കൊടുങ്കാറ്റടിക്കുന്നതിന് മുമ്പുള്ള ഒരു ചിത്രവും ( ഏപ്രിൽ 30 -ലെ ) കൊടുങ്കാറ്റ് കട്ടക്കിലൂടെ കടന്നു പോയതിനു രണ്ടു ദിവസം കഴിഞ്ഞുള്ള മറ്റൊരു ചിത്രവുമാണ് നാസ പങ്കുവെച്ചത്. നഗരത്തിലെ വെളിച്ചത്തിലുണ്ടായ സാരമായ കുറവ് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.
മെയ് മാസത്തിന്റെ തുടക്കത്തിൽ ഒഡിഷയിൽ നാശം വിതച്ചുകൊണ്ട് കടന്നുപോയ കൊടുംകാടായിരുന്നു ഫോനി. ഫോനി എന്ന വാക്കിന്റെയർത്ഥം 'പാമ്പിന്റെ പത്തി ' എന്നാണ്. 1999 -ലെ ബോബ് കൊടുങ്കാറ്റിന് ശേഷം ഇത്രയും തീവ്രമായ ഒരു കാറ്റ് ഇന്ത്യയിൽ വീശിയിട്ടില്ല. മണിക്കൂറിൽ 200 കിലോമീറ്ററായിരുന്നു ഫോനിയുടെ പ്രവേഗം. ഏറ്റവും പുതിയ വിവരങ്ങൾ പ്രകാരം 41 പേർക്ക് ഈ കൊടുങ്കാറ്റിൽ ജീവനാശമുണ്ടായിട്ടുണ്ട്. നിരവധി കെട്ടിടങ്ങൾ തകർന്നു. മരങ്ങളും കടപുഴകി വീണു. പുരി, ഭുബനേശ്വർ, കട്ടക്ക്, ഖുർദാ എന്നീ പ്രദേശങ്ങളിലെ നിരവധി വീടുകളുടെ മേൽക്കൂരകൾ കാറ്റെടുത്തു.
ഈ കൊടുങ്കാറ്റുകൊണ്ട് ഏറ്റവും വലിയ നഷ്ടം അനുഭവിക്കുന്നത് ഒഡിഷ സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ആണ്. അവരുടെ വൈദ്യുതിവിതരണ ശൃംഖല അപ്പാടെ താറുമാറാക്കിക്കൊണ്ടാണ് ഫോനി കടന്നുപോയത്. കൊടുങ്കാറ്റ് കടന്നു പോയപ്പോൾ 35 ലക്ഷം വീടുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടു. ദിവസങ്ങൾ നീണ്ട കഠിനാദ്ധ്വാനത്തിലൂടെയാണ് അതൊക്കെ പുനഃസ്ഥാപിക്കപ്പെട്ടത്. ഒഡിഷയിലെ കട്ടക്ക് നഗരത്തിലെ തെരുവുവെളിച്ചത്തിന് ഫോനി നൽകിയ ഈ 'ഇരുട്ടടി' യുടെ ആകാശചിത്രങ്ങൾ തങ്ങളുടെ ഒഫീഷ്യൽ ട്വിറ്റർ ഹാൻഡിലിലൂടെ നാസ പങ്കുവെക്കുകയുണ്ടായി. ഏറെ രസകരമാണ് ആ ചിത്രങ്ങൾ.
കൊടുങ്കാറ്റടിക്കുന്നതിന് മുമ്പുള്ള ഒരു ചിത്രവും ( ഏപ്രിൽ 30 -ലെ ) കൊടുങ്കാറ്റ് കട്ടക്കിലൂടെ കടന്നു പോയതിനു രണ്ടു ദിവസം കഴിഞ്ഞുള്ള മറ്റൊരു ചിത്രവുമാണ് നാസ പങ്കുവെച്ചത്. നഗരത്തിലെ വെളിച്ചത്തിലുണ്ടായ സാരമായ കുറവ് ചിത്രങ്ങളിൽ നിന്നും വ്യക്തമാണ്.
കൊടുങ്കാറ്റ് കടന്നുപോയപ്പോൾ വൈദ്യുതി പോസ്റ്റുകളും ടെലിഫോൺ ലൈനുകളും മാത്രമല്ല നിലം പൊത്തിയത്. മൊബൈൽ ടവറുകളുടെ പ്രവർത്തനങ്ങളെയും അത് പലയിടങ്ങളിലും ബാധിച്ചു. കടപുഴകി റോഡിലേക്ക് വീണ മരങ്ങൾ നാട്ടിൽ അങ്ങിങ്ങോളം ഗതാഗതക്കുരുക്കുണ്ടാക്കി. ഫോനി ഒഡിഷയിലുണ്ടാക്കിയ നാശനഷ്ടങ്ങൾ പരിഹരിക്കാൻ ഇനിയും ദീർഘകാലം വേണ്ടിവരുമെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്.
