1991 -ലാണ് ലി മായെ കണ്ടുമുട്ടുന്നത്. അന്ന് ലിക്ക് 23 വയസ്സും മായ്ക്ക് 25 വയസ്സും ആയിരുന്നു പ്രായം. വിവാഹമോചിതയായിരുന്ന മാ ഒരു കുട്ടിയുടെ അമ്മ കൂടിയായിരുന്നു.

തന്റെ ആദ്യത്തെ പ്രണയിനിയെ കണ്ടെത്താൻ മാധ്യമത്തിന്റെ സഹായം തേടി ചൈനയിൽ നിന്നുള്ളൊരു യുവാവ്. ലി എന്ന യുവാവാണ് വളരെ വർഷങ്ങൾക്ക് മുമ്പ് തന്റെ പ്രണയിനിയായിരുന്ന മാ എന്ന യുവതിയെ കണ്ടെത്തുന്നതിനായി 'സിയോലി ഹെല്‍പ്പ്സ് യു' എന്ന പ്രോ​ഗ്രാമിനെ സമീപിച്ചത്. സാധാരണക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന ഒരു ഷോ ആണിത്. അന്‍ഹുയി പ്രവിശ്യയിലെ ഹുവൈബെയില്‍ താമസിക്കുന്ന ലി പറയുന്നത്, തന്റെ ആദ്യ പ്രണയിനി വർഷങ്ങൾക്ക് മുമ്പ് തനിക്ക് 10,000 യുവാന്‍ (ഏകദേശം 1,24,652 രൂപ) നൽകി സഹായിച്ചിരുന്നു എന്നാണ്. കാമുകിയെ കണ്ടെത്താനും ആ പണം തിരികെ നൽകാനും, അവർക്ക് സുഖമാണോ എന്നറിയാനും താൻ ആ​ഗ്രഹിക്കുന്നു എന്നാണ് ലി പറയുന്നത്.

1991 -ലാണ് ലി മായെ കണ്ടുമുട്ടുന്നത്. അന്ന് ലിക്ക് 23 വയസ്സും മായ്ക്ക് 25 വയസ്സും ആയിരുന്നു പ്രായം. വിവാഹമോചിതയായിരുന്ന മാ ഒരു കുട്ടിയുടെ അമ്മ കൂടിയായിരുന്നു. ഒരുമിച്ച് ജോലി ചെയ്യുന്നതിനിടയിലാണ് ലിയും മായും പ്രണയത്തിലായത്. എട്ട് വർഷത്തോളം അവർ പ്രണയത്തിലായിരുന്നെങ്കിലും പിന്നീട് സൗഹാർദ്ദപരമായി തന്നെ ഇരുവരും വേർപിരിഞ്ഞു. ലിയുടെ പിതാവിന് കാൻസറാണെന്ന് കണ്ടെത്തിയതും, ലിയുടെ സ്വന്തം നാട്ടിൽ സ്ഥിരതാമസമാക്കണമെന്ന ആഗ്രഹവുമാണ് വേർപിരിയലിന് കാരണമായിത്തീർന്നത്. 2001 -ൽ, ലിക്ക് സ്വന്തമായി ഒരു കമ്പനി ആരംഭിക്കാൻ സാമ്പത്തിക സഹായം ആവശ്യമായി വന്നപ്പോൾ, മാ ആയിരുന്നു സഹായിക്കാൻ ഉണ്ടായിരുന്നത്.

അക്കാലത്ത് അത് വലിയൊരു തുകയായിരുന്നു. ആ പണം കടം കൊടുത്ത് ഒരു ബിസിനസ്സ് തുടങ്ങാൻ ലിയെ മാ സഹായിച്ചു. "ഒരു മടിയും കൂടാതെയാണ്, അവൾ എനിക്ക് 10,000 യുവാൻ തന്നത്. ആ കാലത്ത്, ഈ തുക വളരെ കൂടുതലായിരുന്നു" എന്നാണ് ലി മാധ്യമങ്ങളോട് പറഞ്ഞത്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് മൊബൈൽ ഫോൺ നഷ്ടപ്പെട്ടതിന് പിന്നാലെ മായുമായുള്ള ബന്ധം ലീക്ക് നഷ്ടപ്പെട്ടു. അന്നുമുതൽ അയാൾക്ക് മാ തനിക്കുതന്ന പണം തിരികെ നൽകണമെന്നും അവൾ എങ്ങനെയിരിക്കുന്നുവെന്ന് അറിയണമെന്നും ആ​ഗ്രഹമുണ്ട്. ലിയുടെ ഭാര്യയാവട്ടെ അദ്ദേഹത്തിന് പൂർണ്ണ പിന്തുണയുമായി കൂടെയുണ്ട്.