9 വയസുകാരന്‍ ഹോം വർക്കിന് നല്‍കിയ ഉത്തരങ്ങളാണ് അമ്മ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചത്. 


ആളുകളുടെ ഷോപ്പിംഗ് രീതികളിൽ വിപ്ലവകരമായ മാറ്റമാണ് കഴിഞ്ഞ കുറച്ച് കാലങ്ങൾ കൊണ്ട് ഉണ്ടായിരിക്കുന്നത്. ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളെ എന്തിനും ഏതിനും ആശ്രയിക്കുന്നവരുടെ എണ്ണം വർധിച്ചുവരികയാണ്. ഓർഡർ ചെയ്യുന്ന സാധനം വീട്ടുപടിക്കൽ നിമിഷ നേരം കൊണ്ട് എത്തിക്കുന്ന നിരവധി ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഇന്ന് പ്രചാരത്തിലുണ്ട്. കൊച്ചു കുട്ടികൾക്ക് പോലും അത്തരം പ്ലാറ്റ്ഫോമുകൾ എത്ര സുപരിചിതമാണ് എന്ന തെളിയിക്കുന്ന രസകരമായ ഒരു സംഭവം കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്യപ്പെടുകയുണ്ടായി. ഒരമ്മ തന്‍റെ ഒൻപത് വയസ്സുള്ള മകന്‍റെ ഹോംവർക്ക് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് രസകരമായ ഈ സംഭവം സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ ശ്രദ്ധ നേടിയത്. 

പഴം, പച്ചക്കറി, മത്സ്യം, പാൽ എന്നിങ്ങനെ ഒരു വീട്ടിലേക്ക് ആവശ്യമുള്ള ഓരോ സാധനങ്ങളും ഏത് കടയിൽ നിന്നാണ് വാങ്ങുന്നത് എന്നായിരുന്നു 9 വയസ്സുകാരന്‍ ദക്ഷിന് തന്‍റെ ഹോംവര്‍ക്ക് ഷീറ്റിൽ എഴുതേണ്ടിയിരുന്നത്. തന്‍റെ അനുഭവത്തിന്‍റെ വെളിച്ചത്തിൽ അവൻ എഴുതിയ ഉത്തരങ്ങളാണ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയത്. ഉത്തരങ്ങളായി പരമ്പരാഗത കടകളുടെ പേര് നൽകുന്നതിന് പകരം പച്ചക്കറികളും പഞ്ചസാരയും മുതൽ അരിയും പാലും വരെ മിക്കവാറും എല്ലാ ഇനങ്ങൾക്കും അവൻ നൽകിയ ഉത്തരം 'ബ്ലിങ്കിറ്റ്' എന്ന് മാത്രമായിരുന്നു. 

View post on Instagram

മാംസം വാങ്ങിക്കുന്നതിന് നൽകിയ ഉത്തരം ആകട്ടെ 'ലൈഷ്യസ്' എന്നും. അമ്മയുടെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ സംഗതി ബ്ലിങ്കിറ്റിന്‍റെ ശ്രദ്ധയിലും പെട്ടു. അവർ കുറിപ്പ് അഭിമാനത്തോടെ പങ്കുവയ്ക്കുകയും ചെയ്തു. ഇത് കണ്ട് തങ്ങളുടെ ഉടമയുടെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞുവെന്നായിരുന്നു കുറിപ്പ് പങ്കുവച്ച് കൊണ്ട് ബ്ലിങ്കറ്റ് സമൂഹ മാധ്യമത്തിലെഴുതിയത്. 'ലൈഷ്യസ്' തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ച് കൊണ്ട് പോസ്റ്റിന് താഴെ കുറിപ്പെഴുതി. നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ കുറിപ്പുമായി എത്തിയത്.