അതിനിടയിൽ വയ്യായ്ക വന്നതും കൊവിഡ് മഹാമാരി ലോകത്തെയാകെ ബാധിച്ചതും എല്ലാം തോമസിന്റെ യാത്രയെ പ്രതികൂലമായി ബാധിച്ചു. എങ്കിലും, ഒരുപാട് രാജ്യങ്ങൾ കാൽനടയായി തോമസ് സന്ദർശിക്കുക തന്നെ ചെയ്തു.

യുഎസ്സിലെ ന്യൂജേഴ്സിയിൽ നിന്നുള്ള തോമസ് ട്യുറിച്ചിന്റെ വലിയ ആ​ഗ്രഹമായിരുന്നു ലോകം ചുറ്റി സഞ്ചരിക്കുക എന്നത്. അതും വാഹനത്തിൽ അല്ല കാൽനടയായി സഞ്ചരിക്കണം എന്നത്. 17 -ാമത്തെ വയസിൽ ഒരു സ്കൈ ആക്സിഡന്റിനെ തുടർന്ന് ഒരു സുഹൃത്ത് മരിച്ചതിന് പിന്നാലെയാണ് തോമസിൽ കാൽനടയായി ലോകം ചുറ്റിക്കാണണം എന്ന തോന്നൽ ശക്തമാകുന്നത്. 

അങ്ങനെ 17 -ാമത്തെ വയസ് തൊട്ട് അതിനുള്ള പണം സമ്പാദിച്ച് തുടങ്ങി. ശേഷം 2015 -ൽ 25 -ാമത്തെ വയസിൽ തോമസ് തന്റെ യാത്ര ആരംഭിച്ചു. ഒരേയൊരു കൂട്ടാണ് ഈ യാത്രയിൽ തോമസിനൊപ്പം ഉണ്ടായിരുന്നത്, അയാളുടെ പ്രിയപ്പെട്ട നായ സാവന്ന. ഇപ്പോൾ 33 -കാരനായ തോമസ് നായയുമായി 38 രാജ്യങ്ങൾ സന്ദർശിച്ച് കഴിഞ്ഞു. 

നടന്നു തുടങ്ങിയ സമയത്ത് ദിവസം 24 മൈൽ ഓരോ ദിവസവും ഒരു വിശ്രമവും ഇല്ലാതെ തന്നെ താൻ നടക്കുമായിരുന്നു എന്ന് തോമസ് പറയുന്നു. ആ സമയത്ത് താൻ ഒരു ഭ്രാന്തനെ പോലെ ആയിരുന്നു നടന്നിരുന്നത്. എന്നാൽ, വർഷങ്ങൾ കടക്കും തോറും അത്രയധികം നടക്കാൻ തനിക്ക് സാധിക്കാതെ വന്നു. ഇച്ഛാശക്തിയെക്കാളും മനുഷ്യരുടെ വിധി നിർണ്ണയിക്കുന്നത് അവരുടെ സാഹചര്യങ്ങളാണ്. സ്വന്തം പരിമിതികളും തെറ്റുകളും അംഗീകരിക്കാൻ അത് നിങ്ങളെ സഹായിക്കുന്നു എന്നും അതാണ് താൻ പഠിച്ച വലിയ പാഠമെന്നും തോമസ് പറയുന്നു.

അതിനിടയിൽ വയ്യായ്ക വന്നതും കൊവിഡ് മഹാമാരി ലോകത്തെയാകെ ബാധിച്ചതും എല്ലാം തോമസിന്റെ യാത്രയെ പ്രതികൂലമായി ബാധിച്ചു. എങ്കിലും, ഒരുപാട് രാജ്യങ്ങൾ കാൽനടയായി തോമസ് സന്ദർശിക്കുക തന്നെ ചെയ്തു. വീട്ടിലേക്ക് തിരികെ എത്തിയ ശേഷം തോമസ് പറയുന്നത് തന്റെ പ്രായത്തിലുള്ള ആളുകളുടെ ജീവിതമല്ല ആ കാലം താൻ ജീവിച്ചത്. എന്നിരുന്നാലും ഇങ്ങനെ ലോകം കാണാനെടുത്ത തീരുമാനം തനിക്ക് സംതൃപ്തി നൽകി എന്ന് തന്നെയാണ്.