Asianet News MalayalamAsianet News Malayalam

മകളുടെ പിറന്നാളിന് 27 കുട്ടികളെ ക്ഷണിച്ചു, ഒരാള്‍ പോലും വന്നില്ല, അമ്മയുടെ പരാതി

ഒരുപാട് പണവും ഊര്‍ജ്ജവും വെറുതെ നഷ്ടപ്പെട്ടു എന്നും നിരാശയോടെ ബ്രയന്ന വീഡിയോയില്‍ പറയുന്നുണ്ട്. 

mom invited 27 kids for daughters birthday no one showed up
Author
First Published Dec 9, 2022, 2:13 PM IST

പിറന്നാളുകള്‍ കുഞ്ഞുങ്ങളെ സംബന്ധിച്ച് വലിയ ആഘോഷമാണ്. അതിന് അവരുടെ കൂട്ടുകാരും വീട്ടുകാരും ഒക്കെ കൂടെ വേണം എന്നും അത് ആഘോഷമാക്കണം എന്നും അവര്‍ക്കെല്ലാം ആഗ്രഹവും കാണും. എന്നാല്‍, ക്ഷണിച്ച ഒറ്റ കൂട്ടുകാരും പിറന്നാളാഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തിയില്ലെങ്കില്‍ എന്താവും അവസ്ഥ? അത് കുട്ടിക്കും വീട്ടുകാര്‍ക്കും വലിയ മാനസിക പ്രയാസം തന്നെ ആവും അല്ലേ? 

ഏതായാലും അതുപോലൊരു അനുഭവം പങ്കുവച്ചിരിക്കുകയാണ് ടിക്ടോക്കില്‍ ഒരു അമ്മ. അവരുടെ മകളുടെ പിറന്നാളിന് 27 കുട്ടികളെ ക്ഷണിച്ചിരുന്നു എന്നും എന്നാല്‍, ഒരാള്‍ പോലും പിറന്നാളാഘോഷത്തിന് എത്തിയില്ല എന്നുമാണ് ബ്രെയന്ന സ്ട്രോംഗ് എന്ന 27 -കാരി പറയുന്നത്. മൂന്ന് മില്ല്യണ്‍ ആളുകളാണ് വീഡിയോ കണ്ടത്. നൂറുകണക്കിന് കമന്‍റുകളും വീഡിയോയ്ക്ക് വന്നു. മിക്കവരും ബ്രെയന്നയെ സമാധാനിപ്പിച്ചു. 

മകള്‍ അവേരിയുടെ പിറന്നാളിനാണ്  ബ്രയന്ന അവളുടെ 27 കൂട്ടുകാരെ ക്ഷണിച്ചത്. എന്നാല്‍, ആരും വന്നില്ല. അവേരി ഒരിടത്തിരുന്ന് ഒറ്റയ്ക്ക് പിസ കഴിക്കുന്നത് വീഡിയോയില്‍ കാണാം. ഒപ്പം പിറന്നാളാഘോഷത്തിന് വേണ്ടി സ്ഥലം ഒരുക്കിയിരിക്കുന്നതും ക്ഷണിച്ചിരിക്കുന്നവര്‍ക്കെല്ലാം വേണ്ടി ടേബിളും ഗ്ലാസും പാത്രങ്ങളും ഒക്കെ ഒരുക്കിയിരിക്കുന്നതും വീഡിയോയില്‍ കാണാം. ഒരുപാട് പണവും ഊര്‍ജ്ജവും വെറുതെ നഷ്ടപ്പെട്ടു എന്നും നിരാശയോടെ ബ്രയന്ന വീഡിയോയില്‍ പറയുന്നുണ്ട്. 

ഇത് തങ്ങള്‍ക്കും സംഭവിച്ചിട്ടുണ്ട് എന്ന് പലരും കമന്‍റ് സെക്ഷനില്‍ പറഞ്ഞു. പലരും തങ്ങളുടെ അനുഭവങ്ങളും പങ്ക് വച്ചു. 'തന്‍റെ പതിനാറാമത്തെ വയസില്‍ സമാനമായ സംഭവം നടന്നിട്ടുണ്ട്. ഇരുപത്തിയാറാമത്തെ വയസ് വരെ പിന്നെ അത് ചെയ്തില്ല. എന്നാല്‍, ഇരുപത്താറിലും അത് തന്നെ നടന്നു. ഇപ്പോള്‍ 39 വയസായി തനിച്ച് ആസ്വദിക്കുന്നു' എന്നാണ് ഒരാള്‍ കമന്‍റ് ഇട്ടത്. 

മറ്റ് പലരും, പിറന്നാളിന് വീട്ടുകാര്‍ മാത്രം മതി എന്ന് വയ്ക്കുന്നതാണ് നല്ലത് എന്ന് അഭിപ്രായപ്പെട്ടു. ഒപ്പം കൂട്ടുകാരെയൊക്കെ ക്ഷണിച്ച് അവര്‍ക്ക് വേണ്ടി പണം ചെലവാക്കുന്നതിന് പകരം ആ പണം കൊണ്ട് കുട്ടിക്ക് ഏറ്റവും ഇഷ്ടപ്പെട്ടതെല്ലാം വാങ്ങിക്കൊടുക്കുന്നാതണ് നല്ലത് എന്നും ചിലര്‍ അഭിപ്രായപ്പെട്ടു. ഏതായാലും അനേകം പേര്‍ ബ്രയന്നയേയും മകള്‍ അവേരിയെയും ആശ്വസിപ്പിച്ച് കൊണ്ട് വീഡിയോയ്ക്ക് കമന്‍റുകള്‍ നല്‍കി. 


 

Follow Us:
Download App:
  • android
  • ios