മുന്‍ജന്മത്തില്‍ പ്രണയിനികളായിരുന്നവരാണ് പിന്നീട് ഇരട്ടകളായി ജനിക്കുന്നതെന്നും ഇവരുടെ വിവാഹം നടത്തിയില്ലെങ്കില്‍ കുട്ടികൾക്ക് അപകട മരണം വരെ സംഭവിക്കാമെന്നുമാണ് ഇവരുടെ വിശ്വാസം.
മുന്‍ ജന്മത്തില്‍ പ്രണയിനികളായിരുന്നുവെന്ന വിശ്വാസത്തില്‍ തായ്‍ലന്‍ഡിലെ ഒരു കുടുംബം നാല് വയസുള്ള ഇരട്ടക്കുട്ടികളും വിവാഹം നടത്തി. പരമ്പരാഗത ആചാരാനുഷ്ഠന പ്രകാരം നടന്ന വിവാഹ ചടങ്ങില്‍ തായ്‍ പുരോഹിതന്മാര്‍ പങ്കെടുക്കുകയും കുട്ടികളെ അനുഗ്രഹിക്കുകയും ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ. തായ്‌ലൻഡിലെ കലാസിനിലുള്ള പ്രാചായ റിസോർട്ടിലാണ് വിവാഹ ചടങ്ങുകൾ നടന്നത്. തത്സനപോർൺ സോർഞ്ചായി എന്ന ഇരട്ട സഹോദരനും സഹോദരി തത്സതോണും കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിൽ വിവാഹിതരായി.
വിവാഹത്തിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ലോകമെങ്ങുമുള്ള സമൂഹ മാധ്യമ ഉപയോക്താക്കളെ വീഡിയോ ഏറെ ആകര്‍ഷിച്ചു. ആഡംബര പൂര്‍ണ്ണമായ വിവാഹ ചടങ്ങില്‍ അതിഥികൾക്കും ബുദ്ധ സന്യാസിമാർക്കും പങ്കെടുത്തു. നാല് വയസ്സുള്ള വധു തന്‍റെ ഇരട്ട സഹോദരനെ വിവാഹ വേളയില്‍ ചുംബിക്കുന്നത് കാണാം. ചടങ്ങുകൾക്ക് ശേഷം ബുദ്ധ സന്യാസിമാർ ദമ്പതികളെ അനുഗ്രഹിച്ചു. വിവാഹ ചടങ്ങിന് വരന്‍ കുതിരപ്പുറത്താണ് എത്തിത്. ചടങ്ങുകൾക്ക് ബുദ്ധ സന്ന്യാസിമാര്‍ നേതൃത്വം നല്‍കി.
ജൂൺ 28 നാണ് വിവാഹം നടന്നതെന്ന് സിംഗപ്പൂർ ആസ്ഥാനമായുള്ള വാർത്താ ഏജൻസിയായ മസ്റ്റ് ഷെയർ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. കുടുംബം നാല് ദശലക്ഷം ബാറ്റ്, സ്വർണം എന്നിവ സ്ത്രീധനമായി വാഗ്ദാനം ചെയ്തെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ തായ് ജനത തങ്ങളുടെ പരമ്പരാഗത ആചാരത്തെ സ്വീകരിച്ചു. എന്നാല്‍, തായ്‍ലന്‍ഡിന് പുറത്തുള്ളവര്‍ ഏറെ കൗതുകത്തോടെയാണ് വീഡിയോയെ നോക്കി കണ്ടത്.
തായ്‍ലന്‍ഡില്‍ ഇത്തരം വിശ്വാസ ആചാരണങ്ങൾ അസാധാരണമല്ല. മുൻകാലങ്ങളിൽ പ്രണയികളായിരുന്നവരാണ് പിന്നീട് എതിർലിംഗത്തിലുള്ള ഇരട്ടകളായി പുനർജനിക്കുന്നതെന്ന് തായ് ജനത വിശ്വസിക്കുന്നു. നിലവിലെ ജീവിതത്തിൽ വരാനിരിക്കുന്ന നിർഭാഗ്യം, രോഗം അല്ലെങ്കിൽ അപകടം എന്നിവ ഒഴിവാക്കാൻ, അവർ പരസ്പരം വിവാഹം കഴിക്കണമെന്നാണ് തായ് വിശ്വാസം. നൂറ്റാണ്ടുകളായി തുടരുന്ന ഈ ആചാരം കുട്ടികളുടെ ജീവിതത്തില്‍ ഐക്യവും ദീർഘായുസും കൊണ്ട് വരുമെന്ന് വിശ്വസിക്കപ്പെടുന്നു. അതേസമയം ഇത്തരം വിവാഹങ്ങൾക്ക് നിയമപരമായ സാധുതയില്ല. വെറും ആചാരാനുഷ്ഠനമായി മാത്രമാണ് ഇത്തരം വിവാഹങ്ങൾ നടത്തപ്പെടുന്നത്. ഇരട്ടകളുടെ വിവാഹം അവരുടെ പത്താം പിറന്നാളിന് മുമ്പ് നടത്തണമെന്നണ് വിശ്വാസമെന്ന് ഹുവാ ഹിൻ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.


