Asianet News MalayalamAsianet News Malayalam

ആളുകളുടെ ഉറക്കം കെടുത്തി ഒരു കുരങ്ങ്, കണ്ണിൽ കണ്ടവരെയെല്ലാം ഉപദ്രവിക്കുന്നു, കുഞ്ഞുങ്ങളെ വലിച്ചുകൊണ്ടുപോകുന്നു

കഴിഞ്ഞ വാരാന്ത്യത്തിൽ, കുരങ്ങൻ ഒരു അപ്പാർട്ട്മെന്റിന്റെ വാതിൽ തുറന്ന് കയറി ഒരു നാല് വയസ്സുകാരിയുടെ കാലിൽ മാന്തി. പിന്നെ അവളെ ഉപേക്ഷിച്ചു സമീപത്തുള്ള മറ്റുള്ളവരെ ആക്രമിക്കാൻ തുടങ്ങി.

monkey attacks in japan
Author
Japan, First Published Jul 20, 2022, 2:20 PM IST

സംസ്ഥാനത്ത് മങ്കിപോക്സ് എന്ന രോഗമാണ് ഇപ്പോൾ ആളുകളിൽ ഭീതി പടർത്തുന്നതെങ്കിൽ, ജപ്പാനിൽ ഒരു യഥാർത്ഥ കുരങ്ങാണ് ആളുകളുടെ ഉറക്കം കെടുത്തുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളിലായി പത്തോളം ആളുകളെയാണ് ആ കാട്ടുകുരങ്ങ് ആക്രമിച്ചത്. അതിനെ പേടിച്ച് ആളുകൾ വീടിന് പുറത്തിറങ്ങാൻ മടിക്കുന്നു. പൊലീസാകട്ടെ, ആ ആക്രമകാരിയെ തേടി തലങ്ങും വിലങ്ങും പായുകയാണ്.

രാജ്യത്തിന്റെ തെക്ക്-പടിഞ്ഞാറ് ഭാഗത്തുള്ള യമാഗുച്ചി പ്രിഫെക്ചറിലെ ഒഗോറി ജില്ലയിലാണ് സംഭവം. ജൂലൈ 8 -നാണ് ആദ്യമായി അത് ഒരാളെ ആക്രമിച്ചത്. ഒരു വീട്ടിനുള്ളിൽ അതിക്രമിച്ചുകയറിയ കുരങ്ങ് കളിച്ചുകൊണ്ടിരുന്ന ഒരു കുഞ്ഞിനെ ഉപദ്രവിച്ചു. കുഞ്ഞിന്റെ അമ്മ ആ സമയം വീട്ടുജോലിയിലായിരുന്നു. കുഞ്ഞിന്റെ അലമുറയിട്ടുള്ള കരച്ചിൽ കേട്ട് മുറിയിൽ ചെന്ന് നോക്കുമ്പോൾ കുഞ്ഞിന്റെ അരികിൽ കുരങ്ങനുണ്ടായിരുന്നു. കുഞ്ഞിന്റെ രണ്ടു കാലിലും പിടിച്ച് വലിച്ച് കൊണ്ട് പോകാനുള്ള ശ്രമമായിരുന്നു കുരങ്ങന്റെതെന്ന് അമ്മ പറയുന്നു. അപ്പോഴേക്കും അവരെത്തി, അതിനെ ഓടിച്ചു. എന്നാൽ അതൊരു തുടക്കം മാത്രമായിരുന്നു. പിന്നീട് ആക്രമങ്ങളുടെ ഒരു പരമ്പര തന്നെ അവിടെ അരങ്ങേറി.

കഴിഞ്ഞ വാരാന്ത്യത്തിൽ, കുരങ്ങൻ ഒരു അപ്പാർട്ട്മെന്റിന്റെ വാതിൽ തുറന്ന് കയറി ഒരു നാല് വയസ്സുകാരിയുടെ കാലിൽ മാന്തി. പിന്നെ അവളെ ഉപേക്ഷിച്ചു സമീപത്തുള്ള മറ്റുള്ളവരെ ആക്രമിക്കാൻ തുടങ്ങി. അത് ഉപദ്രവിച്ചവരിൽ കൂടുതലും കുട്ടികളായിരുന്നു. കൂടാതെ, കിന്റർഗാർഡൻ ക്ലാസ് മുറികളിൽ കയറി കുട്ടികളെ ഉപദ്രവിക്കുകയും ചെയ്തു. 40 മുതൽ 50 സെന്റീമീറ്റർ വരെയാണ് കുരങ്ങന്റെ ഉയരം. ലോക്കൽ പൊലീസ് അതീവ ജാഗ്രതയിലാണ്. കുരങ്ങനെ കുടുക്കാൻ കെണികളുമായി അവർ കാത്തിരിക്കുകയാണ്. വീടിന്റെ ജനലുകളും, വാതിലുകളും തുറന്നിടരുതെന്ന് ആളുകൾക്ക് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.  

മെയ് മുതൽ ഈ പ്രദേശത്ത് ഏകദേശം 40 കുരങ്ങുകളെ കണ്ടതായി പൊതു മാധ്യമ സ്ഥാപനമായ എൻഎച്ച്കെ പറയുന്നു. ജപ്പാനിൽ കാട്ടുകുരങ്ങുകൾ മാത്രമല്ല കാടിറങ്ങി ജനങ്ങളുടെ സ്വസ്ഥത കെടുത്തുന്നത്. സമീപ വർഷങ്ങളിൽ രാജ്യത്തുടനീളം കരടികളെയും കണ്ടിരുന്നു. അവ പലരെയും ആക്രമിച്ചു. ഇതിനൊക്കെ പുറമെ, കാട്ടുപന്നിയും ശല്യമുണ്ടാക്കുന്നുണ്ട്. കഴിഞ്ഞ വർഷം ഏഴോളം ആളുകളെ ഉപദ്രവിച്ച ഹിരോഷിമ പാർക്കിലെ രണ്ട് വന്യമൃഗങ്ങളെ വെടി വച്ച് കൊലപ്പെടുത്തിയിരുന്നു. പലപ്പോഴും, മൃഗങ്ങൾ ഭക്ഷണം തേടിയാണ് കാടിറങ്ങുന്നത്. ഭക്ഷണം തേടി ജനവാസ മേഖലകളിൽ അലയുന്ന അവ കണ്ണിൽ കണ്ടവരെയെല്ലാം ഉപദ്രവിക്കുകയും, കൃഷിഭൂമി നശിപ്പിക്കുകയും ചെയ്യുന്നു. 2020 -ൽ ഇഷികാവ പ്രിഫെക്ചറിലെ ഒരു ഷോപ്പിംഗ് മാളിൽ ഒരു കരടി കയറി ഒരു പകൽ മുഴുവൻ സംഘർഷം സൃഷ്ടിച്ചു. ഒടുവിൽ അതിനെ വെടിവച്ച് കൊല്ലുകയായിരുന്നു.  

 


 

Follow Us:
Download App:
  • android
  • ios