അങ്ങനെ കിന്റർഗാർട്ടനിലെ ടീച്ചർ വഴി ഷെങ്ങ് അവളുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. ആ സമയത്ത് അവൾക്കും പ്രേമമൊന്നും ഇല്ലായിരുന്നു. അങ്ങനെ ഇരുവരും വീണ്ടും കണ്ടുമുട്ടി.
അതിമനോഹരമായ പല പ്രണയകഥകളും നമ്മൾ കേട്ടിട്ടുണ്ടാവും. വളരെ ചെറുപ്പത്തിൽ തന്നെ പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയും ചെയ്യുന്നവരുണ്ട്. ചെറുപ്പത്തിലെ അറിയാമെങ്കിലും പ്രണയത്തിലാവാതെ തന്നെ മുതിരുമ്പോൾ വിവാഹിതരാവുന്നവരും ഉണ്ട്. എന്തായാലും, എല്ലാത്തിനേയും കടത്തിവെട്ടുന്ന ഒരു പ്രണയകഥയാണ് ഇത്.
കിന്റർഗാർട്ടനിലെ സ്കൂൾ നാടകത്തിൽ ഭാര്യയും ഭർത്താവുമായി അഭിനയിച്ച രണ്ടുപേർ 20 വർഷത്തിനിപ്പുറം വിവാഹിതരായി. സൗത്ത് ചൈന മോർണിംഗ് പോസ്റ്റാണ് ഈ മനോഹരമായ വാർത്ത ഷെയർ ചെയ്തിരിക്കുന്നത്.
ജനുവരി 7 -നാണ് ഗ്വാങ്‌ഡോംഗ് പ്രവിശ്യയിലെ ചാവോസൗവിൽ വെച്ച് ഷെങ് എന്ന യുവാവും വർഷങ്ങൾക്ക് മുമ്പ് ഒപ്പം നാടകത്തിൽ തന്റെ ഭാര്യയായി അഭിനയിച്ച പെൺകുട്ടിയും തമ്മിലുള്ള വിവാഹം നടന്നത്.
ഇരുവരും ഒരിക്കൽ ഒരേ കിൻ്റർഗാർട്ടനിൽ വ്യത്യസ്ത ഗ്രേഡുകളിൽ പഠിച്ചിരുന്നവരാണ്. എന്തായാലും, കിന്റർഗാർട്ടൻ കഴിഞ്ഞതോടെ ഇരുവരും വേറെ വെറെ സ്കൂളിലാണ് ചേർന്നത്. അതോടെ ഇരുവരും തമ്മിലുള്ള കോണ്ടാക്ടും ഇല്ലാതായി. എന്നാൽ, 2022 -ൽ ഷെങ്ങിന്റെ കിന്റർഗാർട്ടനിൽ നിന്നുള്ള സുഹൃത്ത് നാടകത്തിന്റെ വീഡിയോ ഷെയർ ചെയ്തത് ഇരുവരും തമ്മിൽ വീണ്ടും കണ്ടുമുട്ടാനുള്ള കാരണമായിത്തീർന്നു.
ഷെങ്ങിന്റെ അമ്മയാണത്രെ ഷെങ്ങിനോട് പറയുന്നത്, ആ ഭാര്യയായി അഭിനയിച്ച പെൺകുട്ടിക്ക് മറ്റ് പ്രേമമൊന്നും ഇല്ലെങ്കിൽ നിങ്ങൾക്ക് രണ്ടുേപർക്കും ഡേറ്റ് ചെയ്ത് നോക്കിക്കൂടേ എന്ന്.
അങ്ങനെ കിന്റർഗാർട്ടനിലെ ടീച്ചർ വഴി ഷെങ്ങ് അവളുടെ നമ്പർ സംഘടിപ്പിച്ച് വിളിച്ചു. ആ സമയത്ത് അവൾക്കും പ്രേമമൊന്നും ഇല്ലായിരുന്നു. അങ്ങനെ ഇരുവരും വീണ്ടും കണ്ടുമുട്ടി. അപ്പോൾ തന്നെ തങ്ങൾ ഇരുവരും പ്രണയത്തിലായി എന്നും നേരത്തെ വിളിക്കാനോ കാണാനോ പ്രണയിക്കാനോ തോന്നാത്തതിൽ നിരാശപോലും തോന്നി എന്നുമാണ് ഇരുവരും പറയുന്നത്.
എന്തായാലും, ഇരുവരുടേയും നാടകത്തിൽ നിന്നുള്ള വീഡിയോ ചൈനയിലെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്രെ. ഇവരുടെ ഈ വ്യത്യസ്തമായ പ്രണയകഥയ്ക്ക് ഒരുപാട് ആരാധകരാണ് ഇപ്പോൾ ഉള്ളത്.
