കോർപ്പറേറ്റ് ജോലികളേക്കാൾ കൂടുതൽ സുരക്ഷിതത്വമാണ് ആരോഗ്യമേഖല നൽകുന്നതെന്ന് ക്രിസ്റ്റിക്ക് തോന്നി. യുണൈറ്റഡ് സ്റ്റേറ്റ്സ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം, രജിസ്റ്റർ ചെയ്ത നഴ്സുമാരുടെ തൊഴിൽ അവസരങ്ങൾ 2024 നും 2034 നും ഇടയിൽ 5 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കോർപറേറ്റ് ജോലികൾ പലതരം പ്രതിസന്ധികളിലൂടെ കടന്നു പോവുകയാണ്. അതിനിടയിലെ ജോലി സമ്മർദ്ദം വേറെ. ക്രിസ്റ്റി ലെയ്ഡൻ എന്ന 45 -കാരിയും ഇതെല്ലാം അനുഭവിച്ചയാളാണ്. ഒടുവിൽ, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായൊരു മേഖലയിലേക്ക് ചേക്കേറുകയാണ് ക്രിസ്റ്റി ചെയ്തത്. ഇ കൊമേഴ്സ് രംഗത്തെ വലിയൊരു റീട്ടെയിൽ കമ്പനിയിൽ സീനിയർ മാനേജരായി ജോലി ചെയ്തിരുന്ന ക്രിസ്റ്റിയ്ക്ക് 2025 -ന്റെ തുടക്കത്തിലാണ് ജോലി നഷ്ടപ്പെട്ടത്. ഒരു വർഷത്തിലേറെയായി പുതിയ ജോലിക്ക് വേണ്ടി ശ്രമിച്ചു. പക്ഷേ, ജോലിയൊന്നും കിട്ടിയില്ല. ഒടുവിൽ കോർപ്പറേറ്റ് ലോകം വിട്ട് നഴ്സിങ് പഠിക്കാൻ അവർ തീരുമാനിക്കുകയായിരുന്നു.

തുടക്കത്തിൽ പ്രൊഡക്റ്റ് മാനേജ്മെന്റ് റോളുകളിലായിരുന്നു ക്രിസ്റ്റി ജോലി അന്വേഷിച്ചിരുന്നത്. പിന്നീട് പ്രോജക്റ്റ്, പ്രോഗ്രാം മാനേജ്മെന്റ് മേഖലകളിലേക്കും അത് വ്യാപിപ്പിച്ചു. ഒരു വർഷത്തിനിടെ 250 -ലധികം അപേക്ഷകൾ അയച്ചെങ്കിലും 25 എണ്ണത്തിൽ മാത്രമാണ് അടുത്ത ഘട്ടത്തിലേക്ക് കടക്കാനായത്. മാസങ്ങൾ കഴിഞ്ഞതോടെ ഈ നീണ്ട അന്വേഷണം അവരുടെ ആത്മവിശ്വാസത്തെ തന്നെ ബാധിക്കുന്ന അവസ്ഥയിലെത്തി. സാമ്പത്തികമായി പിടിച്ചുനിൽക്കാൻ മാതാപിതാക്കളുടെ സഹായം തേടുകയും, ആഭരണങ്ങളും ഹാൻഡ്ബാഗുകളും വിൽക്കുകയും, അക്കൗണ്ടിലെ തുക പിൻവലിക്കുകയും ചെയ്യേണ്ടി വന്നു.

നഴ്സിങ് തെരഞ്ഞെടുക്കാൻ കാരണം

കോർപ്പറേറ്റ് ജോലികളേക്കാൾ കൂടുതൽ സുരക്ഷിതത്വമാണ് ആരോഗ്യമേഖല നൽകുന്നതെന്ന് ക്രിസ്റ്റിക്ക് തോന്നി. യുണൈറ്റഡ് സ്റ്റേറ്റ്സ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കുപ്രകാരം, രജിസ്റ്റർ ചെയ്ത നഴ്സുമാരുടെ തൊഴിൽ അവസരങ്ങൾ 2024 നും 2034 നും ഇടയിൽ 5 ശതമാനം വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഴ്സ് അനസ്തെറ്റിസ്റ്റ് ആകാനോ, ആസ്തെറ്റിക്സ് രംഗത്ത് നഴ്സ് ഇൻജക്ടറായി പ്രവർത്തിക്കാനോ ആണ് അവർ പ്രത്യേകിച്ചും താൽപ്പര്യപ്പെടുന്നത്. AI ടെക്നോളജി തന്റെ ഈ പുതിയ കരിയറിനെ ബാധിക്കില്ലെന്നാണ് ക്രിസ്റ്റി കരുതുന്നത്.

45-ാം വയസ്സിൽ പുതിയ തുടക്കം

നിലവിൽ ഓൺലൈൻ വഴിയുള്ള അക്സലറേറ്റഡ് നഴ്സിങ് പ്രോഗ്രാമിൽ ചേർന്ന ക്രിസ്റ്റി പഠനം പൂർത്തിയാക്കാൻ ഏകദേശം രണ്ട് വർഷമെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ലോണുകൾ എടുത്തും കുടുംബത്തിന്റെ സാമ്പത്തിക സഹായത്തോടെയും ചില ജോലികൾ ചെയ്തുമാണ് അവർ ചെലവുകൾ കണ്ടെത്തുന്നത്. 'എല്ലാം ആദ്യം മുതൽ തുടങ്ങുകയാണ്, തന്റേത് ചെറിയ പ്രായമല്ലെന്ന് അറിയാം' എന്ന് ക്രിസ്റ്റി പറയുന്നു. എങ്കിലും വെല്ലുവിളികൾ തരണം ചെയ്ത് റിട്ടയർമെന്റ് കാലം വരെ നഴ്സിങ് രംഗത്ത് തന്നെ തുടരാനാണ് അവരുടെ തീരുമാനം.