കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി, വിവിധ യൂറോപ്യൻ രാജ്യങ്ങളിലും നിരവധി ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും മിഡിൽ ഈസ്റ്റേൺ പ്രദേശങ്ങളിലും അവൾ യാത്ര ചെയ്തിട്ടുണ്ട്.

ലോകമെമ്പാടും യാത്ര ചെയ്യുക എന്നത് ഒരു സ്വപ്നമായി മനസ്സിൽ സൂക്ഷിക്കുന്നവരാണ് നമ്മിൽ പലരും. പക്ഷെ അതിന് തടസ്സമായി പണം, പ്രായം, സാഹചര്യങ്ങൾ എന്നിങ്ങനെ പലതിനെയും നാം പഴിചാരാറുമുണ്ട്. എന്നാൽ, ഒരാളുടെ യാത്രാസ്വപ്നങ്ങൾ പൂർത്തിയാക്കുന്നതിന് പ്രായം ഒരു തടസ്സമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് 79 -കാരിയായ ഫിലിപ്പിനോ-അമേരിക്കൻ വനിത ലൂയിസ യു. 20 -ാം വയസ്സിൽ ആരംഭിച്ച അവരുടെ ലോകപര്യടനം ഇപ്പോൾ 79 -ാം വയസ്സിൽ തൻ്റെ 193 -ാമത്തെ ലക്ഷ്യസ്ഥാനമായ സെർബിയ സന്ദർശിച്ച് ലൂയിസ അവസാനിപ്പിച്ചിരിക്കുകയാണ്.

അമേരിക്കയിലെ ഏതാണ്ട് 45 സംസ്ഥാനങ്ങളിലേക്കും യാത്ര ചെയ്തപ്പോഴാണ് 20 -ാം വയസ്സിൽ ലൂയിസയുടെ യാത്രയോടുള്ള അഭിനിവേശം ആരംഭിച്ചത്. അടുത്ത 50 വർഷത്തേക്ക്, കഴിയുന്നത്ര രാജ്യങ്ങൾ സന്ദർശിക്കാൻ അവൾ തീരുമാനിച്ചു. ഫിലിപ്പീൻസിൽ ജനിച്ച ലൂയിസ ആദ്യം യാത്ര ചെയ്യാൻ തുടങ്ങിയത് അമേരിക്കയിലാണ്. പിന്നീട്, 1970 -ൽ ജപ്പാനിലേക്ക് ലൂയിസ ആദ്യത്തെ വിദേശ യാത്ര നടത്തി, അതിനുശേഷം അവൾ നിരവധി രാജ്യങ്ങൾ സന്ദർശിച്ചു. ഇപ്പോൾ 79 -ാം വയസ്സിൽ, ലൂയിസ തൻ്റെ 193 -ാമത്തെ ലക്ഷ്യസ്ഥാനമായ സെർബിയ സന്ദർശിച്ചുകൊണ്ടാണ് തൻ്റെ ലോക പര്യടനത്തിന് അവസാനം കുറിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് കണ്ട സിനിമകളിലെ സ്ഥലങ്ങളിൽ നിന്നാണ് യാത്രാമോഹം ആരംഭിച്ചത് എന്നാണ് ലൂയിസ പറയുന്നത്.

ലൂയിസ ആരോ​ഗ്യ മേഖലയിലാണ് തൻ്റെ കരിയർ ആരംഭിച്ചത്. എന്നാൽ, യാത്രകളോടുള്ള മോഹം അവളെ പിന്നീട് ഒരു ട്രാവൽ ഏജൻ്റാക്കി മാറ്റി. കഴിഞ്ഞ അഞ്ച് പതിറ്റാണ്ടുകളായി, വിവിധ യൂറോപ്യൻ രാജ്യങ്ങളിലും നിരവധി ഏഷ്യൻ രാജ്യങ്ങളിലും ആഫ്രിക്കൻ രാജ്യങ്ങളിലും മിഡിൽ ഈസ്റ്റേൺ പ്രദേശങ്ങളിലും അവൾ യാത്ര ചെയ്തിട്ടുണ്ട്. ചരിത്രത്തിലും സംസ്‌കാരത്തിലും ഉള്ള താൽപ്പര്യമാണ് യു.എന്നിലെ 193 അംഗരാജ്യങ്ങളും സന്ദർശിക്കുക എന്ന ലക്ഷ്യത്തിലേക്ക് ലൂയിസയെ എത്തിച്ചത്. 

ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദർശിച്ചെങ്കിലും, പ്രിയപ്പെട്ട ഒരു രാജ്യം തിരഞ്ഞെടുക്കുന്നത് വെല്ലുവിളിയാണെന്നാണ് ലൂസിയ പറയുന്നത്. എന്നാൽ ഇറ്റലി, ഫിലിപ്പീൻസ്, തായ്‌ലൻഡ് എന്നിവ ഇഷ്ടം അൽപ്പം കൂടുതലുള്ള രാജ്യങ്ങളാണെന്നും ഇവർ പറയുന്നു.‌

വായിക്കാം: വീടിനുള്ളിൽ ഉപേക്ഷിക്കപ്പെട്ട കുട്ടി, വാതിൽ തകർത്ത് അകത്തുകയറി പൊലീസ്, പിന്നാലെ വൻ ട്വിസ്റ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം