പോയിക്കാണുന്ന എല്ലാ വീടുകൾക്കും 2.5 കോടി ഒക്കെയാണ് പറയുന്നത്. ബ്രോക്കർമാരെല്ലാം ഇൻഫിനിറ്റി പൂളിനെ കുറിച്ചും ഇറ്റാലിയൻ മാർബിളിനെ കുറിച്ചും ഒക്കെയാണ് പറയുന്നത്. ആ വീട് വാങ്ങിക്കഴിഞ്ഞാൽ സുഹൃത്തിന് കിട്ടിയ ശമ്പളത്തിന് കഷ്ടിച്ച് ജീവിക്കാനേ പറ്റൂ.

സ്വന്തമായി ഒരു വീട് ഏറെക്കുറെ എല്ലാവരുടേയും സ്വപ്നമാണ്. എന്നാൽ, സ്ഥലത്തിന്റെയും വീട് പണിയാനുള്ള ചെലവിന്റെയും, അതുപോലെ വീടുകളുടെ വിലയുടേയും കുതിച്ചുചാട്ടം കാണുമ്പോൾ പലരുടേയും സ്വപ്നം സ്വപ്നമായി തന്നെ അവശേഷിക്കാറാണ് പതിവ്. ഇന്ത്യയിലെ പല ന​ഗരങ്ങളിലും വീട് വാങ്ങാനാണെങ്കിലും വീടെടുക്കുന്നതിനായി സ്ഥലം വാങ്ങുന്നതിനാണെങ്കിലും വലിയ ചെലവ് തന്നെ വരും എന്നതാണ് അവസ്ഥ.

വലിയ ശമ്പളമുണ്ട് എങ്കിൽ പോലും മിക്കവർക്കും ഇപ്പോഴും ഒരു വീട് സ്വന്തമാക്കാനാവുന്നില്ല എന്നതാണ് സത്യം. അത്തരം ഒരു അനുഭവം പറയുന്ന പോസ്റ്റാണ് ഇപ്പോൾ എക്സിൽ (ട്വിറ്റർ) ശ്രദ്ധിക്കപ്പെടുന്നത്.

പോസ്റ്റ് പങ്കുവച്ചിരിക്കുന്നത് അഖിലേഷ് എന്നൊരു ടെക് പ്രൊഫഷണലാണ്. തന്റെ സുഹൃത്തിന്റെ അനുഭവമാണ് അഖിലേഷ് പോസ്റ്റിൽ പങ്കുവച്ചിരിക്കുന്നത്. മാസം 1.2 ലക്ഷം രൂപ ശമ്പളം വാങ്ങുന്ന തന്റെ സുഹൃത്ത് ​ഗുരു​ഗ്രാമിൽ ഒരു സൗകര്യമുള്ള ഒരു വീട് വാങ്ങിക്കഴിഞ്ഞാൽപ്പിന്നെ കിട്ടുന്ന ശമ്പളം അയാൾക്ക് കഷ്ടിച്ച് ജീവിച്ച് പോകാനേ തികയൂ എന്നാണ് പോസ്റ്റിൽ പറയുന്നത്.

ഗുഡ്ഗാവിലുള്ള ഒരു സുഹൃത്തുമായി സംസാരിക്കുകയായിരുന്നു. അവന് സി.ടി.സി 20 ലക്ഷമാണ്. ടാക്സ്, ഇ.പി.എഫ്, ഡിഡക്ഷൻ എന്നിവയ്ക്ക് ശേഷം പ്രതിമാസം ഏകദേശം 1.2 ലക്ഷം രൂപയാണ് കയ്യിൽ കിട്ടുക. അവൻ ഒരുപാട് പണം ചെലവഴിക്കുന്ന ആളല്ല. കാറില്ല. കുട്ടികളില്ല എന്നും പോസ്റ്റിൽ പറയുന്നു.

Scroll to load tweet…

എന്നാൽ, പോയിക്കാണുന്ന എല്ലാ വീടുകൾക്കും 2.5 കോടി ഒക്കെയാണ് പറയുന്നത്. ബ്രോക്കർമാരെല്ലാം ഇൻഫിനിറ്റി പൂളിനെ കുറിച്ചും ഇറ്റാലിയൻ മാർബിളിനെ കുറിച്ചും ഒക്കെയാണ് പറയുന്നത്. ആ വീട് വാങ്ങിക്കഴിഞ്ഞാൽ സുഹൃത്തിന് കിട്ടിയ ശമ്പളത്തിന് കഷ്ടിച്ച് ജീവിക്കാനേ പറ്റൂ. വെക്കേഷന് പോവാനോ എന്തെങ്കിലും അത്യാവശ്യം വന്നാൽ എടുക്കാനോ ഒന്നും പണം കാണില്ല എന്നും യുവാവിന്റെ പോസ്റ്റിൽ പറയുന്നു.

ഇത്രയും സമ്പാദിക്കുന്ന ഒരാൾക്ക് പോലും ഇന്ത്യയിൽ ഒരു വീട് വയ്ക്കാൻ സാധിക്കുന്നില്ല എന്നാണ് യുവാവ് തന്റെ പോസ്റ്റിൽ പറയുന്നത്.

നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഇന്ത്യയിലെ മിക്ക ന​ഗരങ്ങളിലും ഇത് തന്നെയാണ് അവസ്ഥ എന്നും പലർക്കും ശമ്പളം കൊണ്ട് വീട് വാങ്ങാൻ തികയുന്നില്ല എന്നും പലരും അഭിപ്രായപ്പെട്ടു.