പൂർണ്ണമായും സ്വർണ്ണത്തിൽ നിർമ്മിച്ച, ഒരു മില്യൺ ഡോളറിലധികം വിലമതിക്കുന്ന വസ്ത്രം ഗിന്നസ് റെക്കോർഡ് നേടി. 10 കിലോയിലധികം ഭാരമുള്ള ഈ വസ്ത്രം യുഎഇയുടെ പൈതൃകം വിളിച്ചോതുന്നതിനൊപ്പം ആധുനിക കരകൗശല വൈദഗ്ദ്ധ്യത്തിന്‍റെ പ്രതീകം കൂടിയാണ്.
ഒരു സാധാരണ മനുഷ്യന്‍റെ സ്വപ്നങ്ങൾക്കും അപ്പുറത്താണ് ഫാഷന്‍ ലോകം. അത് പരമ്പരാഗതമായ എല്ലാ സങ്കൽപ്പങ്ങളെയും അടിമുടി തകിടം മറിക്കുന്നു. പറഞ്ഞ് വരുന്നത് ഒരു വസ്ത്രത്തെ കുറിച്ചാണ്. അതിന്‍റെ മൂല്യം കേട്ടാൽ തന്നെ അമ്പരപ്പുണ്ടാകും. അതെ ഒരു മില്യണ്‍ ഡോളറാണ് ആ വസ്ത്രത്തിന്‍റെ മൂല്യം. ഇത്രയും വിലപിടിപ്പുള്ള വസ്ത്രമോ എന്ന് അമ്പരക്കാന്‍ വരട്ടെ. ഈ വസ്ത്രം നിർമ്മിച്ചിരിക്കുന്നത് പൂർണ്ണമായും സ്വർണ്ണത്തിലാണ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സ് അംഗീകരിച്ച ഈ അസാധാരണ വസ്ത്രം ഇന്ന് ഔദ്യോഗികമായി ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള സ്വർണ്ണ വസ്ത്രം കൂടിയാണ്. അതിന്‍റെ യഥാര്‍ത്ഥ വില10,88,000 ഡോളറും (ഏതാണ്ട് 9,65,26,326 ഇന്ത്യന്‍ രൂപ)!.
സ്വർണ്ണവസ്ത്രം
10 കിലോയിൽ കൂടുതൽ ഭാരമുള്ള ഈ സ്വർണ്ണ വസ്ത്രം അതിന്‍റെ വിലയില്‍ തന്നെ ലോക റെക്കോർഡ് സൃഷ്ടിച്ചു. ഗിന്നസ് വേൾഡ് റെക്കോർഡ്സ് പ്രകാരം ഈ വസ്ത്രം 1,270.5 ഗ്രാം (44.8 oz) 21 കാരറ്റ് സ്വർണ്ണം കൊണ്ടാണ് നിർമ്മിച്ചിത്. ഈ സ്വർണ്ണവസ്ത്രത്തിന്‍റെ ആകെ ഭാരം 8,810.7 ഗ്രാം (310.7 oz). ഒരു സ്വർണ്ണക്കിരീടവും സ്വർണ്ണക്കമ്മലും സ്വർണ്ണവളയും ഉൾപ്പെടുമ്പോഴാണ് ഈ സ്വർണ്ണവസ്ത്രം പൂർണ്ണമാവുക. ആകെ മൊത്തം ഭാരം 10,081.2 ഗ്രാം (355.6 oz) ആണ്. അതായത് ഏകദേശം ഒരു ഡാഷ്ഹണ്ട് നായയുടെയോ ഒന്നര ബൗളിംഗ് ബോളുകളുടെയോ ഭാരത്തിന് തുല്യം.
പൈതൃകവും ആഡംബരവും
അൽ റൊമൈസാൻ ഗോൾഡ് ആന്‍റ് ജ്വല്ലറി രൂപകൽപ്പന ചെയ്ത ഈ സുവർണ്ണ സൃഷ്ടി, ആധുനിക കരകൗശല വൈദഗ്ദ്ധ്യം ഉൾക്കൊള്ളുന്നതിനൊപ്പം യുഎഇയുടെ സമ്പന്നമായ പൈതൃകത്തെയും ആഘോഷിക്കുന്നു. വസ്ത്രത്തിന്‍റെ ഓരോ ഭാഗത്തിനും ഒരു കഥ പറയാനുണ്ടെന്ന് നിർമ്മാതാക്കളും അവകാശപ്പെടുന്നു. ശിരോവസ്ത്രം രാജ്യത്തിന്‍റെ സാംസ്കാരിക അഭിമാനത്തെ പ്രതീകപ്പെടുത്തുന്നു, അതേസമയം സ്വർണ്ണ വള പരമ്പരാഗത ആഭരണ കലയെ ആദരിക്കുന്നു. വസ്ത്രത്തിന്‍റെ ചിത്രങ്ങളും വീഡിയോയും ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ്സിന്‍റെ ഔദ്ധ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവച്ചു. ഗൗണ്‍ പോലെയുള്ള ഈ സ്വർണ്ണവസ്ത്രം ധരിച്ച യുവതികളെയും വീഡിയോയില്‍ കാണാം. ഇത് ആഡംബരത്തിനപ്പുറമാണ്, ഇത് ജീവിക്കുന്ന കലയാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ വീഡിയോയ്ക്ക് താഴെ കുറിച്ചത്. മ്യൂസിയം പീസ് എന്ന് കുറിച്ചവരും കുറവല്ല.


