മിയാമിയിൽ നിന്നുള്ള ലൈൽ ഗിറ്റൻസും എലീനോർ ഗിറ്റൻസും 83 വർഷത്തെ ദാമ്പത്യ ജീവിതത്തിലൂടെ 'ലോകത്തിലെ ഏറ്റവും കൂടുതൽ കാലം വിവാഹിതരായി കഴിഞ്ഞ ദമ്പതികൾ' എന്ന പദവിക്ക് അർഹരായി.  

നിസ്സാര പ്രശ്നങ്ങൾക്ക് വിവാഹമോചനങ്ങൾ നേടുന്ന ഈ കാലത്ത് 83 വർഷം ഒന്നിച്ച് ജീവിച്ച ദമ്പതികൾ ഉണ്ടെന്ന് അറിഞ്ഞാലോ. അതെ, മിയാമിയിൽ നിന്നുള്ള ലൈൽ ഗിറ്റൻസും എലീനോർ ഗിറ്റൻസുമാണ് 'ലോകത്തിലെ ഏറ്റവും കൂടുതൽ കാലം വിവാഹിതരായി കഴിഞ്ഞ ദമ്പതികൾ' എന്ന പദവിക്ക് ഔദ്യോഗികമായി അർഹരായത്. 108 വയസ്സുള്ള ലൈലും 107 വയസ്സുള്ള എലീനോറും 1942 ജൂൺ 4-നാണ് വിവാഹിതരായത്.

85 വ‍ർഷത്തെ ദാമ്പത്യം

ലൈലിന്‍റെ ജോർജിയയിലെ ആർമി പരിശീലനത്തിനിടയിലെ മൂന്ന് ദിവസത്തെ ചെറിയ അവധിയ്ക്കിടെയിലായിരുന്നു വിവാഹം. യുദ്ധവും ദേശങ്ങളും വർഷങ്ങളുടെ മാറ്റങ്ങളും അതിജീവിച്ച ഇവരുടെ പ്രണയകഥ, വിവാഹ സർട്ടിഫിക്കറ്റും യു.എസ് സെൻസസ് രേഖകളും പരിശോധിച്ച് ലോഞ്ചെവിക്വെസ്റ്റ് എന്ന സംഘടനയാണ് സ്ഥിരീകരിച്ചത്. 85 വർഷം വിവാഹിതരായി കഴിഞ്ഞിരുന്ന ബ്രസീലിലെ മനോയൽ ഡിനോയുടെയും മരിയ ഡിനോയുടെയും വിയോഗത്തെ തുടർന്നാണ് ദമ്പതികൾക്ക് പദവി ലഭിച്ചത്.

Scroll to load tweet…

ആദ്യ കാഴ്ച

1941-ൽ കോളേജ് ബാസ്കറ്റ്ബോൾ മത്സരം നടക്കുന്നതിനിടയായിരുന്നു ആദ്യ കണ്ടുമുട്ടൽ. ഒരു വർഷത്തിന് ശേഷം വിവാഹം. പിന്നാലെ ലൈൽ രണ്ടാം ലോകമഹായുദ്ധത്തിൽ യു.എസ്. ആർമിയുടെ ഭാഗമായി ഇറ്റലിയിലേക്ക് പോയി. ആദ്യത്തെ കുട്ടിയെ ഗർഭം ധരിച്ചിരുന്ന എലീനോർ ന്യൂയോർക്കിലേക്ക് താമസവും മാറ്റി. അവിടെ വെച്ച് കത്തുകളിലൂടെയാണ് ബന്ധം നിലനിർത്തിയത്.

യുദ്ധത്തിനുശേഷം ദമ്പതികൾ ന്യൂയോർക്കിൽ ഒരുമിച്ച് ജീവിതം കെട്ടിപ്പടുത്തു. പഠനത്തിൽ അതിയായ താല്പര്യം ഉണ്ടായിരുന്ന എലീനോർ അറുപത്തിയൊൻപതാം വയസ്സിൽ നഗര വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റും നേടിയെടുത്തു. ഇപ്പോൾ മകൾ ആഞ്ചലയ്ക്കൊപ്പം മിയാമിയിലാണ് താമസം. തങ്ങളുടെ നീണ്ട ദാമ്പത്യത്തിന്‍റെ രഹസ്യം എന്താണെന്ന് ചോദിച്ചാൽ, ഗിറ്റെൻസ് ദമ്പതികൾ ലളിതവും ശക്തവുമായ ഒരു മറുപടിയുണ്ട്. അചഞ്ചലമായ സ്നേഹവും കൂട്ടുകെട്ടും.