Asianet News MalayalamAsianet News Malayalam

മൂത്രം കുടിച്ചും പുഴുക്കളെ തിന്നും കഴിഞ്ഞത് 31 ദിവസം; ആമസോണ്‍ വനത്തില്‍ വഴിതെറ്റിയ ആളെ ഒടുവില്‍ രക്ഷപ്പെടുത്തി

പല ഘട്ടങ്ങളിലും ജീവൻ പിടിച്ച് നിർത്താൻ സഹായിച്ചത് സ്വന്തം മൂത്രം തന്നെയാണെന്നാണ് രക്ഷപ്പെട്ടതിന് ശേഷം ജൊനാഥൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. 

man rescued from amazon forest after 31 days bkg
Author
First Published Mar 2, 2023, 3:34 PM IST


മസോൺ മഴക്കാടുകളിൽ കുടുങ്ങി പോയ യുവാവിനെ 31 ദിവസങ്ങൾക്ക് ശേഷം ജീവനോടെ രക്ഷപ്പെടുത്തി. ബോളീവിയൻ സ്വദേശിയായ ജൊനാഥൻ അക്കോസ്റ്റ എന്ന മുപ്പതുകാരനാണ് കാടിനുള്ളിൽ അകപ്പെട്ട് പോയത്. സ്വന്തം മൂത്രം കുടിച്ചും ചെറുപ്രാണികളെയും പുഴുക്കളെയും ഭക്ഷിച്ചും ആണ് ഇയാൾ ഇത്രയും നാള്‍ തന്‍റെ ജീവൻ നിലനിർത്തിയത്. വേട്ടയാടാനായി സുഹൃത്തുക്കള്‍ക്കൊപ്പം ആമസോണ്‍ മഴക്കാട്ടിലെത്തിയതായിരുന്നു ഇയാള്‍. എന്നാല്‍, ഇടയ്ക്കെപ്പഴോ വഴി തെറ്റി ഒറ്റപ്പെട്ടു. പിന്നെ 31 ദിവസത്തോളം വനത്തിനുള്ളിലായിരുന്നു കഴിഞ്ഞു കൂടിയത്. ബൗറസ് മുനിസിപ്പാലിറ്റിയിലെ ഒരു തിരച്ചിൽ സംഘമാണ് ഒരു മാസം നീണ്ട തിരച്ചിലിനിടയിൽ ഇയാളെ ജീവനോടെ കണ്ടെത്തിയത്.

മഴ പെയ്യാനായി താൻ പ്രാർത്ഥിക്കുമായിരുന്നു. മഴവെള്ളം മാത്രം കുടിച്ച് തള്ളിനീക്കിയ ദിനങ്ങൾ ഉണ്ട്. മഴവെള്ളം ബൂട്ടിനുള്ളിൽ ശേഖരിച്ച് വച്ചാണ് കുടിച്ചിരുന്നത്. എന്നാല്‍, പല ഘട്ടങ്ങളിലും ജീവൻ പിടിച്ച് നിർത്താൻ സഹായിച്ചത് സ്വന്തം മൂത്രം തന്നെയാണെന്നാണ് രക്ഷപ്പെട്ടതിന് ശേഷം ജൊനാഥൻ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. കാടിനുള്ളിൽ വച്ച് നിരവധി തവണ തന്നെ മൃഗങ്ങൾ ആക്രമിച്ചതായും ഇയാൾ വെളിപ്പെടുത്തി. ഒരു രക്ഷയും ഇല്ലാതെ വരുമ്പോൾ മരങ്ങളുടെ വേരുകൾ ഭക്ഷിച്ചും വിശപ്പും ദാഹവും അടക്കിയതായി ഇയാൾ പറയുന്നു. ജാഗ്വറുകളുമായി പോലും വനത്തിനുള്ളിൽ വച്ച് മുഖാമുഖം ഏറ്റുമുട്ടേണ്ടതായി വന്നെന്നും തലനാരിഴയ്ക്കാണ് താൻ രക്ഷപ്പെട്ടതെന്നും ഇയാൾ പറഞ്ഞു. 

കൂടുതല്‍ വായനയ്ക്ക്:   അച്ഛന്‍റെ കൂടെപ്പോകണമെന്ന് കോടതി, കോടതി മുറിയിലേക്ക് അലറി വിളിച്ച് ഓടിക്കയറി മകന്‍; കോടതിയില്‍ നാടകീയരംഗങ്ങള്‍

ജനുവരി അവസാനത്തോടെയാണ് ഇയാളെ കാണാനില്ലെന്ന് വീട്ടുകാർ പരാതിപ്പെട്ടത്. കാടിനുള്ളിലൂടെ മനുഷ്യവാസ പ്രദേശങ്ങൾ അന്വേഷിച്ച്  താൻ 40 കിലോമീറ്ററിലധികം നടന്നുവെന്നും ജൊനാഥൻ പറയുന്നു. കാണാതായിട്ട് ഒരു മാസം പിന്നിട്ടിരുന്നെങ്കിലും അപകടമൊന്നും സംഭവിച്ച് കാണില്ലെന്ന ജൊനാഥന്‍റെ വീട്ടുകാരുടെ വിശ്വാസത്തെ തുടർന്നാണ് രക്ഷാപ്രവർത്തക സംഘം തിരച്ചിൽ തുടർന്നത്.  തിരച്ചിലിനിടയിൽ കേട്ട അലറി കരച്ചിലാണ് ഇയാളെ രക്ഷിക്കാൻ ദൗത്യ സംഘത്തെ സഹായിച്ചത്. കരച്ചിൽ കേട്ട സ്ഥലം ലക്ഷ്യമാക്കി അന്വേഷിച്ചു എത്തിയപ്പോൾ ജൊനാഥന്‍ കുഴഞ്ഞുവീണ് കിടക്കുകയായിരുന്നു. ഇയാളുടെ രൂപം ആകെ മാറിപ്പോയിരുന്നു. മാത്രമല്ല, ഇയാളുടെ കൈയില്‍ തോക്ക് ഉണ്ടായിരുന്നതും രക്ഷാപ്രവർത്തകരെ സംശയത്തിലാക്കി. എങ്കിലും പിന്നീട് തങ്ങൾ അന്വേഷിക്കുന്ന ആൾ അതുതന്നെയാണെന്ന് അവര്‍ തിരിച്ചറിഞ്ഞു. ഇപ്പോൾ ആശുപത്രിയിൽ വിദഗ്ധ ചികിത്സയിലാണ് ജൊനാഥൻ അക്കോസ്റ്റ. 

കൂടുതല്‍ വായനയ്ക്ക്:  ആരാണ് യുഎന്നിലെ 'കൈലാസ രാജ്യം പ്രതിനിധി' മാ വിജയപ്രിയ നിത്യാനന്ദ?
 

Latest Videos
Follow Us:
Download App:
  • android
  • ios