സമൂഹ മാധ്യമങ്ങളിൽ വൈറലായ ഒരു വീഡിയോയിൽ, കൂറ്റൻ പാത്രത്തിൽ തിളക്കുന്ന സബ്ജി ഇളക്കാനും കോരിമാറ്റാനും ജെസിബി ഉപയോഗിക്കുന്നത് കാണാം. ഈ വിചിത്രമായ പാചകരീതി നെറ്റിസൻസിനെ അമ്പരപ്പിച്ചു.
നിന്ന നില്‍പ്പിൽ ഒരു വലിയ മലയെ അപ്രത്യക്ഷമാക്കാൻ കഴിവുന്ന ഒന്നാണ് ജെസിബി. വലിയ കുഴികളിൽ നിന്നും കൂറ്റൻ ഖനികൾ തന്നെ തുറന്ന് വയ്ക്കാനും ജെസിബികൾക്ക് കഴിയും. എന്നാല്‍, സബ്ജി ഉണ്ടാക്കാൻ കഴിയുമോയെന്ന് ചോദിച്ചാൽ ഇനി അതിനും ഉത്തരമായി. അതെ, സബ്ജി ഉണ്ടാക്കാനും ജെസിബി. കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയാണ് നെറ്റിസൻസിനെ അമ്പരപ്പിച്ചത്. ഒരു കൂറ്റന്‍ പാത്രത്തിൽ തിളച്ച് കൊണ്ടിരിക്കുന്ന സബ്ജി ഇളക്കുന്നത് ജെസിബി കൈ വച്ച്.
വൈറലായി വീഡിയോ
വീഡിയോയിൽ വലിയൊരു പാത്രത്തിൽ നന്നായി മഞ്ഞൾ ചേർത്ത സബ്ജി തിളയ്ക്കുന്നു. ആ പാത്രത്തിലേക്ക് ഒരു ജെസിബി കൈ ഇറക്കുകയും സബ്ജി കോരി മറ്റൊരു പാത്രത്തിലേക്ക് മാറ്റുകയും ചെയ്യുന്നത് കാണാം. സമീപത്ത് സമാനമായ രീതിയിൽ മറ്റൊരു വലിയ പാത്രത്തിലും സബ്ജി തിളയ്ക്കുന്നു. സമീപത്ത് ചില ലോറികൾ വലിയ പ്ലാസ്റ്റിക് ഷീറ്റ് വിരിച്ചിരിക്കുന്നതും വീഡിയോയിൽ കാണാം. അസാധാരണമായ വീഡിയോ പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളെ ആകർഷിച്ചു. അവര്‍ രണ്ട് തട്ടില്ലായി അഭിപ്രായങ്ങൾ രേഖപ്പെടുത്തിയതോടെ വീഡിയോ കൂടുതൽ കാഴ്ചക്കാരെ നേടി. ജെസിബിയുടെ പുതിയ ഉപയോഗത്തിൽ ചിലർ അന്തംവിട്ടു, മറ്റ് ചിലർ അഭിനന്ദിച്ചു. പക്ഷേ, സുരക്ഷാ ഭീഷണി ഉയർത്തി രംഗത്തെത്തിയവരും കുറവല്ല. ഇതിനിടെ വീഡിയോ പത്ത് ലക്ഷത്തിലേറെ പേര്‍ ലൈക്ക് ചെയ്തു.
ഒയിലും ഗ്രീസും ഫ്രീ
mr_neeraj_8457_ എന്ന ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ഇത്തരം നിരവധി വീഡിയോകൾ ഈ അക്കൗണ്ടിൽ നിന്നും പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. ഏതോ പ്രാദേശിക ഉത്സവത്തിനായി ഭക്ഷണം പാചകം ചെയ്യുകയോ അതല്ലെങ്കിൽ ദുരിത ബാധിത പ്രദേശത്തെക്കുള്ള ഭക്ഷണമോ ആണ് പാചകം ചെയ്യുന്നത്. എവിടെയാണെന്നോ എന്താണ് സംഭവമെന്നോ കൃത്യമായ വിവരങ്ങൾ വീഡിയോയിൽ പറയുന്നില്ല. മറ്റ് ചില വീഡിയോകളിൽ സബ്ജി ജെസിബിയിൽ കോരി വലിയ ലോറികളിലേക്ക് മാറ്റുന്നതും കാണാം. വീഡിയോയ്ക്ക് രസകരമായ നിരവധി കുറിപ്പുകളാണ് ലഭിച്ചത്. ഗ്രേവിയോടൊപ്പം ഒയിൽ ഫ്രീയുണ്ടെന്ന് ചിലരെഴുതിയപ്പോൾ, അത് വെറും ഓയിലല്ലെന്നും ഹൈഡ്രോളിക് ഓയിലും ഗ്രീസും ചേർന്നതാണെന്നും മറ്റ് ചിലർ തിരുത്തി. നിരവധി പേര് ആരോഗ്യ, സുരക്ഷാ ആശങ്കകൾ ഉന്നയിച്ചു.


