പാമ്പിനെ ചവച്ചരക്കുന്ന ക്രൂരമായ പ്രവൃത്തി ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇയാൾ പാമ്പിന്റെ മുകളിൽ ശീതളപാനീയം തളിക്കുകയും ചെയ്യുന്നുണ്ട്.

പാമ്പുകളെ പേടിയില്ലാത്ത മനുഷ്യർ കുറവായിരിക്കും. അതേസമയം തന്നെ പാമ്പുകളുടെ അനേകം വീഡിയോകൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കാറും ഉണ്ട്. അതുപോലെ തന്നെയാണ് പാമ്പുകളെ പിടികൂടുന്നതായ വീഡിയോകളും. ഇങ്ങനെ പിടികൂടുന്ന പാമ്പുകളെ മിക്കവാറും സുരക്ഷിതമായി കാടുകളിലേക്ക് ഇറക്കി വിടാറാണ് പതിവ്. എന്നാൽ, ഇപ്പോൾ വാർത്തയാവുന്നത് പാമ്പിന്റെ തലയും ഉടലും ചവച്ച മനുഷ്യൻ അറസ്റ്റിലായതാണ്. നൈനിറ്റാളിലാണ് സംഭവം നടന്നത്. 

ഇയാൾ പാമ്പിന്റെ തല ചവച്ചരക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെയാണ് അറസ്റ്റ്. വീഡിയോയിൽ ഇയാൾ ഒരു ഐസ്ക്രീം കാർട്ടിൽ ഇരിക്കുന്നത് കാണാമായിരുന്നു. പിന്നാലെ, ഇയാൾ ഒരു പാമ്പിനെ പിടികൂടി അതിന്റെ തല വായിലിട്ട് കടിക്കുകയും കടിച്ച് തലയും ഉടലും വേർപെടുത്തുകയും ചെയ്തു. അവിടം കൊണ്ടും തീർന്നില്ല, ഇയാൾ പാമ്പിന്റെ ഉടൽ ചവച്ചരക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. കാണുന്ന ആരേയും ഞെട്ടിപ്പിക്കുന്നതായിരുന്നു വീഡിയോ. 

പാമ്പിനെ ചവച്ചരക്കുന്ന ക്രൂരമായ പ്രവൃത്തി ചെയ്യുന്നതിന് തൊട്ടുമുമ്പ് ഇയാൾ പാമ്പിന്റെ മുകളിൽ ശീതളപാനീയം തളിക്കുകയും ചെയ്യുന്നുണ്ട്. പാമ്പിനെ ചവച്ചരച്ച് തിന്ന ശേഷം ബാക്കി ഭാ​ഗം ഇയാൾ വണ്ടിയിൽ വച്ചു. ഈ വീഡിയോ വ്യാപകമായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. പിന്നാലെയാണ് അറസ്റ്റുണ്ടായത്. മെയ് 18 -നാണ് നൈനിറ്റാളിൽ വച്ച് ഇയാൾ ഈ പ്രവൃത്തി ചെയ്തത്.

34 -കാരനായ ഇയാളെ വന്യജീവി (സംരക്ഷണ) നിയമപ്രകാരമാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇയാളെ വൈദ്യപരിശോധനയ്ക്ക് ശേഷം ജയിലിലേക്ക് മാറ്റി. ഫോറസ്റ്റ് റേഞ്ച് ഓഫീസർ ചന്ദൻ സിംഗ് അധികാരി പറയുന്നത് ഇയാൾക്ക് ആധാർ കാർഡോ മറ്റെന്തെങ്കിലും തിരിച്ചറിയൽ രേഖകളോ ഇല്ല എന്നാണ്.