ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുക്കിനെ ദേശീയ സുരക്ഷാ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. കേന്ദ്രസർക്കാർ തന്നെ വേട്ടയാടുകയാണെന്ന് വാങ്ചുക്ക് ആരോപിക്കുന്നു.
ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനാപരമായ സംരക്ഷണവും ആവശ്യപ്പെട്ട് പ്രക്ഷോഭം നയിച്ച പ്രശസ്ത കാലാവസ്ഥാ പ്രവർത്തകനും വിദ്യാഭ്യാസ വിദഗ്ധനുമായ സോനം വാങ്ചുക്കിനെ ലേ പോലീസ് അറസ്റ്റ് ചെയ്തു. ലഡാക്കിലെ പ്രക്ഷോഭങ്ങൾ അക്രമാസക്തമായതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ കർശന നടപടി സ്വീകരിച്ചതെന്ന് അധികൃതർ അവകാശപ്പെടുന്നു. ലഡാക്കിൽ സംസ്ഥാന പദവിയ്ക്ക് വേണ്ടിയും ഗോത്രവർഗ്ഗക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ഭരണഘടനയിലെ ആറാം ഷെഡ്യൂളിൽ (Sixth Schedule) ഉൾപ്പെടുത്തണമെന്നും ആവശ്യപ്പെട്ട് ലഡാക്കില്‍ നടക്കുന്ന പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത് സോനം വാങ്ചുക്ക് ആയിരുന്നു. ഈ പ്രക്ഷേപങ്ങൾ പക്ഷേ, ഇന്ന് കൈവിട്ട് പോയിരിക്കുന്നു. സംഘർഷത്തിനിടെ നടന്ന് പോലീസ് വെടിവെയ്പ്പില്‍ നാല് പേരാണ് കൊല്ലപ്പെട്ടത്.
സോനം വാങ്ചുക്ക് പ്രതിഷേധക്കാരെ അക്രമത്തിന് പ്രേരിപ്പിക്കുന്ന രീതിയിൽ 'പ്രകോപനപരമായ പ്രസംഗങ്ങൾ' (Provocative statements) നടത്തിയെന്നാണ് അറസ്റ്റ് ചെയ്യാനുള്ള കാരണമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. ലേ പോലീസ് അദ്ദേഹത്തിനെതിരെ ദേശീയ സുരക്ഷാ നിയമം (National Security Act - NSA) ചുമത്തിയാണ് അറസ്റ്റ് ചെയ്തെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. അതേസമയം അദ്ദേഹം ചെയ്ത കുറ്റമെന്താണെന്ന് മാത്രം ഇതുവരെ അധികൃതർക്ക് വ്യക്തമാക്കാന്‍ കഴിഞ്ഞിട്ടില്ല.
ഇന്ത്യന്‍ ഭരണഘടനയുടെ ആറാം ഷെഡ്യൂളിള്‍ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും സംസ്ഥാന പദവിക്കുമായി ലഡാക്കില്‍ 2021 -ലാണ് ആദ്യമായി പ്രക്ഷോഭങ്ങൾ തുടങ്ങുന്നത്. ഇതിനകം നിരവധി തവണ കേന്ദ്രസര്‍ക്കാര്‍ പ്രക്ഷോഭകരുമായി ചര്‍ച്ചകൾ നടത്തിയെങ്കിലും ഒന്നും വിജയം കണ്ടില്ല. 2023 നും 2025 നും ഇടയിലായി നിരവധി തവണ പ്രകടനങ്ങളും നിരാഹാര സമരങ്ങളും നടന്നു. എന്നാല്‍ 2025 സെപ്തംബറില്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. പ്രക്ഷോഭകർ ലഡാക്കിലെ ബിജെപി ഓഫീസിന് തീയിട്ടതായിരുന്നു തുടക്കം. പിന്നാലെ നടന്ന സംഘര്‍ഷത്തിലാണ് നാല് പേര്‍ കൊല്ലപ്പെട്ടത്.
ലഡാക്ക്
ഇന്ത്യയെ സംബന്ധിച്ച്. ഭൂമി ശാസ്ത്രപരമായി ലഡാക്ക് തന്ത്രപ്രധാനമായ ഒരു സ്ഥലമാണ്. പാകിസ്ഥാനും ചൈനയും അതിര്‍ത്തി പങ്കിടുന്ന മൂന്ന് ലക്ഷം ജനസംഖ്യയുള്ള ഭൂമിയിലെ ഏറ്റവും ഉയർന്ന ജനവാസമേഖലകളിലൊന്ന്, ജനസംഖ്യയുടെ 50 ശതമാനം മുസ്ലീങ്ങൾ, 40 ശതമാനം ബുദ്ധമതക്കാര്‍. ചൈന പലപ്പോഴും അവകാശവാദം ഉന്നയിക്കുന്നത് കൊണ്ട് തന്നെ ഇന്ത്യന്‍ സേനയുടെ സജീവ സാന്നിധ്യവും ഇവിടെയുണ്ട്. പക്ഷേ. പാകിസ്ഥാനോ ചൈനയോ അല്ല. മറിച്ച്, ലഡാക്കില്‍ ഇന്ന് കേന്ദ്രസര്‍ക്കാറിനെ ഏറ്റവും കൂടുതല്‍ അസ്വസ്ഥമാകുന്നത് സോനം വാങ്ചുക്ക് എന്ന 59-കാരനെയാണ്. അദ്ദേഹം ആ ജനതയില്‍ നേടിയെടുത്ത വിശ്വാസമാണ്.
ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് പിന്നാലെ 2019 ല്‍ ലഡാക്ക് ഒരു കേന്ദ്രഭരണ പ്രദേശമായി മാറിയത്. ഒപ്പം ജമ്മുവില്‍ നിന്നും കശ്മീരില്‍ നിന്നും സ്വതന്ത്രമായി. ഇതിന്‍റെ ഫലമായി തെരഞ്ഞെടുക്കപ്പെട്ട നിയമസഭയോ മുഖ്യമന്ത്രിയോ ലഡാക്കിനില്ല. ലഡാക്കിലെ ഓരോ ജില്ലയും ഒരു സ്വയംഭരണ ജില്ലാ കൗൺസിലിനെ തെരഞ്ഞെടുക്കുന്നു. എന്നാല്‍, ഈ കൗണ്‍സിലിന് ഭരണപരമായ അധികാരങ്ങളില്ല. മറ്റൊന്ന് തൊഴിലില്ലായ്മയാണ്. യുവജവങ്ങൾക്കൊന്നും കൃത്യമായ വരുമാനമുള്ള തൊഴിലില്ല. അതിനുള്ള സാധ്യഹചര്യങ്ങൾ കേന്ദ്രസര്‍ക്കാര്‍ ഒരുക്കുന്നുമില്ല. ഇതാണ് പ്രക്ഷോഭത്തിന്‍റെ മൂല കാരണവും.
ലഡാക്കിലെ സാമൂഹിക രാഷ്ട്രീയ മത ഗ്രൂപ്പുകൾ ഉൾപ്പെട്ട ലേ അപെക്സ് ബോഡിയും കാർഗിൽ ഡെമോക്രാറ്റിക് അലയന്‍സും ചേര്‍ന്ന് 2021 മുതല്‍ ലഡാക്കിന് സംസ്ഥാന പദവിയും ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യവും ഉന്നയിച്ച് തുടങ്ങിയത്. ഒപ്പം രണ്ട് പാർലമെന്‍റ് സീറ്റുകളും ലഡാക് പബ്ലിക് കമ്മീഷന്‍ രൂപീകരണവും ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് തുടക്കം കുറിച്ചു. 2020 -ലെ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ ബിജെപി ലഡാക്കിനെ ആറാം ഷെഡ്യൂളിൽ ഉൾപ്പെടുത്തുമെന്ന് വാഗ്ദാനവും ചെയ്തു. പക്ഷേ, കാര്യങ്ങളൊന്നും മുന്നോട്ട് പോയില്ലെന്ന് മാത്രം.
പ്രക്ഷോഭ ചരിത്രം
2021 ഡിസംബറിലാണ് ലഡാക്കില്‍ പ്രക്ഷോഭം ശക്തമാകുന്നത്. കേന്ദ്ര സര്‍ക്കാര്‍ ചർച്ച ചെയ്യാമെന്ന വാഗ്ദനം മാത്രം മുന്നോട്ട് വച്ചു. പിന്നാലെ 2022 നവംബറില്‍ വീണ്ടും പ്രക്ഷോഭം ആരംഭിച്ചു. 2023 - ജനുവരിയില്‍ സോനം വാങ്ചുക്ക് പൂജ്യത്തിന് താഴെ താപനിലയില്‍ അഞ്ച് ദിവസം ഉപവാസ സമരം നടത്തി. കേന്ദ്ര സര്‍ക്കാര്‍ വീണ്ടും ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ചു. നിരവധി ചർച്ചകളും നടന്നു. പക്ഷേ, ഫെബ്രുവരിയില്‍ പ്രക്ഷോഭം ദില്ലിയിലേക്കും വ്യാപിച്ചു. 2024 മാർച്ചിൽ സോനം വാങ്ചുക്ക് മരണം വരെ നിരാഹാരം കിടന്നു. ഇതിനിടെ നടന്ന ചര്‍ച്ചകളിലൊന്നും തീരുമാനങ്ങളൊന്നും ഉണ്ടായതുമില്ല. ആ വര്‍ഷം സെപ്തംബറില്‍ 1000 -ത്തോളം പേർ പങ്കെടുത്ത ജാഥയുമായി സോനം ദല്ലിയിലേക്ക് ലോങ് മാര്‍ച്ച് സംഘടിപ്പിച്ചു. ഓക്ടോബറില്‍ ദില്ലി പോലീസ്, സംഘത്തെ അറസ്റ്റ് ചെയ്തു. 2025 മാർച്ചിൽ വീണ്ടും ചർച്ചകൾ പുനരാരംഭിച്ചു. തദ്ദേശവാസികൾക്ക് 85 % സംവരണം, വാസയോഗ്യമായ താമസത്തിന് 15 വർഷത്തെ താമസം നിർബന്ധം, കുന്നിൻ പ്രദേശങ്ങളിലെ സ്ത്രീകൾക്ക് 33% സംവരണം, അഞ്ച് ഔദ്യോഗിക ഭാഷകളുടെ അംഗീകാരം എന്നീ കാര്യങ്ങൾ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിച്ചു.
പക്ഷേ, 2025 സെപ്തംബറില്‍ സോനം വാങ്ചുക്ക് അടക്കം സമരസമിതി അംഗങ്ങളായ 15 പേര്‍ 35 ദിവസത്തെ നിരാഹര സമരം ആരംഭിച്ചു. കേന്ദ്രസര്‍ക്കാര്‍ വീണ്ടും ചർച്ച എന്ന ആവശ്യം ഉന്നയിച്ചു. പക്ഷേ. ഇത്തവണ സോനം അത് തള്ളിക്കളഞ്ഞു. ഒപ്പം അനാവശ്യ ചര്‍ച്ചകൾ ഒഴിവാക്കി. ഫലം കാണുന്ന ചര്‍ച്ചകൾ വേണമെന്ന് സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. പിന്നാലെ സെപ്തംബര്‍ 24 ന് എൽഎബിയുടെ യുവജന വിഭാഗം ലേയില്‍ ബന്ദിന് ആഹ്വാനം ചെയ്തു. ഈ ബന്ദാണ് കാര്യങ്ങൾ കൈവിട്ട് കളഞ്ഞത്. പ്രതിഷേധക്കാരും പോലീസും പരസ്പരം ഏറ്റമുട്ടി. ബിജെപി ഓഫീസിന് തീയിട്ടു. കണ്ണീര്‍വാതകവും ലാത്തിയും ഉപയോഗിക്കപ്പെട്ടു. പോലീസ് വെടിവെയ്പ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. 50 ഓളം പേര്‍ക്ക് പരിക്കേറ്റു. ഉപവാസം അവസാനിപ്പിച്ച് സോനം വാങ് ചുക്ക് സമാധാനത്തിന് ആഹ്വാനം ചെയ്തു. പിന്നീടുള്ള ദിവസങ്ങളില്‍ ലേയും ലഡാക്കിലും കര്‍ഫ്യു പ്രഖ്യാപിക്കപ്പെട്ടു. ഇന്‍റർനെറ്റ് നിരോധിച്ചു. പിന്നാലെ സോനം വാങ് ചുക്കിനെ ലേ പോലീസ് ദേശീയ സുരക്ഷാ നിയമം (National Security Act - NSA) ചുമത്തി അറസ്റ്റ് ചെയ്തു. അക്രമാസക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നല്‍കിയെന്ന് ആരോപിച്ച് വാങ്ചുക്ക് സ്ഥാപകനായുള്ള Students’ Educational and Cultural Movement of Ladakh (SECMOL) എന്ന സ്ഥാപനത്തിന്‍റെ വിദേശ സംഭാവന സ്വീകരിക്കാനുള്ള എഫ്‌സിആർഎ (FCRA) ലൈസൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇതിനിടെ റദ്ദാക്കിയിരിന്നു. സംഘടന വിദേശ ഫണ്ടിംഗ് നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ചെന്ന് ആഭ്യന്തര മന്ത്രാലയം ആരോപിച്ചു.
കേന്ദ്രസര്‍ക്കാറിന്‍റെ എല്ലാ ആരോപണങ്ങളെയും സോനം വാങ് ചുക്ക് നിഷേധിച്ചു. താന്‍ അക്രമിത്തിന്‍റെ മാര്‍ഗ്ഗമല്ല സ്വീകരിക്കുന്നതെന്നും മറിച്ച് ഗാന്ധിയൻ രീതിയിലുള്ള മാധാനപരമായ സമരങ്ങളാണ് തന്‍റെ മാർഗ്ഗമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഒപ്പം കേന്ദ്രസര്‍ക്കാര്‍ തന്നെ വേട്ടയാടുകയാണെന്നും അദ്ദേഹം ആരോപിച്ചു. അറസ്റ്റിന് പിന്നാലെ വാങ്ചുക്കിനെ ലഡാക്കിന് പുറത്തുള്ള ഒരു അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. വാങ്ചുക്കിന്റെ അറസ്റ്റിനെത്തുടർന്ന് ലഡാക്കിലെ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന അപെക്സ് ബോഡി ലേ (Apex Body Leh) ഉൾപ്പെടെയുള്ള സംഘടനകൾ, തങ്ങളുടെ പ്രക്ഷോഭം സമാധാനപരമായി തുടരുമെന്നും അക്രമത്തിൽ വാങ്ചുക്കിന് പങ്കില്ലെന്നും വ്യക്തമാക്കി രംഗത്തെത്തിയെങ്കിലും കേന്ദ്രസര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.
സോനം വാങ്ചുക്ക്
എഞ്ചിനീയർ, ഇന്നൊവേറ്റർ, വിദ്യാഭ്യാസ പരിഷ്കർത്താവ്, കാലാവസ്ഥാ പ്രവർത്തകൻ എന്നീ നിലകളിലാണ് സോനം വാങ്ചുക്ക് ലോകമെമ്പാടും അറിയപ്പെടുന്നത്. ത്രീ ഇഡിയറ്റ്സ് എന്ന വിഖ്യാതമായ ഹിന്ദി സിനിമയിൽ അമീർ ഖാന്‍ അവതരിപ്പിച്ച കഥാപാത്രത്തിന് പ്രചോദനമായത് സോനം വാങ്ചുക്കിന്‍റെ ജീവിതമാണ്. ലഡാക്കിലെ വിദ്യാഭ്യാസ രീതി പരിഷ്കരിക്കുന്നതിനായി 1988-ൽ അദ്ദേഹം സ്ഥാപിച്ച പ്രസ്ഥാനമാണ് SECMOL (Students' Educational and Cultural Movement of Ladakh). തൊഴിലധിഷ്ഠിതവും പ്രായോഗികവുമായ അറിവിന് പ്രാധാന്യം നൽകി പരീക്ഷകളില്‍ പരാജയപ്പെടുന്ന കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ട് വരാനായി സ്ഥാപിച്ച ഒരു ബദൽ വിദ്യാഭ്യാസ മാതൃകയാണിത്. പ്രക്ഷോഭത്തിന് പിന്നാലെ ഈ സ്ഥാപനം വിദേശ സംഭാവന നിയന്ത്രണ നിയമം (FCRA) തെറ്റിച്ചെന്ന് ആരോപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ലൈസൻസ് റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട് സ്ഥാപനം ഇപ്പോൾ സിബിഐ അന്വേഷണം നേരിടുന്നു. അദ്ദേഹത്തിന്‍റെ പാക് സന്ദര്‍ശനവും ഇപ്പോൾ അന്വേഷണ പരിധിയിലാണ്. പർവ്വതപ്രദേശങ്ങൾ നേരിടുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് സുസ്ഥിരമായ പരിഹാരങ്ങൾ കണ്ടെത്താൻ ലക്ഷ്യമിട്ട് സോനം 2017 -ല്‍ സ്ഥാപിച്ച ഒരു സർവകലാശാലാ മാതൃകയാണ് HIAL (Himalayan Institute of Alternatives, Ladakh).പ്രക്ഷോഭങ്ങളെ തുടർന്ന് ഈ സ്ഥാപനങ്ങൾ വിവിധ ഏജന്‍സികളുടെ അന്വേഷണം നേരിടുന്നു. എങ്കിലും, സുസ്ഥിരമായ കെട്ടിട നിര്‍മ്മാണവും വേനൽക്കാലത്തും സുലഭമായി ജലം നല്‍കുന്ന ഐസ് സ്തൂപങ്ങളുടെ കണ്ടു പിടിത്തവും ലഡാക്കി ജനതയില്‍ സോനം വാങ്ചുക്ക് നേടിയെടുത്ത സ്ഥാനം എന്താണെന്ന് കേന്ദ്ര സര്‍ക്കാറിന് കൃത്യമായ നിശ്ചയമുണ്ട്. അതാണ് മഞ്ഞുറഞ്ഞ ലഡാക്കില്‍ നിന്നും സോനം വാങ്ചുക്കുമായി പോലീസ് രാജസ്ഥാനിലെ മണലാരണ്യത്തിലേക്ക് വന്നതും.


