പിന്നീട് ആ പുലി ക്യാമറ ലെൻസുകളിൽ നിന്ന് കണ്ണെടുക്കുന്നില്ല എന്ന് മാത്രമല്ല ആരെയും ഭയപ്പെടുത്തുന്ന രീതിയിൽ ക്യാമറയിലേക്ക് തുറിച്ചു നോക്കുന്നു. തൻറെ മറ്റെല്ലാ ചലനങ്ങളും നിർത്തി ക്യാമറയിൽ മാത്രം ദൃഷ്ടി പതിപ്പിച്ച് തല ഉയർത്തിപ്പിടിച്ച് അതങ്ങനെ കിടക്കുന്നു. ചെവികൾ ഉയർത്തി തൊട്ടടുത്ത നിമിഷത്തിൽ സംഭവിച്ചേക്കാവുന്ന അപകട സൂചനകൾക്കായി കാതോർക്കുന്നു.
വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ തരംഗമാകാറുണ്ട്. എന്നാൽ, അതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. കാഴ്ചക്കാരന്റെ കണ്ണുകളെ കൊളുത്തി വലിക്കുന്ന ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത് പ്രശസ്ത വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫർ ആയ ഷാസ് ജംഗ് ആണ്.
സെക്കൻഡുകൾ മാത്രമാണ് ഈ വീഡിയോയ്ക്ക് ദൈർഘ്യം എങ്കിലും പറഞ്ഞറിയിക്കാൻ പറ്റാത്ത ആകർഷണീയത കൊണ്ട് പ്രേക്ഷകരുടെ മനം കവർന്നിരിക്കുകയാണ് ഇൻസ്റ്റാഗ്രാമിൽ പങ്കിട്ട ഈ ദൃശ്യം. ഒരു പുള്ളിപ്പുലിയാണ് വീഡിയോയിൽ. ഒറ്റനോട്ടത്തിൽ തന്നെ ഗാംഭീര്യം തുളുമ്പുന്ന ഭാവം. പുള്ളിപ്പുലിയുടെ കണ്ണുകളിലെ തീവ്രതയാണ് കാഴ്ചക്കാരെ വീണ്ടും വീണ്ടും ഈ വീഡിയോയിലേക്ക് ആകർഷിക്കുന്നത്. കണ്ണിമ വെട്ടാതെ ക്യാമറ ലെൻസിലേക്ക് നോക്കിയിരിക്കുന്ന ഈ പുള്ളിപ്പുലിയാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലെ താരം.
ക്യാമറ ലെൻസിലേക്ക് പുള്ളിപ്പുലിയുടെ കണ്ണ് പതിയുന്നതിന് തൊട്ടു മുൻപായി അത് തൻറെ കൈകാലുകൾ സൂക്ഷ്മമായി നക്കിത്തുടയ്ക്കുന്നതാണ് വീഡിയോയിൽ. എന്നാൽ, തൊട്ടടുത്ത നിമിഷം അതിന്റെ കണ്ണുകൾ ക്യാമറയിൽ ഉടക്കുന്നു. പിന്നീട് ആ പുലി ക്യാമറ ലെൻസുകളിൽ നിന്ന് കണ്ണെടുക്കുന്നില്ല എന്ന് മാത്രമല്ല ആരെയും ഭയപ്പെടുത്തുന്ന രീതിയിൽ ക്യാമറയിലേക്ക് തുറിച്ചു നോക്കുന്നു. തൻറെ മറ്റെല്ലാ ചലനങ്ങളും നിർത്തി ക്യാമറയിൽ മാത്രം ദൃഷ്ടി പതിപ്പിച്ച് തല ഉയർത്തിപ്പിടിച്ച് അതങ്ങനെ കിടക്കുന്നു. ചെവികൾ ഉയർത്തി തൊട്ടടുത്ത നിമിഷത്തിൽ സംഭവിച്ചേക്കാവുന്ന അപകട സൂചനകൾക്കായി കാതോർക്കുന്നു. തികഞ്ഞ ജാഗ്രതയും ഏകാഗ്രതയും പ്രകടമാക്കുന്ന ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയ ഇന്നോളം കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും ആകർഷണീയത നിറഞ്ഞതാണ് എന്നാണ് സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഒരേ സ്വരത്തിൽ അഭിപ്രായപ്പെടുന്നത്.
വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫിയിൽ അഗ്രഗണ്യനായി അറിയപ്പെടുന്ന ഷാസ് ജംഗിന് ഇൻസ്റ്റാഗ്രാമിൽ അനവധി ഫോളോവേഴ്സ് ആണ് ഉള്ളത്. പുതുമയും കൗതുകവും ഉണർത്തുന്നതാണ് ഇദ്ദേഹത്തിൻറെ ക്യാമറയിൽ പതിയുന്ന ദൃശ്യങ്ങൾ.
