വച്ചുകൊണ്ട് അവളെ അയാളുടെ കാറിലേക്ക് നയിക്കുകയും ചെയ്തു. 

അയാളവളെ ഒരു പ്ലാസ്റ്റിക് കണ്ടെയിനറിലാക്കി കാറിന്‍റെ പിന്‍വശത്തേക്കിട്ടു. അവളുടെ കയ്യും കാലും കെട്ടുകയും വാ മൂടുകയും ചെയ്തിരുന്നു. അതിനുശേഷം അയാള്‍ അവളെ അയാളുടെ അപാര്‍ട്‍മെന്‍റിലേക്ക് കൊണ്ടുപോയി. 18 മണിക്കൂറാണ് അയാള്‍ അവളെ അവിടെ പിടിച്ചുവച്ചത്. പിന്നീടവളെ തുടരെത്തുടരെ ശാരീരികമായി അക്രമിച്ചു. പിന്നീടാണ് തന്നെ തട്ടിക്കൊണ്ടുവന്നിട്ടുള്ള ആ അപരിചിതന്‍ റിച്ചാര്‍ഡ് ഇവോണിറ്റ്സ് എന്ന് പേരുള്ള ഒരു സീരിയല്‍ കില്ലറാണ് എന്ന് അവള്‍ക്ക് മനസിലാവുന്നത്. 

കാരാ അവളെ അയാള്‍ തട്ടിക്കൊണ്ടുവന്ന് പാര്‍പ്പിച്ചിരിക്കുന്ന സ്ഥലത്തെ കുറിച്ചും അയാളെ കുറിച്ചും അവള്‍ക്ക് പറ്റാവുന്നതെല്ലാം മനസിലാക്കി. അവള്‍ അയാള്‍ക്ക് വന്ന പോസ്റ്റുകളും മറ്റും വായിച്ചുനോക്കി. അയാളുടെ ഡോക്ടറാരാണ് എന്നും ഡെന്‍റിസ്റ്റ് ആരാണെന്നും മനസിലാക്കി. പിറ്റേന്ന് രാവിലെ അയാള്‍ ഉറങ്ങിക്കിടക്കുമ്പോള്‍ അവള്‍ മുന്‍വശത്തെ വാതിലില്‍ക്കൂടി ഓടിരക്ഷപ്പെട്ടു. അതുവഴിപോയ ഒരു കാര്‍ കൈകാട്ടി നിര്‍ത്തി. അതിലുണ്ടായിരുന്നവരോട് തന്നെ റിച്ചാര്‍ഡ് കൗണ്ടിയിലെ ഷെരീഫിന്‍റെ അടുത്തെത്തിക്കാമോ എന്ന് ചോദിച്ചു. ആ സമയത്ത് ഇവോണിറ്റ്സ് ഫ്ലോറിഡയിലേക്ക് രക്ഷപ്പെട്ടിരുന്നു. പൊലീസ് വളഞ്ഞതിനെ തുടര്‍ന്ന് അവിടെവച്ച് അയാള്‍ ആത്മഹത്യ ചെയ്തു. പിന്നീടാണ് പ്രായപൂര്‍ത്തിയാവാത്ത മൂന്ന് പെണ്‍കുട്ടികളെ കൊലപ്പെടുത്തിയ ആളാണ് ഇവോണിറ്റ്സ് എന്ന് പൊലീസിന് മനസിലാവുന്നത്. 

തന്നെ തട്ടിക്കൊണ്ടുപോയശേഷമുള്ള വേനല്‍ കഴിഞ്ഞയുടനെ അവള്‍ റിച്ചാര്‍ഡ് കൗണ്ടിയിലെ ഷെരീഫിന്‍റെ ഡിപാര്‍ട്‍മെന്‍റുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചു തുടങ്ങി. ഹൈസ്‍കൂള്‍, കോളേജ് കാലത്തെല്ലാം അവള്‍ ഇരകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ഡിപാര്‍ട്മെന്‍റിലും ഡിഎന്‍എ ലാബിലും പ്രവര്‍ത്തിച്ചു. പിന്നീടവള്‍ പൊലീസ് അക്കാദമിയില്‍ ചേര്‍ന്നു. പിന്നീട് കുറച്ചുകാലം ഒരു സ്‍കൂളില്‍ റിസോഴ്സ് ഓഫീസറായി ജോലി ചെയ്തു. പിന്നീട്, ശാരീരികാതിക്രമങ്ങള്‍, കുട്ടികള്‍ക്ക് നേരെയുള്ള ചൂഷണങ്ങള്‍ ഇവയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അന്വേഷണവിഭാഗത്തില്‍ ജോലി ചെയ്തു. 

ഇന്ന് കാര ഒരു മോട്ടിവേഷണല്‍ സ്‍പീക്കറാണ്. ലോകത്തിലാകെയുള്ള ആയിരക്കണക്കിന് ആളുകളോട് അവള്‍ സംവദിക്കുന്നു. എങ്ങനെയാണ് ഒരു സംഭവം മനുഷ്യരെ അഗാധമായി വേദനയിലാഴ്ത്തുന്നതെന്നും അതില്‍നിന്നും എങ്ങനെ പുറത്തുകടക്കാമെന്നുമെല്ലാം അവള്‍ പറയുന്നു. ഒപ്പം ടിക്ടോക്കിലൂടെതന്നെ തന്‍റെ ഫോളോവേഴ്സ് ചോദിക്കുന്ന ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയും ചെയ്യുന്നു. 

ഉദാഹരണത്തിന് തോക്ക് ചൂണ്ടി ഒരാള്‍ എങ്ങോട്ടെങ്കിലും പോവാന്‍ ആജ്ഞാപിച്ചാല്‍ എന്ത് ചെയ്യും എന്ന ചോദ്യത്തിന് കാരായുടെ ഉത്തരം ഇങ്ങനെയാണ്, 'ഒന്നാമതായി, തോക്ക് ചൂണ്ടി അപരിചിതര്‍ ആളുകളെ തട്ടിക്കൊണ്ടുപോവുന്നത് അത്ര സാധാരണമല്ല. രണ്ടാമതായി, അങ്ങനെ സംഭവിച്ചാല്‍ നിങ്ങള്‍ കരയുകയോ, ശബ്‍ദമുണ്ടാക്കുകയോ, ഓടുകയോ ചെയ്‍താല്‍ അയാള്‍ നിങ്ങളെ പിന്തുടരില്ല. പ്രത്യേകിച്ച്, ആളുകള്‍ ഒരുപാട് താമസിക്കുന്ന സ്ഥലങ്ങളിലാണെങ്കില്‍. എന്നാല്‍, എല്ലാ സമയത്തും അങ്ങനെ സംഭവിക്കണമെന്നില്ല. ചില സമയത്ത് അവര്‍ നിങ്ങളെ വെടിവയ്ക്കുകയോ, നിങ്ങളെ പിന്തുടരുകയോ ഒക്കെ ചെയ്യാം. അന്ന് ഞാന്‍ ശബ്ദം വയ്ക്കുകയോ നിലിവിളിക്കുകയോ ചെയ്തിരുന്നുവെങ്കില്‍ അയാളെന്നെ തട്ടിക്കൊണ്ടുപോകുമായിരുന്നില്ല. അതെനിക്കറിയാം. എന്നാല്‍, നിങ്ങളുടെ തലയ്ക്ക് മുകളില്‍ ഒരായുധമുണ്ടെങ്കില്‍ അങ്ങനെ എന്തെങ്കിലും ചെയ്യുക പ്രയാസമാണ്.' ഏതായാലും കാരായ്ക്ക് ഒരുപാട് ഫോളോവേഴ്സുണ്ട്. പലരും അവളുമായി സംവദിക്കുകയും അവളെ അഭിനന്ദിക്കുകയും ചെയ്യുന്നു.