സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് കമ്പനിയായ ഗംറോഡിന്‍റെ സിഇഒ ആയി 33-കാരനായ മലയാളി യുവാവ് ഇർഷാദ് കുന്നക്കാടൻ ചുമതലയേറ്റു. സ്ഥാപകനായ സാഹിൽ ലാവിംഗിയ സ്ഥാനമൊഴിഞ്ഞ ഒഴിവിലാണ് എട്ട് വർഷമായി കമ്പനിയിൽ ജോലി ചെയ്യുന്ന ഇർഷാദ് എത്തുന്നത്.
സാംസ്കാരിക - രാഷ്ട്രിയ വിഷയത്തില്‍ മാത്രമല്ല, സമൂഹ മാധ്യമങ്ങളിലും ഉത്തര - ദക്ഷിണ ഇന്ത്യാ വിഭജനം ശക്തമാണ്. എന്നാല്‍, കഴിഞ്ഞ ദിവസങ്ങളില്‍ ഒരു മലയാളിയുടെ വിജയം ഇത്തരം വിഭജനങ്ങളെയെല്ലാം കാറ്റില്‍ പറത്തി. ആ വിജയം ഇന്ത്യന്‍ സമൂഹ മാധ്യമ ഉപയോക്താക്കളും ആഘോഷിച്ചു. 'മല്ലു പവർ' എന്ന കുറിപ്പോടെയായിരുന്നു ആഘോഷം. സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഇ-കൊമേഴ്‌സ് കമ്പനിയായ ഗംറോഡിന്‍റെ സിഇഒ ആയി 33 -കാരനായ മലയാളി യുവാവ് ഇർഷാദ് കുന്നക്കാടൻ ചുമതലയേറ്റതായിരുന്നു ആ ആഘോഷത്തിന്‍റെ കാരണം.
'എന്‍റെ ഒഴിവിലേക്ക് ഇർഷാദ്'
2020 മുതൽ ഗംറോഡിന്‍റെ ജീവനക്കാരനായിരുന്നു ഇർഷാദ് കുന്നക്കാടൻ. കമ്പനിയുടെ സ്ഥാപകനായ സാഹിൽ ലാവിംഗിയ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്ന് ഒഴിവ് വന്ന പദവിയാണ് ഇപ്പോൾ ഇർഷാദില്‍ എത്തിച്ചേര്‍ന്നത്. ഈ വാർത്ത പ്രഖ്യാപിച്ച് കൊണ്ട് സാഹിൽ ലാവിംഗിയ തന്നെയാണ് ട്വീറ്റ് ചെയ്തത്. "ആവേശകരമായ വാർത്ത. 14 വർഷങ്ങൾക്ക് ശേഷം, ഞാൻ ഗംറോഡിന്‍റെ സിഇഒ സ്ഥാനത്ത് നിന്ന് സ്ഥാനമൊഴിയുകയാണ്. എനിക്ക് വേണ്ടി ചുമതലയേൽക്കാൻ പറ്റിയ നേതാവിനെ ഞാൻ കണ്ടെത്തി. ഇർഷാദ് കുന്നക്കാടൻ. (ഈ വർഷം അദ്ദേഹം ന്യൂയോർക്ക് സിറ്റിയിലേക്ക് താമസം മാറിയപ്പോൾ, ആ 14 വർഷത്തിൽ 8 വർഷവും അദ്ദേഹം ഗംറോഡിനൊപ്പം റിമോട്ടായി ഉണ്ടായിരുന്നു)." സാഹിൽ തന്‍റെ ട്വീറ്റില്‍ കുറിച്ചു. എല്ലാ മാർഗ നിർദ്ദേശങ്ങൾക്കും പുതിയ റോളിൽ എന്നെ വിശ്വസിച്ചതിനും നന്ദി. ടീമില്‍ തനിക്ക് വിശ്വാസമുണ്ടെന്നും ആവേശത്തോടെയും ബഹുമാനത്തോടെയും വീണ്ടും കമ്പനിയെ സേവിക്കാന്‍ തയ്യാറാണെന്നും സാഹിലിന് മറുപടിയുമായി ഇർഷാദ് എഴുതി.
തൊഴിലാളിയിൽ നിന്നും സിഇഒയിലേക്ക്
2012 ൽ ഒരു ഡെവലപ്പർ ഇന്‍റേണായി ജോലി ആരംഭിച്ച ഇർഷാദ് 2013 -ൽ ഒരു സോഫ്റ്റ്‌വെയർ എഞ്ചിനീയർ റോളിലേക്ക് മാറി. വിദൂരമായി ജോലി ചെയ്ത ശേഷം യുഎഇയിൽ മുഴുവൻ സമയവും അദ്ദേഹം ജോലി ചെയ്തു. പിന്നീട് ഗംറോഡിൽ മുഴുവൻ സമയ ജോലിക്കാരനായി. ഏതാണ്ട് എട്ട് വർഷമായി ഇർഷാദ് ഗംറോഡിലെ ജോലിക്കാരനാണ്. ഇർഷാദിന്‍റെ വിജയം ഒരു മലയാളിയുടെ വിജയമെന്നതിനപ്പുറം ഇന്ത്യക്കാരുടെ വിജയമായി സമൂഹ മാധ്യമ ഉപയോക്താക്കളും ഏറ്റെടുത്തു. ചിലര്‍ മല്ലുവും കേരളവും എല്ലായിടത്തും ശക്തിയോടെ എന്നായിരുന്നു കുറിച്ചത്.


