വാരാന്ത്യങ്ങളിലാണ് യുവാവ് റാപ്പിഡോ ഓടിയിരുന്നത്. യാത്രക്കാരുമായിട്ടുള്ള സംഭാഷണങ്ങൾ ഏകാന്തത കുറക്കാനും, കുറച്ചൊക്കെ പൊസിറ്റീവായിട്ടിരിക്കാനും തന്നെ സഹായിച്ചിരുന്നു എന്ന് യുവാവ് സമ്മതിക്കുന്നു.
ആളുകളുമായി സൗഹൃദം സൂക്ഷിക്കാനും, സംസാരിക്കാനും ഇഷ്ടം പോലെ മാർഗങ്ങൾ ഇന്നുണ്ട്. എന്നാൽ, അതേസമയം തന്നെ ആളുകൾ ഏകാന്തതയും ഒറ്റപ്പെടലുമെല്ലാം ഒരുപാട് അനുഭവിക്കുന്ന കാലം കൂടിയാണ് ഇത്. അങ്ങനെ ഏകാന്തത സഹിക്കാനാവാതെ റാപ്പിഡോ ഓടിത്തുടങ്ങിയ ഒരു യുവാവിന്റെ പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയാ പ്ലാറ്റ്‍ഫോമായ റെഡ്ഡിറ്റിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. റാപ്പിഡോ ഓടുന്നതിനിടയിൽ കണ്ടുമുട്ടിയ ഒരു യാത്രക്കാരൻ കാണിച്ച അനുകമ്പയെ കുറിച്ചാണ് യുവാവ് തന്റെ പോസ്റ്റിൽ പറയുന്നത്. ആ യാത്രക്കാരൻ തന്റെ ഏകാന്തത കുറയ്ക്കാൻ സഹായിച്ചു എന്നാണ് യുവാവ് പറയുന്നത്.
വാരാന്ത്യങ്ങളിലാണ് യുവാവ് റാപ്പിഡോ ഓടിയിരുന്നത്. യാത്രക്കാരുമായിട്ടുള്ള സംഭാഷണങ്ങൾ ഏകാന്തത കുറക്കാനും, കുറച്ചൊക്കെ പൊസിറ്റീവായിട്ടിരിക്കാനും തന്നെ സഹായിച്ചിരുന്നു എന്ന് യുവാവ് സമ്മതിക്കുന്നു. എന്നാൽ, ആ ഒരു യാത്രക്കാരനുമായിട്ടുള്ള സംഭാഷണം തനിക്ക് നൽകിയ അനുഭവം മറ്റൊന്നായിരുന്നു എന്നാണ് യുവാവ് പറയുന്നത്. താരതമ്യേന വിലകൂടിയ 250 സിസി ബൈക്ക് റാപ്പിഡോയ്ക്ക് വേണ്ടി ഓടിക്കുന്നത് കണ്ടപ്പോൾ കൗതുകം തോന്നിയാണ് യാത്രക്കാരൻ യുവാവിനോട് സംസാരിക്കാൻ തുടങ്ങിയത്. 'ബ്രോ, നിങ്ങൾക്ക് കുഴപ്പമൊന്നുമില്ലല്ലോ അല്ലേ? നിങ്ങൾ റാപ്പിഡോയ്ക്ക് വേണ്ടി 250 സിസി ബൈക്കാണ് ഓടിക്കുന്നത്, നിങ്ങൾ എന്തെങ്കിലും പ്രയാസങ്ങളിലൂടെ കടന്നു പോവുകയാണോ' എന്നായിരുന്നു യാത്രക്കാരന്റെ ചോദ്യം.
അപരിചിതനായ ആ യുവാവ് തന്റെ കാര്യത്തിൽ ആത്മാർത്ഥമായി ആശങ്കപ്പെടുന്നത് കണ്ടപ്പോൾ യുവാവ് അത്ഭുതപ്പെട്ടുപോയി. 'തനിക്ക് പ്രശ്നമൊന്നുമില്ല, സുഖമാണ്, പുതുതായി എന്തെങ്കിലും ചെയ്യണം എന്ന് തോന്നിയതുകൊണ്ടാണ് റാപ്പിഡോ ഓടുന്നത്' എന്നാണ് യുവാവ് യാത്രക്കാരന് മറുപടി നൽകിയത്. എന്നിരുന്നാലും ആരുമല്ലാത്ത ആ യാത്രക്കാരൻ തന്റെ കാര്യത്തിൽ കാണിച്ച ആ ഉത്കണ്ഠ യുവാവിനെ വല്ലാതെ സ്പർശിച്ചു. വർഷങ്ങളോളം നമുക്കൊപ്പം ഉണ്ടായിരുന്ന ആളുകൾ പോലും കാണിക്കാത്ത കാര്യമാണ് ആ യാത്രക്കാരൻ കാണിച്ചത് എന്നാണ് യുവാവ് പറയുന്നത്. അത് തന്റെ ഏകാന്തത കുറയ്ക്കാൻ സഹായിച്ചു എന്നും യുവാവ് പറയുന്നു.


