ജമ്മു കശ്മീരിലെ അനന്ത്നാഗിൽ ഓടുന്ന ട്രെയിനിന്റെ മുൻവശത്തെ ചില്ലിൽ ഒരു കഴുകൻ വന്നിടിച്ചു. ചില്ല് തകർന്ന് ക്യാബിനുള്ളിൽ വീണതിനെ തുടർന്ന് ലോക്കോ പൈലറ്റിന് പരിക്കേറ്റു. പൈലറ്റിന് വൈദ്യസഹായം നൽകി.
പലതരത്തിലുള്ള വാഹന അപകടങ്ങളെ കുറിച്ച് നാം ദിവസേന കേൾക്കാറുണ്ട്. എന്നാൽ, ഇതാദ്യമായിരിക്കാം ഒരു പക്ഷി വാഹനത്തിൽ ഇടിച്ച് വാഹനത്തിന്‍റെ ഡ്രൈവർക്ക് പരിക്കേൽക്കുന്നത്. അതും ഒരു ട്രെയിനിലെ ലോക്കോ പൈലറ്റിന്. ശനിയാഴ്ച രാവിലെ ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ജില്ലയിലാണ് അത്യപൂർവമായ ഈ അപകടം സംഭവിച്ചത്. ബാരാമുള്ള - ബനിഹാൽ റൂട്ടിൽ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന്‍റെ മുൻവശത്ത് ഒരു കഴുകൻ വന്ന് ഇടിച്ചതിനെത്തുടർന്നാണ് അപകടമുണ്ടായത്. ട്രെയിനിന്‍റെ മുൻവശത്തെ ചില്ല് തകർത്ത് പക്ഷി ലോക്കോ പൈലറ്റിന്‍റെ ക്യാമ്പിനുള്ളിലേക്ക് വീഴുകയും ലോക്കോ പൈലറ്റിന്‍റെ മുഖത്ത് പരിക്കേൽക്കുകയും ചെയ്തു. പരിക്ക് പറ്റിയ ലോക്കോ പൈലറ്റിനെയും ട്രെയിനിന്‍റെ ക്യാമ്പിനുള്ളിൽ അകപ്പെട്ടുപോയ പക്ഷിയെയും കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
ഓടുന്ന ട്രെയിനിലിടിച്ച് കഴുകൻ
ബിജ്‌ബെഹാരയ്ക്കും അനന്ത്‌നാഗ് റെയിൽവേ സ്റ്റേഷനുകൾക്കും ഇടയിലാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. പെട്ടെന്ന് ട്രെയിനിന് മുന്നിൽ അകപ്പെട്ട കഴുകൻ വലിയ ശക്തിയോടെ വിൻഡ്‌സ്ക്രീനിൽ ഇടിക്കുകയായിരുന്നു. വിൻഡ്‌സ്ക്രീൻ തകർന്ന് അതിന്‍റെ ഭാഗങ്ങൾ മുഖത്ത് തട്ടിയാണ് ലോക്കോ പൈലറ്റിന്‍റെ മുഖത്ത് മുറിവുണ്ടായത്. വീഡിയോ ദൃശ്യങ്ങളിൽ അദ്ദേഹത്തിന്‍റെ മുഖത്തെ മുറിവുകളിൽ നിന്നും രക്തം ഒഴുകുന്നത് കാണാം. വിശാൽ എന്ന ലോക്കോ പൈലറ്റിനാണ് പരിക്കേറ്റതെന്ന് തിരിച്ചറിഞ്ഞു. തൊട്ടടുത്ത സ്റ്റേഷനിൽ ട്രെയിൻ നിർത്തി അദ്ദേഹത്തിന് വൈദ്യസഹായം നൽകിയതായും റെയിൽവേ അധികൃതർ അറിയിച്ചു.
അപ്രതീക്ഷിത അപകടം
റിപ്പോർട്ടുകൾ പ്രകാരം, ട്രെയിൻ സാധാരണഗതിയിൽ നീങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി ഈ അപകടം സംഭവിച്ചത്. ഈ സമയത്ത് ലോക്കോ പൈലറ്റ് വേഗത്തിൽ ബ്രേക്ക് ചവിട്ടിയത് ആളുകൾക്കിടയിൽ ചെറിയൊരു ആശയക്കുഴപ്പത്തിന് കാരണമായത് ഒഴിച്ചാൽ മറ്റു പ്രശ്നങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും റെയിൽവേ അറിയിച്ചു. ട്രെയിനിൽ ഉണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണ്. ലോക്കോ പൈലറ്റിന്‍റെ ക്യാമ്പിനുള്ളിൽ അകപ്പെട്ടുപോയ കഴുകനെ പിന്നീട് തുറന്നുവിട്ടു.


