കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തിന് പഠിക്കാൻ ഭാഗ്യം ലഭിച്ചിരുന്നില്ല. കുടുംബപ്രശ്‌നങ്ങളെ തുടർന്ന്, 1978 -ൽ അദ്ദേഹത്തിന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. അന്ന് മെട്രിക്കുലേഷൻ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിലും, നാല് പതിറ്റാണ്ടുകൾക്കിപ്പുറം ഇന്ന് അദ്ദേഹത്തിന് അത് എഴുതിയെടുക്കാൻ സാധിച്ചു.

തന്റെ 58 -ാം വയസ്സിൽ പത്താം ക്ലാസ് പരീക്ഷ പാസ്സായി ഒഡീഷ എംഎൽഎ അംഗദ് കൻഹാർ. അതും 72 ശതമാനം മാർക്കോടെയാണ് അദ്ദേഹം ഇപ്പോൾ പത്താം ക്ലാസ്സ് പാസ്സായിരിക്കുന്നത്. ജൂലൈ 6 -നാണ് ഒഡീഷ ബോർഡ് പരീക്ഷാഫലം പുറത്ത് വന്നത്. 500 -ൽ 364 മാർക്കാണ് അദ്ദേഹത്തിന്. കാണ്ഡമാൽ ജില്ലയിലെ ഫുൽബാനി നിയമസഭാ മണ്ഡലത്തിലെ എംഎൽഎ -യാണ് കൻഹാർ.

ഫസ്റ്റ് ക്ലാസോടെ പാസ്സായ അദ്ദേഹത്തിന് ബി1 ഗ്രേഡ് ലഭിച്ചു. അതും അദ്ദേഹം ഓൺലൈൻ വഴിയല്ല പരീക്ഷ എഴുതിയത്. മറ്റുള്ളവരെ പോലെ ഒരു വിദ്യാർത്ഥിയായി സ്കൂളിൽ എത്തിയാണ് പരീക്ഷ എഴുതിയത്. കാണ്ഡമാൽ ജില്ലയിലെ പിതാബരി ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ ഹൈസ്‌കൂളിൽ നിന്നാണ് അദ്ദേഹം പരീക്ഷയെഴുതിയത്. ഫലം വന്നതും എംഎൽഎ ആഹ്ലാദഭരിതനായി. തുടർന്ന്, ക്ഷേത്രത്തിലെത്തി ദർശനം നടത്തി. 

2019 -ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെഡി സ്ഥാനാർത്ഥിയായിട്ടാണ് അദ്ദേഹം മത്സരിച്ചത്. തുടർന്ന്, അദ്ദേഹം ഫുൽബാനി എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. അതിനുമുമ്പ്, ജില്ലയിലെ ഫിരിംഗിയ ബ്ലോക്കിലെ ജില്ലാ പരിഷത്ത് അംഗമായിരുന്നു അദ്ദേഹം.

കുട്ടിയായിരുന്നപ്പോൾ അദ്ദേഹത്തിന് പഠിക്കാൻ ഭാഗ്യം ലഭിച്ചിരുന്നില്ല. കുടുംബപ്രശ്‌നങ്ങളെ തുടർന്ന്, 1978 -ൽ അദ്ദേഹത്തിന് പഠനം ഉപേക്ഷിക്കേണ്ടി വന്നു. അന്ന് മെട്രിക്കുലേഷൻ പരീക്ഷ എഴുതാൻ കഴിഞ്ഞില്ലെങ്കിലും, നാല് പതിറ്റാണ്ടുകൾക്കിപ്പുറം ഇന്ന് അദ്ദേഹത്തിന് അത് എഴുതിയെടുക്കാൻ സാധിച്ചു. 2019 -ലെ നിയമസഭാംഗമായതിന് ശേഷമാണ് വീണ്ടും പഠിക്കാനുള്ള തന്റെ ആഗ്രഹം അദ്ദേഹം പൊടിതട്ടിയെടുക്കുന്നത്. ആ വർഷം അദ്ദേഹം എട്ടാം ക്ലാസ് പരീക്ഷ പാസ്സായി. തുടർന്ന് ഈ വർഷം പഞ്ചായത്ത് മെമ്പർമാരും, ഡ്രൈവറും അദ്ദേഹത്തെ പ്രോത്സാഹിപ്പിച്ചതോടെ പത്താം ക്ലാസ്സ് പരീക്ഷ എഴുതി നോക്കാൻ അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

"മെട്രിക്കുലേഷൻ പരീക്ഷ എഴുതുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കുടുംബപ്രശ്‌നം കാരണം 1978 -ൽ പരീക്ഷ എഴുതാൻ കഴിഞ്ഞില്ല. പിന്നീട് 1984 -ലാണ് ഞാൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. ഇപ്പോൾ ഞാൻ ഒരു എംഎൽഎ -യാണ്. പഠിക്കാൻ പ്രായമൊരു തടസ്സമല്ല എന്ന് ഞാൻ കരുതുന്നു. ജോലി ലഭിക്കാൻ മാത്രമല്ല, അറിവ് നേടാനും വിദ്യാഭ്യാസം ആവശ്യമാണ്" അദ്ദേഹം പറഞ്ഞു. താൻ ഇനിയും പഠനം തുടരുമെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു. ഒരാൾ ഒരിക്കലും പഠിച്ച് തീരുന്നില്ലെന്നും, വിദ്യാഭ്യാസത്തിന് വിരമിക്കൽ പ്രായം ഇല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ഉദ്യമത്തിൽ തനിക്കൊപ്പം നിന്ന, തന്നെ പ്രോത്സാഹിപ്പിച്ച എല്ലാവർക്കും അദ്ദേഹം നന്ദി പറഞ്ഞു.

കൻഹാറിനെ നിയമസഭയിലേക്ക് തെരഞ്ഞെടുത്തതിന് ശേഷവും, അദ്ദേഹം തന്റെ ലളിതമായ ജീവിത രീതികൾ ഉപേക്ഷിച്ചില്ല. അദ്ദേഹം അപ്പോഴും ഒരു കർഷകനായി തന്നെ ജീവിച്ചു. ഒരു പഴയ ഹവായ് ചെരിപ്പും വെള്ള ധോത്തിയും ബനിയനും ധരിച്ച് അദ്ദേഹം നാട്ടുകാർക്കൊപ്പം വയലിൽ പോയി പാട്ടുപാടുന്നതിന്റെയും ഉഴുകുന്നതിന്റെയും ചിത്രങ്ങൾ വൈറലായിരുന്നു.