വീഡിയോയിൽ, സ്വിഗ്ഗി, സൊമാറ്റോ യൂണിഫോം ധരിച്ച ആളുകൾ അരപ്പൊക്കം വെള്ളത്തിനടിയിലൂടെ ഒരു ബൈക്ക് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്നത് കാണാം.
ഹൈദരാബാദിൽ കനത്ത മഴയെ തുടർന്ന് ജനജീവിതം വലിയ ബുദ്ധിമുട്ടിലായി. ഗതാഗതക്കുരുക്കും വെള്ളക്കെട്ടും വെള്ളപ്പൊക്കവുമെല്ലാം ജനങ്ങളെ വലച്ചു. അതിനിടെ വെള്ളം നിറഞ്ഞ റോഡിൽ വച്ച് ഒഴുക്കിൽ പെട്ടുപോയപ്പോൾ തന്നെ രക്ഷിച്ചത് ഡെലിവറി ജീവനക്കാരാണ് എന്ന് പറയുകയാണ് ഒരു യുവാവ്. എക്സിലാണ് (ട്വിറ്റർ) യുവാവ് തന്റെ അനുഭവം പങ്കുവച്ചിരിക്കുന്നത്. ഹേയ് സൊമാറ്റോ, സ്വിഗ്ഗി, ഈ വെള്ളപ്പൊക്കത്തിൽ ഭക്ഷണം എത്തിച്ചു നൽകുക മാത്രമല്ല നിങ്ങളുടെ റൈഡർമാർ ചെയ്യുന്നത്, എന്നെയും എന്റെ ബൈക്കിനെയും വെള്ളപ്പൊക്കത്തിൽ ഒഴുകി പോകുന്നതിൽ നിന്ന് രക്ഷിക്കുക കൂടി ചെയ്തു എന്ന കാര്യം ഷെയർ ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. ഹൈദരാബാദിൽ അർദ്ധരാത്രിയിൽ വീട്ടിലെത്താൻ ശ്രമിച്ച എന്നെപ്പോലുള്ള നൂറുകണക്കിന് ആളുകൾക്കാണ് അവർ ഈ സഹായങ്ങൾ ചെയ്തത് എന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നു.
സുമിത് ഝാ എന്ന മാധ്യമപ്രവർത്തകനാണ് സോഷ്യൽ മീഡിയയിൽ വീഡിയോയും കുറിപ്പും ഷെയർ ചെയ്തിരിക്കുന്നത്. വീഡിയോയിൽ, സ്വിഗ്ഗി, സൊമാറ്റോ യൂണിഫോം ധരിച്ച ആളുകൾ അരപ്പൊക്കം വെള്ളത്തിനടിയിലൂടെ ഒരു ബൈക്ക് സുരക്ഷിത സ്ഥാനത്തേക്ക് കൊണ്ടുപോകുന്നത് കാണാം. വെള്ളം വളരെ അപകടകരമായ രീതിയിൽ കുത്തിയൊഴുകുന്നതായും യാത്ര അതീവ ദുഷ്കരമാണ് എന്നും വീഡിയോ കാണുമ്പോൾ തന്നെ വ്യക്തമാണ്. റോഡിന്റെ ഇരുവശങ്ങളിലുമായി അങ്ങോട്ടോ ഇങ്ങോട്ടോ പോകാനാകാത്തവണ്ണം അനേകം വണ്ടികൾ നിർത്തിയിട്ടിരിക്കുന്നതും വീഡിയോയിൽ കാണാം.
വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് അതിന് കമന്റുകൾ നൽകിയത്. ഡെലിവറി ജീവനക്കാർ കാണിച്ച മനുഷ്യത്വം അഭിനന്ദിക്കപ്പെടേണ്ടതാണ് എന്നാണ് പലരും പറഞ്ഞത്. അതേസമയം, ഇത്രയും അപകടകരമായ സാഹചര്യങ്ങളിൽ ആരാണ് ഭക്ഷണം ഓർഡർ ചെയ്യുന്നത്, എന്തിനാണ് അത് ചെയ്യുന്നത് എന്നും പലരും ചോദിച്ചിട്ടുണ്ട്.


