ബാങ്കോംഗിലെ പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രത്തില്‍ നൃത്തം ചെയ്യുന്ന ഒരു കൂട്ടം ഇന്ത്യന്‍ സഞ്ചാരികൾക്ക് നേരെ രൂക്ഷ വിമർശനം. 

തായ്‌ലൻഡിലെ ഒരു പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രത്തിൽ നൃത്തം ചെയ്ത ഇന്ത്യൻ വിനോദ സഞ്ചാരികൾക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക വിമർശനം ഉയരുന്നു. വിനോദ സഞ്ചാര കേന്ദ്രത്തിൽ നിന്നുമുള്ള വീഡിയോ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതിന് തൊട്ടു പിന്നാലെയാണ് സംഭവവുമായി ബന്ധപ്പെട്ട വിഭിന്ന അഭിപ്രായങ്ങൾ സമൂഹ മാധ്യമങ്ങളില്‍ ഉയർന്നത്. മെയ് മാസത്തിൽ ടിക് ടോക്കിൽ ആദ്യമായി പങ്കുവെച്ച ഈ വീഡിയോ ഇപ്പോൾ വീണ്ടും മറ്റ് സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെടുകയും പിന്നാലെ വൈറലാവുകയുമായിരുന്നു. ഇന്ത്യൻ വിനോദ സഞ്ചാരികളുടെ പ്രവർത്തികളെ വിമർശിച്ച് കൊണ്ട് ഒരു കൂട്ടം ആളുകൾ അഭിപ്രായപ്പെട്ടത് തെല്ലും പൗരബോധമില്ലാത്ത പ്രവർത്തിയാണ് അതെന്നായിരുന്നു.

മെയ് മാസത്തിൽ "@filipina.polish_family" എന്ന അക്കൗണ്ടാണ് ടിക് ടോക്ക് വീഡിയോ ആദ്യമായി പങ്കുവയ്ക്കപ്പെട്ടത്. ഒരു കൂട്ടം ഇന്ത്യൻ വിനോദ സഞ്ചാരികൾ നൃത്തം ചെയ്യുന്ന ദൃശ്യങ്ങളിൽ ആരംഭിക്കുന്ന ഈ വീഡിയോ തുടർന്ന് കാണിക്കുന്നത് ഇന്ത്യൻ വിനോദ സഞ്ചാരികളുടെ നീണ്ട നിരയെ തന്നെയാണ്. ഇവരെല്ലാവരും നൃത്തം ചെയ്തും പാട്ടുപാടിയും വിനോദവേള ആഘോഷമാക്കുന്നതും വീഡിയോയിൽ കാണാം. മറ്റ് രാജ്യക്കാരാണെന്ന് തോന്നുന്ന ആളുകൾ നൃത്തം കണ്ട് രസിക്കുകയും അത്ഭുതപ്പെടുകയും ചെയ്യുന്നതും വീഡിയോയിലുണ്ട്. ബാങ്കോക്കിലെ സഫാരി വേൾഡിലാണ് വീഡിയോ ചിത്രീകരിച്ചത് എന്നാണ് പശ്ചാത്തലം സൂചിപ്പിക്കുന്നത്. തായ്‌ലൻഡിൽ എത്തിയാൽ എല്ലായിടത്തും ഇന്ത്യക്കാരാണെന്ന കുറിപ്പോടെയായിരുന്നു വീഡിയോ പങ്കുവെച്ചത്.

Scroll to load tweet…

വീഡിയോ ശ്രദ്ധിക്കപ്പെട്ടതോടെയാണ് ഇന്ത്യക്കാരായ വിനോദ സഞ്ചാരികളെ വിമർശിച്ച് കൊണ്ട് നിരവധി ആളുകൾ അഭിപ്രായ പ്രകടനങ്ങൾ നടത്തിയത്. സ്ഥലകാല ബോധമില്ലാത്തവരാണെന്നും നാണക്കേടൊന്നുമില്ലേയെന്നും ചിലർ വീഡിയോയ്ക്ക് താഴെ കുറിച്ചത്. മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്ന രീതിയിലുള്ള ഇത്തരം പ്രവർത്തികൾ ഇന്ത്യൻ വിനോദ സഞ്ചാരികൾ അവസാനിപ്പിക്കണമെന്നും ഓരോ സ്ഥലത്തെത്തുമ്പോഴും അവിടുത്തെ സംസ്കാരവുമായി ചേർന്ന് പോകാൻ ശ്രമിക്കണമെന്നും ചിലർ അഭിപ്രായപ്പെട്ടു. പൗരബോധത്തിന്‍റെ കാര്യത്തിൽ വട്ടപ്പൂജ്യമാണ് ഇവരൊന്നും ചിലർ വിമർശിച്ചു.