ഏതായാലും ഇത്രയും വലിയ തുക കിട്ടിയതിൽ താൻ ഏറെ സന്തോഷവാനാണ് എന്നാണ് പിയാറ്റ് പറയുന്നത്. പണം തന്റെ പ്രിയപ്പെട്ട ഹോബിയായ വിനൈൽ റെക്കോർഡുകൾ ശേഖരിക്കുന്നതിന് ചെലവഴിക്കാൻ തീരുമാനിച്ചതായും പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തിനിടെ തന്റെ പിഗ്ഗി ബാങ്കിൽ സൂക്ഷിച്ചിരുന്ന തുക കണ്ടപ്പോൾ അത്ഭുതപ്പെട്ടുപോയി എന്ന് അമേരിക്കക്കാരനായ യുവാവ്. ഒറിഗോണിലെ പോർട്ട്‌ലാൻഡിലുള്ള എലി പിയാറ്റ് എന്ന യുവാവാണ് തന്റെ അനുഭവം പങ്കുവെച്ചത്. ന്യൂസ് വീക്ക് റിപ്പോർട്ട് ചെയ്യുന്നത് അനുസരിച്ച് കുട്ടിക്കാലം മുതലുള്ള തൻ്റെ സമ്പാദ്യമാണ് പത്തു വർഷത്തിനുശേഷം പുറത്തെടുത്തത് എന്ന് എലി പിയാറ്റ് പറഞ്ഞു. ചെറിയ ചില്ലറ നാണയങ്ങൾ സൂക്ഷിച്ചുവെച്ചാണ് താൻ ഇത്തരത്തിൽ ഒരു സമ്പാദ്യം ഉണ്ടാക്കിയത് എന്നും അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ ത്രെഡിലാണ് തന്നെ അത്ഭുതപ്പെടുത്തിയ ഈ അനുഭവത്തെക്കുറിച്ച് അദ്ദേഹം പങ്കുവെച്ചത്.
പിഗ്ഗി ബാങ്ക് കാലിയാക്കിയപ്പോൾ അതിനുള്ളിൽ 801 പെന്നികൾ, 928 നിക്കൽസ്, 1,202 ഡൈംസ്, 2,002 ക്വാർട്ടേഴ്‌സ്, 1 ഹാഫ്-ഡോളർ നാണയം, 11 ഡോളർ എന്നിവ ആയിരുന്നു ഉണ്ടായിരുന്നത്. ആകെ തുക $686.61 (60,864.65 ഇന്ത്യൻ രൂപ) ആയിരുന്നു. പണം എണ്ണിത്തിട്ടപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട സർവീസ് ചാർജ്ജുകൾക്കു ശേഷം $597.45 പിയാറ്റിന് ലഭിച്ചു. അതായത് ഇന്ത്യൻ രൂപയിൽ ഏകദേശം 53,000 രൂപ.
ഏതായാലും ഇത്രയും വലിയ തുക കിട്ടിയതിൽ താൻ ഏറെ സന്തോഷവാനാണ് എന്നാണ് പിയാറ്റ് പറയുന്നത്. പണം തന്റെ പ്രിയപ്പെട്ട ഹോബിയായ വിനൈൽ റെക്കോർഡുകൾ ശേഖരിക്കുന്നതിന് ചെലവഴിക്കാൻ തീരുമാനിച്ചതായും പറഞ്ഞു. തൻ്റെ ഈ സമ്പാദ്യത്തെക്കുറിച്ച് കൂടുതൽ ചർച്ചയാക്കാൻ തനിക്ക് താല്പര്യമില്ലായിരുന്നു, അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം അറിയുന്നതിനായി ത്രെഡിൽ പോസ്റ്റ് ചെയ്തതാണ്, എന്നാൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളെല്ലാം പരസ്പരം ബന്ധപ്പെട്ട് കിടന്നിരുന്നതിനാൽ തൻറെ പോസ്റ്റ് എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും പ്രചരിക്കുകയായിരുന്നു എന്നും പിയാറ്റ് കൂട്ടിച്ചേർത്തു.
