ലാലയ്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അവനെ വളർത്തുന്ന വീട്ടുകാർ അവനെ തനിയെ മാർക്കറ്റിൽ പോകാനും അവന് ആവശ്യമുള്ള മീൻ വാങ്ങി വരാനും പരിശീലിപ്പിച്ചു.
പെൻഗ്വിനെ നാം വളർത്തു പക്ഷിയായി കൂടെക്കൂട്ടാറുണ്ടോ? ഒരു സാധ്യതയും ഇല്ല അല്ലേ? അവയുടെ ജീവിതശൈലി, അവയ്ക്കിണങ്ങുന്ന അന്തരീക്ഷം ഇതൊക്കെ തന്നെയാണ് ഇവയെ വളർത്തുന്നതിന് തടസമാവുക. എന്നാൽ, ജപ്പാനിലെ ഒരു കുടുംബത്തിന് ഒരു വളർത്തു പെൻഗ്വിൻ ഉണ്ടായിരുന്നു. അതിന്റെ പേരാണ് ലാല.
പെൻഗ്വിനെ പെറ്റായി വീട്ടിൽ വളർത്താനുള്ള കുടുംബത്തിന്റെ തീരുമാനം അന്ന് ലോകശ്രദ്ധ പിടിച്ചുപറ്റി. ലാലയെ ഒരു മത്സ്യത്തൊഴിലാളിയാണ് കണ്ടെത്തിയത്. വലയിൽ കുടുങ്ങിക്കിടപ്പായിരുന്നു അവൻ. ലാലയെ രക്ഷിച്ച മത്സ്യത്തൊഴിലാളി അവനെ പരിചരിക്കാൻ മറ്റൊരു കുടുംബത്തെ ഏൽപ്പിച്ചു. അവരവനെ പൊന്നുപോലെ നോക്കി. മുറിവൊക്കെ ഉണക്കി. ലാല ആ കുടുംബം വിട്ടു പോവാൻ ഒട്ടും ഒരുക്കമല്ലായിരുന്നു. ഇത് മനസിലാക്കിയ കുടുംബം അവനെ വീട്ടിൽ തന്നെ നിർത്താൻ തീരുമാനിച്ചു. അവനുവേണ്ടി എയർകണ്ടീഷൻ ചെയ്ത മുറിയൊരുക്കി.
ലോകമെമ്പാടുമുള്ള പത്രപ്രവർത്തകർ ഈ കുടുംബവുമായി അഭിമുഖം നടത്താൻ ആഗ്രഹിച്ചു. എന്നാൽ, ലാലയെ കുറിച്ച് ഡോക്യുമെന്ററി ചെയ്യാൻ അവസരം കിട്ടിയത് റിയൽ ടിവിക്കാണ്. 1996 -ൽ ലാലയ്ക്ക് ഏകദേശം 10 വയസ്സുള്ളപ്പോഴാണ് ഈ ഡോക്യുമെന്ററി ചിത്രീകരിച്ചത്. ജപ്പാനിലെ ഒരു ഗ്രാമത്തിലായിരുന്നു ലാല കഴിഞ്ഞിരുന്ന ആ വീട്. അവിടെ അവന് എയർകണ്ടീഷൻ ചെയ്ത ഒരു മുറിയുണ്ടായിരുന്നു.
അതുപോലെ തന്നെ ആ തെരുവുകളിലൂടെ അവൻ സ്വതന്ത്രനായി നടന്നു. ലാലയ്‍ക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. അവനെ വളർത്തുന്ന വീട്ടുകാർ അവനെ തനിയെ മാർക്കറ്റിൽ പോകാനും അവന് ആവശ്യമുള്ള മീൻ വാങ്ങി വരാനും പരിശീലിപ്പിച്ചു. അങ്ങനെ ഒരു ബാഗും പിന്നിലിട്ട് അവൻ നേരെ മാർക്കറ്റിൽ പോവും. അവിടെ ചെന്നാൽ ഒരു മീൻകടയുടെ മുന്നിൽ നിൽക്കും. അവിടെ നിന്നും ആവശ്യമായ മീൻ വാങ്ങി കഴിച്ച് വയർ നിറയ്ക്കും. പിന്നെ, തനിക്ക് വേണ്ട മീൻ ബാഗിലും വാങ്ങും. പിന്നെ മടക്കം. ഏതായാലും, അന്ന് വലിയ വാർത്തയായിരുന്നു ലാല.
1998 -ൽ ലാല ഈ ലോകം വിട്ടുപോയി. ഇപ്പോൾ, ലാലയെ കുറിച്ച് ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന ഒരു വീഡിയോ വീണ്ടും ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. അതോടെയാണ് ലാല എന്ന പെൻഗ്വിൻ വീണ്ടും ചർച്ചയായിരിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
