കനത്ത മഴ പെയ്യുമ്പോൾ ഈ തുരങ്കത്തിലേക്ക് വെള്ളം ഇരച്ചുകയറാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ താമസക്കാർ ജീവനുംകൊണ്ട് പെട്ടെന്ന് തന്നെ ഒഴിഞ്ഞ് പോവുകയാണ് ചെയ്യുന്നതത്രെ.

ആധുനിക നഗരത്തിൻ്റെ തിരക്കുകൾക്കും ശബ്ദ കോലാഹലങ്ങൾക്കും അടിയിൽ, ആരും കാണാതെ ഒരു ജനത ജീവിക്കുന്നുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ് അല്ലേ? ഫിലിപ്പീൻസിലെ മനില നഗരത്തിൽ ഹൈവേയ്ക്ക് അടിയിലുള്ള ഒരു ചെറിയ തുരങ്കത്തിലാണ് ഏകദേശം നൂറോളം കുടുംബങ്ങൾ ദുരിതജീവിതം നയിച്ചത്. 100 മീറ്റർ മാത്രം നീളമുള്ള ഈ തുരങ്കത്തിൽ വെളിച്ചമോ ശുദ്ധവായുവോ ലഭ്യമല്ല. മാലിന്യങ്ങളും ഇലക്ട്രിക് ലൈനുകളും നിറഞ്ഞ ഈ പ്രദേശത്ത് എലികളും പല്ലികളും അടക്കമുള്ള ജീവികളും ഒപ്പമുണ്ട്.

നഗരവാസികൾ സാധാരണ ജീവിതം നയിക്കുമ്പോൾ, ഇവിടുത്തെ താമസക്കാർ തങ്ങളുടെ വീടുകളിലേക്ക് എത്തുന്നത് നടപ്പാതയിലെ ഒരു ചെറിയ ദ്വാരത്തിലൂടെ ഇഴഞ്ഞാണ്. തുരങ്കത്തിനകത്ത് മിക്കയിടത്തും നിവർന്നു നിൽക്കാൻ പോലും കഴിയില്ല. തലയ്ക്ക് മുകളിലൂടെ കുതിച്ചുപായുന്ന വാഹനങ്ങളുടെ വലിയ ശബ്ദവും അസഹനീയമായ ചൂടുമാണ് ഇവിടത്തെ മറ്റൊരു പ്രധാന വെല്ലുവിളി. എഡ്വിൻ എന്ന മുൻ താമസക്കാരൻ പറയുന്നതനുസരിച്ച്, ഉയർന്ന വാടക നൽകാൻ കഴിയാത്തതുകൊണ്ടാണ് പലരും താൽക്കാലികമായി ഇവിടെ അഭയം തേടുന്നത്. എന്നാൽ, സാമ്പത്തികമായി മെച്ചപ്പെട്ടിട്ടും ഇവിടെത്തന്നെ തുടരുന്നവരുമുണ്ട്.

കനത്ത മഴ പെയ്യുമ്പോൾ ഈ തുരങ്കത്തിലേക്ക് വെള്ളം ഇരച്ചുകയറാറുണ്ട്. അത്തരം സന്ദർഭങ്ങളിൽ താമസക്കാർ ജീവനുംകൊണ്ട് പെട്ടെന്ന് തന്നെ ഒഴിഞ്ഞ് പോവുകയാണ് ചെയ്യുന്നതത്രെ. കൂടാതെ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ കൊണ്ടാണ് മിക്ക വീടുകളും നിർമ്മിച്ചിരിക്കുന്നത്.

പ്രശസ്ത ട്രാവൽ വ്‌ലോഗറും യൂട്യൂബറുമായ ഡ്രൂ ബിൻസ്കി ഈ വർഷം ഈ പ്രദേശം സന്ദർശിച്ചിരുന്നു. "കഴിഞ്ഞ 12 വർഷമായി ഞാൻ മനിലയിൽ വരുന്നുണ്ട്, ഈ ഹൈവേയിലൂടെ എത്രയോ തവണ യാത്ര ചെയ്തിരിക്കുന്നു. എന്നാൽ ഇതിനടിയിൽ ഒരു ജനത ജീവിക്കുന്നുണ്ടെന്ന് ഒരിക്കലും ഞാൻ അറിഞ്ഞിരുന്നില്ല" എന്നാണ് ബിൻസ്കി തൻ്റെ വീഡിയോയിൽ പറഞ്ഞത്. ഈ ദയനീയ സാഹചര്യങ്ങൾക്കിടയിലും തങ്ങൾ ഇവിടെ സന്തുഷ്ടരാണെന്നും ഇതൊരു വലിയ കുടുംബം പോലെയാണെന്നുമാണ് ചില താമസക്കാർ പ്രതികരിച്ചത്. അടുത്തിടെ ഒരു വീഡിയോ പ്രൊഡക്ഷൻ കമ്പനിയും ഈ ജീവിതം ഇൻസ്റ്റാഗ്രാമിലൂടെ പുറംലോകത്തെ അറിയിച്ചിരുന്നു.

View post on Instagram
 

അതേസമയം, സോഷ്യൽ മീഡിയയിലൂടെയും യൂട്യൂബ് വ്ലോഗുകളിലൂടെയും ഇവരുടെ ദയനീയ ജീവിതം പുറത്തുവന്നതിനെ തുടർന്ന് ഫിലിപ്പൈൻ സർക്കാർ ഗൗരവകരമായ ഇടപെടലുകൾ നടത്തിയിട്ടുണ്ട്. നാഷണൽ ഹൗസിങ് അതോറിറ്റിയും സാമൂഹികക്ഷേമ വകുപ്പും ചേർന്ന് ഈ വിഷയത്തിൽ ഔദ്യോഗികമായി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ആദ്യഘട്ടമായി ആളുകളെ മാറ്റിപ്പാർപ്പിച്ച് തുടങ്ങിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.