ബെംഗളൂരുവിലെ ഒരു എഐ കമ്പനി ഇന്‍റേണുകൾക്ക് ഒരു ലക്ഷം രൂപ സ്റ്റൈപ്പൻഡ് വാഗ്ദാനം ചെയ്തു. എന്നാൽ ആഴ്ചയിൽ 6 ദിവസം, 12 മണിക്കൂർ ജോലി ചെയ്യണമെന്ന നിബന്ധന സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും വഴിവച്ചു.

സാൻ ഫ്രാൻസിസ്കോ ആസ്ഥാനമായുള്ള ഒരു എഐ സഹസ്ഥാപകൻ ബെംഗളൂരുവിലെ ലൊക്കേഷനിലേക്ക് ഇന്‍റേണുകളെ ആവശ്യമുണ്ടെന്ന് ലിങ്ക്ഡ്ഇനില്‍ കുറിച്ചു. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികൾക്ക് പ്രതിമാസം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻഡും നിരവധി മറ്റ് ആനുകൂല്യങ്ങളും ലഭിക്കുമെന്നും അദ്ദേഹം തന്‍റെ കുറിപ്പില്‍ വിശദീകരിച്ചു. എന്നാല്‍, ഒരു പ്രധാന നിബന്ധന രാവിലെ 11 മുതൽ രാത്രി 11 വരെ 12 മണിക്കൂർ ജോലി ചെയ്യേണ്ടിവരും. ഡോഗ്ജ് എഐയുടെ സഹസ്ഥാപകനായ ഇന്ത്യന്‍ വംശജന്‍ ആദിത്യ താക്കൂറാണ് ലിങ്ക്ഡ്ഇനില്‍ കുറിപ്പെഴുതിയത്. ജോലിക്കായുള്ള കുറിപ്പ് വൈറലായെങ്കിലും ജോലി സമയത്തെ ചൊല്ലി രൂക്ഷമായ പ്രതികരണങ്ങളാണ് ഉയ‍ർന്നത്.

ജോലിയും കൂലിയും

തങ്ങൾ ടയർ-1 വിസി ഉള്ളവരാണെന്നും ഫോർച്യൂൺ 500 -ൽ ഉൾപ്പെട്ട കമ്പനിയാണെന്നും കുറിപ്പില്‍ ആദ്യമേ തന്നെ വ്യക്തമാക്കുന്നു. ഒപ്പം വേഗത്തിൽ വളരുന്ന യഥാർത്ഥ ഉപയോക്താക്കളെ സൃഷ്ടിക്കുകയും ആഴത്തിലുള്ള സാങ്കേതിക വെല്ലുവിളികൾ പരിഹരിക്കുകയും സംരംഭങ്ങളുടെ ഭാവിയെ രൂപപ്പെടുത്താനും ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ അത്തരക്കാര്‍ക്ക് വേണ്ടിയാണ് ഈ ജോലിയെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നു. ബെംഗളൂരുവില്‍ ഉടനടി ആളെ ആവശ്യമുള്ള ജോലിയാണെന്നും അവിടെ ആഴ്ചയിൽ 6 ദിവസവും രാവിലെ 11 മുതൽ രാത്രി 11 വരെ ഇന്‍റേണുകൾ ജോലി ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്‍റേണുകൾകൾക്ക് മാസം ഒരു ലക്ഷം രൂപ സ്റ്റൈപ്പൻഡും ഭക്ഷണത്തിനും ജിമ്മിനോ ഹോബിയ്ക്കോ ഉള്ള സബ്‌സ്‌ക്രിപ്‌ഷനുകളും ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപേക്ഷകർ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുന്നവരും ചെയ്യാൻ കഴിയും എന്ന മനോഭാവമുള്ളവരും, ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ കഴിവുള്ളവരും, സ്വയം തെളിയിക്കാൻ ആഗ്രഹിക്കുന്നവരും ആയിരിക്കണം.

പ്രതികരിച്ച് നെറ്റിസെന്‍സ്

ജോലിയ്ക്കായുള്ള ഈ പരസ്യം നിരവധി സമൂഹ മാധ്യമ ഉപയോക്താക്കളെ അസ്വസ്ഥമാക്കി. പ്രത്യേകിച്ചും 12 മണിക്കൂര്‍ ജോലി സമയം. പല രാജ്യങ്ങളും തൊഴിലാളികളുടെ ഉത്പാദനക്ഷമത വര്‍ദ്ധിപ്പിക്കാന്‍ ആഴ്ചയില്‍ നാല് ദിവസം ജോലി എന്ന അവസ്ഥയിലേക്ക് പോകുമ്പോൾ ഇന്ത്യന്‍ കമ്പനികൾ കൂടുതല്‍ ലാഭത്തിന് വേണ്ടി തൊഴിലാളികളുടെ ജീവിതമാണ് പകരം ചോദിക്കുന്നതെന്ന് നിരവധി പേരെഴുതി. ആറ് ദിവസവും 12 മണിക്കൂര്‍ വച്ച് ജോലി ചെയ്യുന്ന ആൾ എപ്പാഴാണ് ജിമ്മിലും വിനോദത്തിനുമായി സമയം മാറ്റിവയ്ക്കേണ്ടത് എന്ന നിങ്ങൾ തന്നെ പറഞ്ഞ് തരണമെന്ന് മറ്റൊരു കാഴ്ചക്കാരനെഴുതി.