Asianet News MalayalamAsianet News Malayalam

തന്നെ പിടികൂടാൻ സഹായിച്ച ഓട്ടോഡ്രവറോട് പ്രതികാരം തീർക്കണം, കുരങ്ങൻ കാട്ടിൽനിന്നും തിരികെ സഞ്ചരിച്ചത് 22 കി മി

കുരങ്ങൻ ഗ്രാമത്തിൽ തിരിച്ചെത്തിയെന്ന് കേട്ടപ്പോൾ എന്റെ നട്ടെല്ലിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു. ഞാൻ തന്നെ വനംവകുപ്പിനെ വിളിച്ച് അവരോട് എത്രയും വേഗം എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. 

monkey travelled 22 km to take revenge
Author
Chikmagalur, First Published Sep 27, 2021, 2:04 PM IST

കർണാടക (Karnataka) യിലെ ചിക്കമംഗളൂർ (Chikkamagalur) ജില്ലയിലെ കൊട്ടിഗെഹര (Kottigehara) ഗ്രാമത്തിനടുത്തുള്ള ഒരു കുരങ്ങൻ (monkey) ഒരു പ്രദേശവാസിയോട് പ്രതികാരം ചെയ്യാനായി 22 കിലോമീറ്റർ ദൂരം സഞ്ചരിച്ച് തിരികെ എത്തിയത്രെ. ടിഎൻഎൻ(TNN) ആണ് ഈ വിചിത്രമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

സംഭവത്തിലെ കുരങ്ങൻ പ്രദേശത്ത് മിക്കപ്പോഴും കാണുന്ന കാഴ്ചയായിരുന്നു. ഗ്രാമീണരിൽ നിന്ന് പഴങ്ങളും ലഘുഭക്ഷണങ്ങളും തട്ടിയെടുക്കാനായിരുന്നു കുരങ്ങന്‍റെ ആദ്യത്തെ ശ്രമങ്ങള്‍. എന്നാല്‍, ആദ്യം നാട്ടുകാര്‍ ഇതൊന്നും അത്ര കാര്യമായി ശ്രദ്ധിച്ചില്ല. പക്ഷേ, സ്കൂളുകൾ വീണ്ടും തുറന്നപ്പോൾ, പ്രദേശത്തെ മൊറാർജി ദേശായി സ്കൂളിന് (Morarji Desai School) ചുറ്റും ഈ കുരങ്ങൻ സഞ്ചരിക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടു. 

കുരങ്ങനെ കാണുന്നത് പതിവായതോടെ കുട്ടികള്‍ ഭയപ്പെട്ടു തുടങ്ങി. അങ്ങനെ ഈ കുരങ്ങനെ പിടികൂടാനായി ഒരു സംഘം സപ്തംബര്‍ 16 -ന് അവിടെ എത്തിച്ചേര്‍ന്നു. എന്നാല്‍, വനം വകുപ്പ് ജീവനക്കാര്‍ക്ക് ഈ കുരങ്ങനെ തനിച്ച് പിടികൂടാൻ ആയില്ല. അങ്ങനെ അവര്‍ സമീപത്തെ ഓട്ടോ ഡ്രൈവര്‍മാരോടും മറ്റുള്ളവരോടും കുരങ്ങനെ പിടികൂടാനായി സഹായം അഭ്യര്‍ത്ഥിച്ചു. അതിൽ ജ​ഗദീഷ് എന്നൊരു ഓട്ടോഡ്രൈവറും ഉണ്ടായിരുന്നു.

എന്നാൽ, തന്നെ പിടികൂടാൻ നോക്കിയ ജ​ഗദീഷിനെ കുരങ്ങൻ കണക്കിന് ഉപദ്രവിച്ചു. അത് ജഗദീഷിന്‍റെ കൈയിൽ കടിക്കുകയും അയാളെ മാന്തുകയും ചെയ്തു. ജഗദീഷ് ഭയന്ന് ഓടിയപ്പോൾ കുരങ്ങനും പിന്നാലെ ചെന്നു. അയാൾ തന്റെ ഓട്ടോയിൽ കയറി ഒളിച്ചുവെങ്കിലും കുരങ്ങൻ അതിന്റെ കവറുകൾ വലിച്ചുകീറി. 

'ഞാന്‍ അത്രക്കും പേടിച്ചുപോയി. ആ കുരങ്ങൻ എന്നെ എല്ലായിടത്തും പിന്തുടര്‍ന്നു. അതെന്നെ ആഴത്തിലാണ് കടിച്ചത്. ഡോക്ടര്‍ പറഞ്ഞത് ഒരുമാസമെങ്കിലും എടുക്കും എന്‍റെ മുറിവ് ഭേദമാകാന്‍ എന്നാണ്. എന്‍റെ ഉപജീവനമാര്‍ഗം ഈ ഓട്ടോറിക്ഷയാണ്. അത് ഓടിക്കാന്‍ പോലും എനിക്ക് പറ്റുന്നില്ല. മാത്രമല്ല, ആ ദിവസം ഞാന്‍ വീട്ടില്‍ പോയില്ല. വീട്ടിലേക്കും അത് എന്നെ പിന്തുടര്‍ന്നെത്തിയാലോ എന്ന് പേടിച്ചിട്ടാണ് പോവാതിരുന്നത്. എന്‍റെ വീട്ടില്‍ ചെറിയ കുഞ്ഞുങ്ങളൊക്കെ ഉള്ളതാണ്. അവരെ കുരങ്ങന്‍ ആക്രമിച്ചാലെന്ത് ചെയ്യും? ഇപ്പോഴും ഞാന്‍ പേടിയില്‍ തന്നെയാണ് ഉള്ളത്' എന്ന് ജഗദീഷ് ന്യൂസ് 18 -നോട് പറഞ്ഞു. 

ഏതായാലും അന്ന് ഒടുവില്‍ 30 പേര്‍ ചേര്‍ന്ന് മൂന്ന് മണിക്കൂര്‍ കൊണ്ട് കുരങ്ങനെ പിടികൂടി. ഒടുവില്‍ 22 കിലോമീറ്റര്‍ അപ്പുറത്തുള്ള ബലൂര്‍ കാട്ടില്‍ അതിനെ വിട്ടയച്ചു. ഒരാഴ്ചയോളം സംഗതി കുഴപ്പമില്ലാതെ പോയി. എന്നാല്‍, കൃത്യം ഒരാഴ്ചയ്ക്കുള്ളില്‍ അതേ കുരങ്ങന്‍ എങ്ങനെയൊക്കെയോ അതേ ഗ്രാമത്തില്‍ തന്നെ തിരികെയെത്തി. ട്രക്കില്‍ കയറിയാവും അത് ഗ്രാമത്തിലെത്തിയത് എന്നാണ് കരുതുന്നത്. കുരങ്ങന്‍ തിരികെയെത്തി എന്ന വാര്‍ത്ത ഏറ്റവുമധികം ഭയപ്പെടുത്തിയത് ജഗദീഷിനെയാണ്. 

'കുരങ്ങൻ ഗ്രാമത്തിൽ തിരിച്ചെത്തിയെന്ന് കേട്ടപ്പോൾ എന്റെ നട്ടെല്ലിൽ ഒരു തണുപ്പ് അനുഭവപ്പെട്ടു. ഞാൻ തന്നെ വനംവകുപ്പിനെ വിളിച്ച് അവരോട് എത്രയും വേഗം എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഞാന്‍ ഒളിച്ചിച്ചിരുന്നിടത്തു നിന്നും പുറത്തോട്ട് വന്നില്ല. ഇത് അതേ കുരങ്ങന്‍ തന്നെയാണ് എന്ന് എനിക്കറിയാം. അതിന്‍റെ ചെവിയിലൊരു പാടുണ്ട്. അത് കണ്ടുവെന്ന് എന്നോട് സുഹൃത്ത് പറഞ്ഞിരുന്നു' എന്നും ജഗദീഷ് പറയുന്നു. 

'എന്തുകൊണ്ടാണ് ഈ കുരങ്ങന്‍ ഒരാളെ ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്നത് എന്ന് നമുക്ക് മനസിലാവുന്നില്ല. അയാൾ മുമ്പ് ഈ കുരങ്ങിന് എന്തെങ്കിലും ദ്രോഹം വരുത്തിയിട്ടുണ്ടോ അതോ ഇത് അതിനെ അന്ന് പിടികൂടാൻ ശ്രമിച്ചതിലുള്ള പ്രതികാരമാണോ എന്ന് ഞങ്ങൾക്ക് അറിയില്ല. പക്ഷേ, ഒരു കുരങ്ങന്‍ ഒരാളോട് ഇങ്ങനെ പെരുമാറുന്നത് ആദ്യമായി കാണുകയാണ്' എന്ന് മുദിഗെരെ റേഞ്ച് ഫോറസ്റ്റ് ഓഫീസർ മോഹൻ കുമാർ ബിജി പറഞ്ഞു. 

ഏതായാലും സപ്തംബര്‍ 22 -ന് കുരങ്ങന്‍ വീണ്ടും പിടിയിലായി. പിന്നീട്, തിരിച്ചുവരാതിരിക്കാനായി കാടിന്‍റെ ഏറ്റവും അകത്താണ് അതിനെ കൊണ്ടു വിട്ടത്. ജഗദീഷിനാണെങ്കില്‍ ഇപ്പോഴും പേടി മാറിയിട്ടില്ല. ആ കുരങ്ങൻ ഇനി ഒരിക്കലും തിരികെ വരല്ലേ എന്ന് പ്രാര്‍ത്ഥിക്കുകയാണ് ഇപ്പോള്‍ ജഗദീഷ്. 

(ചിത്രം പ്രതീകാത്മകം) 
 

Follow Us:
Download App:
  • android
  • ios