കടയിൽ കയറി പ്രതിമയെപ്പോലെ നിന്നു, മോഷ്ടിക്കാൻ വേണ്ടി യുവാവ് ചെയ്ത സാഹസങ്ങൾ...
ഷോപ്പിംഗ് സെന്റർ അടച്ച ശേഷം യുവാവ് അവിടെ സ്റ്റാൻഡിൽ വച്ചിരുന്ന ആഭരണം മോഷ്ടിക്കുകയായിരുന്നു. പിന്നീട്, സമീപത്തെ റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു. തുടർന്ന്, കടയിൽ തന്നെ തിരികെ എത്തി വസ്ത്രം മാറി പുതിയ ഒന്ന് ധരിച്ചു.

കള്ളന്മാർ ലോകത്ത് എല്ലായിടത്തും കാണും. എന്നാൽ, ഓരോ കള്ളന്മാർക്കും അവരുടെ കളവുകൾ നടത്താൻ ഓരോ രീതിയാണ്. പുതിയ പുതിയ രീതികളും പല കള്ളന്മാരും അവലംബിക്കുന്നുണ്ട്. അതുപോലെ വളരെ രസകരമായി മോഷണം നടത്തിയ ഒരു കള്ളനെ പൊലീസ് പിടികൂടിയ വാർത്തയാണ് ഇത്. വാഴ്സോയിലാണ് സംഭവം നടന്നത്.
ഒരു കടയുടെ ജനാലയ്ക്ക് മുന്നിൽ ഒരു മാനിക്വിൻ ആയി അഭിനയിക്കുകയാണ് മോഷ്ടാവ് ചെയ്തത്. കട അടച്ചതിന് ശേഷം മോഷണം നടത്തുന്നതിന് വേണ്ടി വെറുമൊരു പ്രതിമയെ പോലെ അയാൾ നിന്നത് വളരെ അധികം നേരമാണ്. ശേഷം ഷോപ്പിംഗ് സെൻറർ അടച്ചതിന് പിന്നാലെ മോഷണവും നടത്തി. 22 -കാരനായ മോഷ്ടാവ് കടയിൽ ഒരു മാനിക്വിനിനെ പോലെ നിൽക്കുന്നത് സമീപത്തുള്ള സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. പോളിഷ് പൊലീസ് പറയുന്നതനുസരിച്ച്, അത്രയും നേരം മാനിക്വിൻ ആയി നിന്നിട്ടും കടയുടമയോ സാധനങ്ങൾ വാങ്ങാനെത്തിയവരോ യുവാവിനെ ശ്രദ്ധിച്ചിരുന്നില്ല എന്നാണ്.
'ഈ 22 -കാരൻ കയ്യിലൊരു ബാഗുമായി മാനിക്വിനിനെ പോലെ കടയുടെ മുന്നിൽ നിൽക്കുകയായിരുന്നു. കൈകാലുകൾ പോലും അനക്കിയിരുന്നില്ല. അങ്ങനെയാവുമ്പോൾ ക്യാമറയിലും ശ്രദ്ധിക്കപ്പെടില്ല. ക്യാമറയിൽ തന്നെ വ്യക്തമാകരുത് എന്ന് യുവാവിനുണ്ടായിരുന്നു' എന്നും പൊലീസ് പറയുന്നു.
ഷോപ്പിംഗ് സെന്റർ അടച്ച ശേഷം യുവാവ് അവിടെ സ്റ്റാൻഡിൽ വച്ചിരുന്ന ആഭരണം മോഷ്ടിക്കുകയായിരുന്നു. പിന്നീട്, സമീപത്തെ റെസ്റ്റോറന്റിൽ കയറി ഭക്ഷണം കഴിച്ചു. തുടർന്ന്, കടയിൽ തന്നെ തിരികെ എത്തി വസ്ത്രം മാറി പുതിയ ഒന്ന് ധരിച്ചു. വീണ്ടും റെസ്റ്റോറന്റിൽ ചെന്ന് ഭക്ഷണം കഴിച്ചു. അതിനുശേഷമാണ് സെക്യൂരിറ്റി ജീവനക്കാരൻ ഇയാളെ കാണുന്നതും പൊലീസിനെ വിവരം അറിയിക്കുന്നതും.
ഇയാൾക്കെതിരെ മറ്റൊരു കടയിൽ കയറി പണവും വില പിടിപ്പുള്ള വസ്തുക്കളും മോഷ്ടിച്ചതിന് കേസുണ്ട് എന്നും പൊലീസ് പറയുന്നു. മൂന്ന് മാസത്തോളം ഇയാൾ കസ്റ്റഡിയിൽ ആയിരിക്കും. 10 വർഷം വരെ തടവു കിട്ടാം എന്നാണ് കരുതുന്നത്.
വായിക്കാം: വെറും മിനിറ്റുകൾക്കുള്ളിൽ അടിപൊളി റെസ്റ്റോറന്റായി മാറുന്ന ചൈനീസ് ഫുഡ് ട്രക്ക്, വീഡിയോ കാണാം
https://www.asianetnews.com/video-cafe-magazine/within-minutes-chinese-food-truck-transforms-into-restaurant-rlp-s2u7pm
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: