ഉത്തർപ്രദേശിൽ ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ചുമത്തിയ സംഭവം വിവാദമായി. ഡ്രൈവർ കാറാണ് ഓടിച്ചതെന്ന് പറഞ്ഞപ്പോൾ അതൊരു സാങ്കേതിക പ്രശ്നമെന്ന് പറഞ്ഞ നിസാരമാക്കി പോലീസ്.
ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഒരാൾക്ക് ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ ചുമത്തി. പക്ഷേ, കാറോടിക്കുമ്പോൾ എന്തിനാണ് ഹെമറ്റ് വയ്ക്കേണ്ടതെന്ന് ചോദിച്ച് ഡ്രൈവര്‍ രംഗത്തെത്തിയതോടെ സമൂഹ മാധ്യമങ്ങളില്‍ സംഗതി വൈറലായി. സെപ്റ്റംബർ 8 ന് രാജ് നഗർ എക്സ്റ്റൻഷനിലെ അജ്നാര സൊസൈറ്റി ക്രോസിംഗിന് സമീപമാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ഇന്ത്യന്‍ മോട്ടോർ വെഹിക്കിൾ നിയമ പ്രകാരം ഇരുചക്ര വാഹനങ്ങൾ ഹെല്‍മറ്റ് ഇല്ലാതെ ഓടിച്ചാല്‍ പിഴ ചുമത്തും. ഇരുചക്ര വാഹനയാത്രക്കാരുടെ സുരക്ഷയ്ക്ക് വേണ്ടിയാണ് ഇത്തരമൊരു നിയമം. എന്നാല്‍ പലപ്പോഴും സൗകര്യാര്‍ത്ഥം പലരും ഹെല്‍മറ്റ് ധരിക്കാന്‍ തയ്യാറാകാറില്ല.
ഹെല്‍മറ്റ് ഇല്ല, പിഴ 1000
പക്ഷേ, ദേവേഷ് കൻസാൽ പങ്കുവച്ച ഒരു മോട്ടോര്‍ വാഹന ചലാനില്‍ ഹെല്‍മറ്റ് ധരിക്കാത്തതിന് 1000 രൂപയാണ് പിഴ നിശ്ചയിച്ചത്. പക്ഷേ, കാര്‍ ഓടിച്ചതിനാണ് ഹെല്‍മറ്റ് ധരിച്ചില്ലെന്ന് പറഞ്ഞ് പിഴ ഈടാക്കുന്നതെന്ന് ദേവേഷ് ചലാന്‍റെ ചിത്രം സഹിതം സമൂഹ മാധ്യമത്തിലെഴുതി. ചാലാനില്‍ രണ്ട് ഫോട്ടോകളാണ് നല്‍കിയിരുന്നത്. ഒന്നില്‍ ഒരാൾ ബൈക്കില്‍ ഹെല്‍മറ്റില്ലാതെ പോകുന്ന ചിത്രവും മറ്റൊന്നില്‍ അവ്യക്തമായ ഒരു നമ്പര്‍ പ്ലേറ്റുമാണ് ഉണ്ടായിരുന്നത്. സമൂഹ മധ്യമ കുറിപ്പ് പെട്ടെന്ന് തന്നെ വൈറലായി. നിരവധി പേര്‍ ചിത്ര പങ്കുവച്ചു. ഇതോടെ മറുപടിയുമായി യുപി പോലീസും രംഗത്തെത്തി.
മാനുഷിക പിഴവ്
അതൊരു 'മാനുഷിക പിഴവ്' എന്നായിരുന്നു യുപി പോലീസ് സംഭവത്തെ വിളിച്ചത്. 'ഇതൊരു മനുഷ്യ പിഴവാണ്. ഇതെങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താൻ ഞങ്ങൾ അന്വേഷണം നടത്തുകയാണെന്നും അഡീഷണൽ ഡിസിപി (ട്രാഫിക്) സച്ചിദാനന്ദ് എൻഡിടിവിയോട് പറഞ്ഞു. അതേസമയം, നോ പാർക്കിംഗ് സോണിൽ പാർക്ക് ചെയ്തിരുന്ന കാറിന്‍റെ ഫോട്ടോ ഒരു ട്രാഫിക് സബ് ഇൻസ്പെക്ടർ എടുത്തിരുന്നെന്നും എന്നാൽ, ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്ര വാഹനയാത്രക്കാർക്കുള്ള പിഴ ചുമത്തുന്ന ചാലാനായി അബദ്ധത്തില്‍ അത് ഉപയോഗിക്കപ്പെട്ടതാണെന്നും പോലീസ് അറിയിച്ചു.
പിഴ കൂടുന്നെന്ന്
സംഭവം വൈറാലായതോടെ നിരവധി പേരാണ് പ്രതികരണവുമായെത്തിയത്. നിരവധി പേര്‍ തങ്ങൾക്കും യുപി പോലീസില്‍ നിന്നും സമാനമായ അനുഭവം ഉണ്ടായിരുന്നതായി കുറിച്ചു. യുപിയിൽ നിന്നും ഹരിയാനയില്‍ നിന്നും നിരവധി പേരാണ് സമാനമായ അനുഭവം തങ്ങൾക്കും ഉണ്ടായെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. നേരത്തെ, നോയിഡയിലെ ഹോഷിയാർപൂർ പ്രദേശത്ത് ഹെൽമെറ്റ് ഇല്ലാതെ കാർ ഓടിച്ചതിന് ഗൗതംബുദ്ധ നഗർ ട്രാഫിക് പോലീസ് ഒരു സർക്കാർ സ്കൂൾ അധ്യാപികയ്ക്ക് 1,000 രൂപ പിഴ ചുമത്തിയിരുന്നു. എന്നാല്‍ തന്‍റെ പേരിൽ ഒരു ഇരുചക്ര വാഹനം പോലും സ്വന്തമായിട്ടില്ലെന്ന് അവകാശപ്പെട്ട് ഇവര്‍ രംഗത്തെത്തിയത് വലിയ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.


