സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനം ഉയർന്നതിനെ തുടർന്ന്, കമ്പനി വെബ്‌സൈറ്റിലെ ഉൽപ്പന്നത്തിന്റെ പേര് മാറ്റി 'എംബെളിഷ്ഡ് സാരി-ഇൻസ്പയേർഡ് ഗൗൺ' എന്നാക്കി ഇത് തിരുത്തിയിട്ടുണ്ട്.
സാരിയെ 'മാക്സി ഡ്രസ്' എന്ന് വിളിച്ചു; ഫാഷൻ ബ്രാൻഡിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം. ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സാരി അവരുടെ തനതായ വസ്ത്രമാണ്. പലരും അഭിമാനത്തോടെയാണ് അതിനെ കാണുന്നത്. വിശേഷദിവസങ്ങളിൽ ആളുകൾ ഏറ്റവുമധികം ധരിക്കാൻ ഇഷ്ടപ്പെടുന്നതും സാരി ആയിരിക്കും. എന്നാൽ അതിനെ വെറും 'മാക്സി ഡ്രസ്' (Maxi Dress) എന്നും പറഞ്ഞ് വിൽക്കുന്ന കാലിഫോർണിയൻ ഫാഷൻ ബ്രാൻഡിന് നേരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുകയാണ്. പ്രശസ്ത ബ്രാൻഡായ JW PEI -ക്കെതിരെയാണ് ത്രെഡ്സ് പ്ലാറ്റ്‌ഫോമിൽ വലിയ തോതിൽ വിമർശനങ്ങൾ ഉയർന്നത്.
സാധാരണ സാരി എങ്ങനെയാണോ പ്ലീറ്റുകളൊക്കെ എടുത്ത് ധരിക്കുന്നത് അങ്ങനെ തന്നെ ധരിച്ചിരിക്കുന്ന ചിത്രമാണ് ബ്രാൻഡ് വെബ്‌സൈറ്റിൽ 'ഡ്രേപ്ഡ് മാക്സി ഡ്രസ്' എന്ന പേരിൽ കാണിച്ചിരിക്കുന്നത്. ഇതിന് ഏകദേശം 26,000 രൂപയോളമാണ് വില വരുന്നത്.
സോഷ്യൽ മീഡിയയിൽ വലിയ തോതിൽ വിമർശനം ഉയർന്നതിനെ തുടർന്ന്, കമ്പനി വെബ്‌സൈറ്റിലെ ഉൽപ്പന്നത്തിന്റെ പേര് മാറ്റി 'എംബെളിഷ്ഡ് സാരി-ഇൻസ്പയേർഡ് ഗൗൺ' എന്നാക്കി ഇത് തിരുത്തിയിട്ടുണ്ട്.
പരമ്പരാഗത ദക്ഷിണേഷ്യൻ സാരിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് ഈ വസ്ത്രമെന്നും, സാരിയുടെ സിഗ്നേച്ചർ ഡ്രേപ്പായ അരയിലെ മടക്കുകളും തോളിൽ നിന്ന് വീഴുന്ന പല്ലുവും ഇതിൽ പുനരാവിഷ്കരിച്ചിട്ടുണ്ടെന്നും ബ്രാൻഡ് പിന്നീട് വിശദീകരിച്ചു.
വസ്ത്രത്തിന്റെ ചിത്രങ്ങൾ സഹിതം പങ്കുവെച്ചുകൊണ്ട് ഒരു ത്രെഡ്സ് യൂസർ കുറിച്ചത് ഇങ്ങനെയാണ്, 'ന്യൂനപക്ഷ വിഭാഗങ്ങളിൽ പെടുന്നവർ ആയാൽപോലും, മറ്റ് സാംസ്കാരിക തനിമയുള്ള വസ്ത്രങ്ങൾ അടിച്ചുമാറ്റാനുള്ള അവകാശമാകുന്നില്ല. കുറഞ്ഞപക്ഷം ക്രെഡിറ്റെങ്കിലും നൽകൂ!'
'ഇത് ഓവർലേ ഡ്രസ് ഒന്നുമല്ല, ഇതൊരു സാരിയാണ്' എന്ന് മറ്റൊരാൾ കുറിച്ചു. 'ഫാഷൻ ഇൻഡസ്ട്രി പെട്ടെന്ന് എന്തിനാണ് ഞങ്ങളുടെ സംസ്കാരത്തെ രൂപം മാറ്റി ഉപയോഗിക്കുന്നത്' എന്ന് മറ്റൊരാൾ ചോദിച്ചു.


