ആദ്യ ഡേറ്റിംഗിൽ തന്നെ ഇത്രയും വലിയ തുക മുടക്കിയിട്ട് ഒടുവിൽ സുഹൃത്തുക്കളായിരിക്കാം എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് ചിലർ ചോദിക്കുന്നു.
ആദ്യ ഡേറ്റിംഗിന് 1,050 ഡോളർ (ഏകദേശം 1 ലക്ഷം രൂപ) ചെലവഴിച്ചതിന് ശേഷം, യുവതി തന്നെ വേണ്ടെന്നുവച്ചതിന് പിന്നാലെ ചിലവാക്കിയ പണം തിരികെ ആവശ്യപ്പെട്ട് യുവാവ്. എക്സി(ട്വിറ്റർ)ൽ ഷെയർ ചെയ്ത പോസ്റ്റ് ചർച്ചയായിരിക്കയാണ്. ഡേറ്റിംഗിന് ശേഷം തനിക്ക് യുവാവുമായി ദീർഘകാലത്തേക്കുള്ള ഒരു ബന്ധം സാധ്യമാകുമെന്ന് തോന്നുന്നില്ല എന്ന് യുവതി മെസ്സേജ് അയക്കുകയായിരുന്നു. ഒരുമിച്ചുള്ള ഈവെനിംഗ് ആസ്വദിച്ചുവെന്നും എന്നാൽ റൊമാന്റിക് ബന്ധത്തിന് പകരം സുഹൃത്തുക്കളായി തുടരാമെന്നുമായിരുന്നു യുവതി പറഞ്ഞത്.
എന്നാൽ, ഇതിന് യുവാവ് നൽകിയ മറുപടി ഇങ്ങനെ ആയിരുന്നു. ഡേറ്റിംഗിനായി താൻ ചെലവഴിച്ച 1,050 ഡോളർ തിരികെ നൽകണമെന്നാണ് യുവാവ് ആവശ്യപ്പെട്ടത്. ആഡംബര കാറിലാണ് യുവാവ് തന്നെ ഒരു മിഷെലിൻ-സ്റ്റാർ റെസ്റ്റോറന്റിലേക്ക് കൊണ്ടുപോയതെന്നും കാർ ഡോറുകൾ തുറന്നു തരുന്നതുൾപ്പടെയുള്ള മാന്യമായ രീതികളാണ് അദ്ദേഹം സ്വീകരിച്ചിരുന്നതെന്നും യുവതിയുടെ പഴയ പോസ്റ്റുകളിൽ വ്യക്തമാക്കിയിരുന്നു.
എന്തായാലും, പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടതോടെ നിരവധിപ്പേരാണ് കമന്റുകളുമായി എത്തിയത്. ആദ്യ ഡേറ്റിംഗിൽ തന്നെ ഇത്രയും വലിയ തുക മുടക്കിയിട്ട് ഒടുവിൽ സുഹൃത്തുക്കളായിരിക്കാം എന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളതെന്ന് ചിലർ ചോദിക്കുന്നു. പ്രതിബദ്ധതകളൊന്നുമില്ലാതെ ആഡംബര ജീവിതം ആസ്വദിക്കാൻ മാത്രമായി ചിലർ ഡേറ്റിംഗിനെ കാണുന്നുവെന്നാണ് ഇവരുടെ വാദം.
എന്നാൽ, അതേസമയം തന്നെ പരസ്പരം മനസ്സിലാക്കുന്നതിന് മുമ്പ് ഇത്രയും വലിയ തുക ചെലവഴിച്ചത് അനാവശ്യമാണെന്ന് പലരും അഭിപ്രായപ്പെടുന്നു. 'ആദ്യ ഡേറ്റിംഗിന് കോഫി കുടിച്ചിരുന്നെങ്കിൽ 20 ഡോളറിന് കാര്യം നടക്കുമായിരുന്നു' എന്ന് ഒരാൾ കുറിച്ചു. സ്വമേധയാ പണം ചെലവഴിച്ച ശേഷം, ബന്ധം മുന്നോട്ട് പോയില്ലെങ്കിൽ അത് തിരികെ ചോദിക്കുന്നതിൽ അർത്ഥമില്ലെന്നും മറ്റ് ചിലർ കുറിച്ചു.
