തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ഡിസ്നി സ്പ്രിംഗ്സിലെ പാഡിൽഫിഷ് റെസ്റ്റോറന്റിൽ ഈ വിചിത്രമായ കവർച്ച നടന്നത്. റെസ്റ്റോറന്റ് അടച്ച ശേഷമാണ് കവർച്ച നടന്നത്. ജീവനക്കാർ മാത്രമാണ് അപ്പോൾ റെസ്റ്റോറന്റിൽ ഉണ്ടായിരുന്നത് എന്നും പൊലീസ് പറയുന്നു.
വളരെ വിചിത്രമായ ഒരു മോഷണത്തിന്റെ കഥയാണ് ഇപ്പോൾ അങ്ങ് ഫ്ലോറിഡയിൽ നിന്നും വരുന്നത്. ഡിസ്നിയുടെ ഉടമസ്ഥതയിലുള്ള എന്റർടെയിൻമെന്റ് ഏരിയയിലെ പ്രശസ്തമായ സീഫുഡ് റെസ്റ്റോറന്റിലാണ് മോഷണം നടന്നത്. സ്കൂബ ഗിയർ ധരിച്ച്, നീന്തിയെത്തിയ കള്ളൻ രണ്ട് ജീവനക്കാരെ കെട്ടിയിട്ട് കൊള്ളയടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. 10,000 മുതൽ 20,000 ഡോളർ വരെ ( ഏകദേശം 8 ലക്ഷം മുതൽ 17 ലക്ഷം വരെ) ഇയാൾ കൈക്കലാക്കിയതായിട്ടാണ് റിപ്പോർട്ടുകൾ പറയുന്നത്. ഇയാൾക്ക് വേണ്ടി ഊർജ്ജിതമായി തിരച്ചിൽ നടക്കുന്നുണ്ട് എന്നും ഒർലാൻഡോ പൊലീസ് പറയുന്നു. എന്നാൽ, അതിശയം ഇതൊന്നുമല്ല. ഇത്രയും പണവും തട്ടി മുങ്ങാൻ ഇയാളെടുത്തത് വെറും രണ്ടേരണ്ട് മിനിറ്റാണ്.
തിങ്കളാഴ്ച അർദ്ധരാത്രിക്ക് ശേഷമാണ് ഡിസ്നി സ്പ്രിംഗ്സിലെ പാഡിൽഫിഷ് റെസ്റ്റോറന്റിൽ ഈ വിചിത്രമായ കവർച്ച നടന്നത്. റെസ്റ്റോറന്റ് അടച്ച ശേഷമാണ് കവർച്ച നടന്നത്. ജീവനക്കാർ മാത്രമാണ് അപ്പോൾ റെസ്റ്റോറന്റിൽ ഉണ്ടായിരുന്നത് എന്നും പൊലീസ് പറയുന്നു. കവർച്ച നടത്തിയയാളുടെ ചിത്രവും പൊലീസ് പുറത്ത് വിട്ടിട്ടുണ്ട്. ഇയാൾ സ്കൂബാ ഡൈവിംഗ് ഹുഡാണ് ധരിച്ചിരുന്നത്. കണ്ണട, വെറ്റ്‌സ്യൂട്ട്, ഗ്ലൗസ് എന്നിവയും ഉപയോഗിച്ചിരിക്കുന്നതായും കാണാം.
ഒരു തടാകത്തിൽ ബോട്ടിന്റെ ആകൃതിയിലാണ് റെസ്റ്റോറന്റ് നിർമ്മിച്ചിരിക്കുന്നത്. കവർച്ച നടത്തിയയാൾ നീന്തിയാണ് ഇവിടേക്ക് എത്തിയത് എന്നാണ് കരുതുന്നത്. മോഷണം നടത്തി അപ്പോൾ തന്നെ ഇയാൾ സ്ഥലം വിടുകയും ചെയ്തു. എന്തായാലും, മോഷണം നടന്ന് പിറ്റേന്നും സാധാരണ പോലെ റെസ്റ്റോറന്റ് തുറന്ന് പ്രവർത്തിച്ചു. എന്നിരുന്നാലും, മോഷണം നടത്തിയ ആളെ കുറിച്ച് എന്തെങ്കിലും സൂചന കിട്ടിയാൽ അതുമായി മുന്നോട്ട് വരണമെന്ന് പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്.


