Asianet News MalayalamAsianet News Malayalam

ബെം​ഗളൂരു കാണാതായ ടെക്കി നോയ്ഡയിൽ, അടിമുടി രൂപം മാറി, ഭാര്യയുടെ പീഡനം കാരണം ഇറങ്ങിപ്പോയതെന്ന് യുവാവ്

കാണാതായതിന് പിന്നാലെ യുവാവിന്റെ ഫോൺ ഓഫായിരുന്നു. അതോടെ ഇയാളെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയായിത്തീർന്നു. ബസ് സ്റ്റാൻഡിലെയും എയർപോർട്ടിലെയും അടക്കം സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല.

Missing Bengaluru techie found in Noida after ten days changed appearance
Author
First Published Aug 17, 2024, 4:25 PM IST | Last Updated Aug 17, 2024, 4:25 PM IST

10 ദിവസം മുമ്പ് കാണാതായ ബെം​ഗളൂരു ടെക്കിയെ ഒടുവിൽ നോയിഡയിലെ ഒരു മാളിൽ നിന്നും വ്യാഴാഴ്ച കണ്ടെത്തി. റിപ്പോർട്ടുകൾ പ്രകാരം ആ​ഗസ്ത് നാലിനാണ് ഇയാളെ കാണാതാവുന്നത്. ഒരു മാളിൽ നിന്നും സിനിമ കണ്ട് പുറത്തിറങ്ങവെയാണത്രെ പൊലീസ് ഇയാളെ കണ്ടെത്തിയത്. 

യുവാവിനെ കാണാതായതോടെ ഇയാളുടെ ഭാര്യ സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടത് വലിയ വൈറലായി മാറിയിരുന്നു. പൊലീസ് തന്റെ ഭർത്താവിനെ കണ്ടെത്താൻ വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന് ഇവർ ആരോപിച്ചിരുന്നു. എടിഎമ്മിൽ നിന്നും പണം പിൻവലിക്കാൻ പോയതിന് പിന്നാലെയാണ് യുവാവിനെ കാണാതായത് എന്നായിരുന്നു ഭാര്യ പറഞ്ഞത്. അതിനാൽ തന്നെ ഇയാളെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതായിരിക്കാം എന്ന് സംശയിക്കുന്നതായും ഭാര്യ പറഞ്ഞു. 

കാണാതായതിന് പിന്നാലെ യുവാവിന്റെ ഫോൺ ഓഫായിരുന്നു. അതോടെ ഇയാളെ കണ്ടെത്തുന്നത് പൊലീസിന് വെല്ലുവിളിയായിത്തീർന്നു. ബസ് സ്റ്റാൻഡിലെയും എയർപോർട്ടിലെയും അടക്കം സിസിടിവി ക്യാമറകൾ പരിശോധിച്ചെങ്കിലും ഫലമൊന്നും ഉണ്ടായില്ല. എന്നാൽ, ബുധനാഴ്ച നോയിഡയിൽ നിന്നും യുവാവ് ഒരു പുതിയ സിം കാർഡ് എടുക്കുകയും അത് തന്റെ പഴയ ഫോണിൽ ഇടുകയും ചെയ്തതോടെ പൊലീസിന് ഇയാളുടെ ലൊക്കേഷൻ കണ്ടെത്താനായി. പിന്നാലെ പൊലീസെത്തി ആളെ കയ്യോടെ കൂടെക്കൂട്ടുകയും ചെയ്തു. 

ഭാര്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടതിന് പിന്നാലെ ഇയാൾ തന്റെ രൂപം ആകെ മാറ്റിയിരുന്നു. അതേസമയം പൊലീസിനോട് തനിക്ക് വീട്ടിൽ പോകാൻ താല്പര്യമില്ല എന്നും ഭാര്യ തന്നെ മാനസികമായി പീഡിപ്പിക്കുകയാണ് എന്നും യുവാവ് പറഞ്ഞതായിട്ടാണ് ടൈംസ് ഓഫ് ഇന്ത്യ എഴുതുന്നത്. 

ഭാര്യ നിരന്തരം തന്നെ പീഡിപ്പിക്കുകയാണ് എന്നും ഇഷ്ടപ്പെട്ട വസ്ത്രം ധരിക്കാനോ ഒറ്റയ്ക്ക് പോയി ഒരു ചായ കുടിക്കാനോ പോലും തനിക്ക് സ്വാതന്ത്ര്യമില്ല എന്നും യുവാവ് പറഞ്ഞത്രെ. ഒപ്പം തനിക്ക് ഭാര്യയുടെ അടുത്ത് പോകണ്ട തന്നെ ഇവിടെ ജയിലിൽ ഇട്ടാൽ മതി എന്ന് യുവാവ് പറഞ്ഞതായും ടൈംസ് ഓഫ് ഇന്ത്യ എഴുതുന്നു. 

എന്നാൽ, ഭാര്യ കൊടുത്ത മിസ്സിം​ഗ് കേസ് ക്ലോസ് ചെയ്യുന്നതിനായി യുവാവിനെ ബം​ഗളൂരുവിലെത്തിച്ചു. പിന്നാലെ ഭാര്യ ഫേസ്ബുക്കിൽ പോസ്റ്റിട്ടിട്ടുണ്ട്. ഭർത്താവിനെ തിരികെ കിട്ടി എന്നും ആൾ ട്രോമയിലാണ്, പ്രാർത്ഥനകളിൽ ഉൾപ്പെടുത്തുക, നന്ദി എന്നാണ് യുവതി കുറിച്ചിരിക്കുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios