Asianet News MalayalamAsianet News Malayalam

ആരുമറിയാത്ത മരണങ്ങൾ, ജപ്പാനിൽ തനിച്ച് കഴിയവെ മരിച്ചത് 40,000 പേർ, മൃതദേഹം കണ്ടെത്തുന്നത് മാസങ്ങൾക്ക് ശേഷം

ഈ 40,000 -ത്തിൽ 4000 -ത്തോളം പേരുടെ മൃതദേഹം കണ്ടെത്തുന്നത് അവർ മരിച്ച് ഒരു മാസത്തിന് ശേഷമാണത്രെ. ഏകദേശം 130 പേരുടെ മൃതദേഹങ്ങൾ ഒരു വർഷത്തോളം ആരുടെയും ശ്രദ്ധയിൽ‌ പെട്ടില്ലെന്നും പറയുന്നു.

Kodokushi lonely death in japan 40000 people living alone found dead in 2024
Author
First Published Sep 1, 2024, 10:23 AM IST | Last Updated Sep 1, 2024, 10:23 AM IST

ജപ്പാനിൽ ഏകാന്തമരണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ഈ വർഷം തന്നെ ആദ്യ പകുതിയായപ്പോഴേക്കും 40,000 പേർ ഇങ്ങനെ മരണപ്പെട്ടു എന്നാണ് നാഷണൽ പൊലീസ് ഏജൻസിയുടെ റിപ്പോർട്ടുകൾ പറയുന്നത്. 

നേരത്തെ തന്നെ ജപ്പാനിൽ തനിച്ച് താമസിക്കുന്നവർ മരിക്കുന്നതുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചർച്ചയായിട്ടുണ്ട്. മരിച്ചത് മിക്കവാറും ആരും അറിയാറില്ല എന്നും റിപ്പോർട്ടുകൾ പറയുന്നു. മാസങ്ങൾ കഴിഞ്ഞ് മൃതദേഹം കണ്ടെത്തുന്ന സംഭവവും ഒരു വർഷം കഴിഞ്ഞ് മൃതദേഹങ്ങൾ കണ്ടെത്തുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 

നാഷണൽ പൊലീസ് ഏജൻസിയുടെ റിപ്പോർട്ട് അനുസരിച്ച്, ഈ 40,000 -ത്തിൽ 4000 -ത്തോളം പേരുടെ മൃതദേഹം കണ്ടെത്തുന്നത് അവർ മരിച്ച് ഒരു മാസത്തിന് ശേഷമാണത്രെ. ഏകദേശം 130 പേരുടെ മൃതദേഹങ്ങൾ ഒരു വർഷത്തോളം ആരുടെയും ശ്രദ്ധയിൽ‌ പെട്ടില്ലെന്നും പറയുന്നു. ഇങ്ങനെ മരിച്ചവരിൽ ഏറെയും 65 വയസ്സും അതിന് മുകളിൽ പ്രായമുള്ളവരുമാണ്. 

കൊഡോകുഷി (Kodokushi) എന്നാണ് ജപ്പാനിലെ ഏകാന്തമരണങ്ങളെ വിളിക്കുന്നത്. ഇത് കുറേയധികം വർഷങ്ങളായി രാജ്യത്ത് ആശങ്കയുണർത്തുന്ന കാര്യം തന്നെയാണ്. ആളുകൾ തനിച്ച് താമസിക്കുകയും ആരോരുമറിയാതെ തനിയെ മരിക്കുകയും ചെയ്യുന്നത് ഒഴിവാക്കാനും ഈ പ്രശ്നത്തിന് പരിഹാരം കണ്ടെത്താനും സർക്കാർ ശ്രമിക്കുന്നുണ്ട്. ഇതിന് വേണ്ടി പല പദ്ധതികളും നടപ്പിലാക്കിയെങ്കിലും പ്രതീക്ഷിച്ച ഫലം ചെയ്തില്ല. 

2024 -ന്റെ ആദ്യ പകുതിയിൽ തന്നെ 37,227 പേരാണ് തനിച്ച് താമസിക്കവെ മരിച്ചത്. ഇതിൽ 70 ശതമാനം 65 വയസ് കഴിഞ്ഞവരാണ്. 40 ശതമാനം പേരുടെ മൃതദേഹം ഒരു ദിവസത്തിനകം കണ്ടെത്തി. 85 വയസിന് മുകളിലുള്ള 7498 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി, 75 -നും 79 -നും ഇടയിലുള്ള 5920 പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 70 -നും 74 -നും ഇടയിലുള്ള 5635 പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകൾ പറയുന്നു. 

പുതിയ റിപ്പോർട്ട് സർക്കാരിന് കൈമാറുമെന്നും നാഷണൽ പൊലീസ് ഏജൻസി വ്യക്തമാക്കിയതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 

(ചിത്രം പ്രതീകാത്മകം)

Latest Videos
Follow Us:
Download App:
  • android
  • ios