ജോലിക്കായി ഭര്‍ത്താവ് ആഴ്ചകളോളം പുറത്തായിരിക്കും. ഈ സമയം ഭര്‍ത്താവിന്‍റെ കസിനുമായി പ്രണയത്തിലായി. പ്രണയത്തിന് കുട്ടികൾ തടസമാണെന്ന് തോന്നിയപ്പോൾ അവരെ ഇല്ലാതാക്കാന്‍ തീരുമാനിച്ചു.

പ്രണയത്തിന് കണ്ണില്ലെന്നാണ് ഒരു ചൊല്ല്. പ്രണയം ജാതി, മത, വര്‍ഗ്ഗ, ദേശ, രാഷ്ട്ര സംങ്കല്പങ്ങളെ പോലും ചോദ്യം ചെയ്യാനും സ്വതന്ത്രനാകാനുള്ള വാഞ്ച മനുഷ്യനില്‍ സൃഷ്ടിക്കുന്നു. എന്നാല്‍, ഇന്ന് പലപ്പോഴും കാണുന്നത് പ്രണയത്തിന് വേണ്ടി സ്വന്തം കുഞ്ഞുകളെ പോലും കൊല്ലാന്‍ മടിക്കാത്ത സ്ത്രീകളെയാണ്. കഴിഞ്ഞ ദിവസം തന്‍റെ ഒന്നും അഞ്ചും വയസുള്ള പിഞ്ഞുകുഞ്ഞുങ്ങളെ പ്രണയത്തിന്‍റെ പേരില്‍ കൊലപ്പെടുത്തിയ 25 കാരിയെ ഉത്തർപ്രദേശിലെ ഫിറോസാബാദ് ജില്ലയിൽ വച്ച് പോലീസ് അറസ്റ്റ് ചെയ്തു.

കാമുകനുമായുള്ള ബന്ധത്തിന് കുട്ടികള്‍ ഒരു തടസ്സമായത് കൊണ്ടാണ് കൊല നടത്തിയതെന്ന് കുട്ടികളുടെ അമ്മയായ മുസ്‌കാൻ ചോദ്യം ചെയ്യലിനിടെ പോലീസിനോട് പറഞ്ഞു. സംഭവസമയത്ത് മുസ്‌കാനും മക്കളായ അർഹാൻ, അനയ എന്നിവരുമാത്രമേ വീട്ടിൽ ഉണ്ടായിരുന്നൊള്ളൂ. മക്കൾക്ക് നല്‍കിയ ചായയിലും ബിസ്ക്കറ്റിലും വിഷം കലര്‍ത്തിയാണ് മുസ്കാന്‍ കൃത്യം നിര്‍വഹിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു. ജൂണ്‍ 19 ന് ഉച്ചയ്ക്ക് റൂര്‍ക്കലി ഗ്രാമത്തിലാണ് സംഭവം.

കുട്ടികളുടെ പിതാവും വെൽഡറുമായ വസീം അഹമ്മദ് (33) ജോലിക്കായി ചണ്ഡിഗഡിലേക്ക് പോയ സമയമായിരുന്നു സംഭവമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. വിഷാംശം ഉള്ളില്‍ ചെന്ന കുട്ടികളുടെ ബോധം നഷ്ടപ്പെട്ടു. ഇതോടെ മക്കളുടെ ബോധം പോയെന്ന് നിലവിളിച്ച് മുസ്ക്കാന്‍ അയൽവാസികളെ വിളിച്ചു. വീട്ടിലെത്തിയ അൽവാസികൾക്ക് സംശയം തോന്നിയതിനാല്‍ അവര്‍ പോലീസിനെ വിവരമറിയിച്ചു.

പോലീസെത്തി കുട്ടികളെ സമീപത്തെ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്‍ററില്‍ എത്തിച്ചെങ്കിലും കുട്ടികളിരുവരും അതിനകം മരിച്ചതായി പോലീസ് സ്ഥിരീകരിച്ചു. അതസമയം കുട്ടികളുടെ ശരീരത്തില്‍ പരിക്കുകളൊന്നും ദൃശ്യമായിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം റിസൾട്ടിനായി കാത്തിരിക്കുകയാണെന്നും ആന്തരികാവയവങ്ങൾ കൂടുതല്‍ വിശകലനത്തിനായി സൂക്ഷിച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

2018 ലാണ് മുസ്കാന്‍റെയും വസീം അഹമ്മദിന്‍റെയും വിവാഹം കഴിഞ്ഞത്. ജോലി ആവശ്യങ്ങൾക്കായി വസീം മിക്കവാറും വീട്ടില്‍ നിന്നും അകലെയായിരിക്കും. ഈ സമയത്താണ് വസീമിന്‍റെ ബന്ധുവായ ജുനൈദ് അഹമ്മദുമായി മുസ്കാന്‍ അടുക്കുന്നതും അത് പ്രണയമാകുന്നതും. രണ്ട് വര്‍ഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. കുട്ടികൾക്ക് നല്‍കാനുള്ള വിഷം വാങ്ങി നൽകിയത് ജുനൈദാണ്. പോലീസ് മുസ്കാനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ജുനൈദ് ഒളിവില്‍പ്പോയെന്ന് പോലീസ് പറയുന്നു.