മുൻ ജീവനക്കാർ ഓൺലൈനിൽ പങ്കുവെച്ച മോശം റിവ്യൂകൾ കാരണം ഒരു സ്ഥാപനം കടുത്ത നിയമന പ്രതിസന്ധിയിലായി. അഭിമുഖം കഴിഞ്ഞ ഉദ്യോഗാർത്ഥികൾ ജോലിയിൽ പ്രവേശിക്കാൻ വിസമ്മതിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. ഒരു മുതിർന്ന മാനേജരുടെ മോശം പെരുമാറ്റമാണ് ജീവനക്കാരെക്കൊണ്ട് ഇത്തരത്തിൽ പ്രതികരിപ്പിച്ചത്, ഇത് മികച്ച തൊഴിൽ സംസ്കാരത്തിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കുന്നു.
ഒരു സ്ഥാപനത്തിലെ മുൻ ജീവനക്കാർ ഓൺലൈനിൽ പങ്കുവെച്ച, സ്ഥാപനത്തെ കുറിച്ചുള്ള വിലയിരുത്തലുകൾ പുതിയ ഉദ്യോഗാർത്ഥികളെ ആ സ്ഥാപനത്തിൽ ചേരാൻ പിന്തിരിപ്പിക്കുന്നെന്ന സമൂഹ മാധ്യമത്തിൽ പങ്കുവെച്ച അനുഭവ കുറിച്ച് വലിയ ശ്രദ്ധനേടി. ജോലി സംബന്ധമായ ഒരു കുറിപ്പാണ് സംഭവം പുറത്തുകൊണ്ടുവന്നത്. പിന്നാലെ തൊഴിലാളികളോടുള്ള സ്ഥാപനങ്ങളുടെ മനോഭാവം മാറ്റേണ്ട കാലം കഴിഞ്ഞെന്ന് നിരവധി പേരാണ് എഴുതിയത്.
ജോലിക്ക് ചേരാൻ ആളില്ല
സ്ഥാപനത്തിൽ കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരവധി ഉദ്യോഗാർത്ഥികൾ അഭിമുഖം വിജയകരമായി പൂർത്തിയാക്കിയ ശേഷവും ജോലിയിൽ പ്രവേശിക്കുന്നതിന് തൊട്ടുമുമ്പ് പിന്മാറുകയായിരുന്നു. ഏതാണ്ട് 10 ഓളം ഉദ്യോഗാസ്ഥികളാണ് ഇത്തരത്തിൽ പിന്മാറിയതെന്ന് കുറിപ്പിൽ പറയുന്നു. പുതുതായി നടത്തുന്ന റിക്രൂട്ട്മെന്‍റുകളൊന്നും നടക്കാതായതോടെ സ്ഥാപനത്തിന്‍റെ നിയമന വിഭാഗം വലിയ പ്രതിസന്ധിയിലായി. ഈ സാഹചര്യം നീണ്ടു നിന്നതോടെ സ്ഥാപനത്തിനുള്ളിൽ കടുത്ത അസ്വസ്ഥതയും മേലധികാരികൾ തമ്മിൽ പരസ്പര കുറ്റപ്പെടുത്തലുകൾ പോലുമുണ്ടായി. ഇതെ തുടർന്ന് എന്തു കൊണ്ടാണ് ആരും പുതുതായി സ്ഥാപനത്തിലേക്ക് വരാത്തതെന്നതിനെ കുറിച്ച് അന്വേഷിക്കാൻ ഹ്യൂമൻ റിസോഴ്സ് വിഭാഗം തീരുമാനിച്ചു. ഇതേ തുടർന്ന് ഉദ്യോഗാസ്ഥികളുമായി അവർ വീണ്ടും ബന്ധപ്പെടുകയും എന്തുകൊണ്ടാണ് ജോലിക്ക് ചേരാത്തതെന്ന് അന്വേഷിക്കുകയും ചെയ്തു. ഉദ്യോഗാർത്ഥികളുടെ മറുപടി ഹ്യൂമൻ റിസോഴ്സ് വിഭാഗത്തെ അമ്പരപ്പിച്ചു.
മുൻ മാനേജരുടെ മോശം പെരുമാറ്റം
വിവിധ തൊഴിൽ അവലോകന വെബ്സൈറ്റുകളിലും പ്ലാറ്റ്‌ഫോമുകളിലും സ്ഥാപനത്തെക്കുറിച്ച് വളരെ മോശം അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്നും ഇത്രയും മോശം അവസ്ഥയിൽ ജോലി ചെയ്യാൻ താത്പര്യമില്ലെന്നുമായിരുന്നു അവരെല്ലാവരും മറുപടി നൽകിയത്. സ്ഥാപനത്തിൽ നിന്നും പിരിഞ്ഞ് പോയ മുൻ ജീവനക്കാർ പങ്കുവെച്ച തങ്ങളുടെ അനുഭവങ്ങളായിരുന്നു ആ രേഖപ്പെടുത്തലുകൾ. വെബ്സൈറ്റുകളിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലും സ്ഥാപനത്തെ കുറിച്ച് ഇത്രയും മോശമായ അവലോകനം എഴുതാൻ കാരണം സ്ഥാപനത്തിലെ ഒരു മുതിർന്ന മാനേജറുടെ മോശം നേതൃത്വ ശൈലി കാരണമാണെന്നും കുറിപ്പിൽ പറയുന്നു.
അയാളുടെ രൂക്ഷമായ പെരുമാറ്റം കാരണം പല ജീവനക്കാരും ജോലി ഉപേക്ഷിക്കുകയും സ്ഥാപനത്തിൽ നിന്നും തങ്ങൾക്ക് നേരിട്ട അനുഭവങ്ങൾ ഓൺലൈനിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതാണ് കമ്പനിയുടെ നിയമന പ്രശ്നങ്ങൾക്ക് കാരണമായതെന്നും കുറിപ്പിൽ പറയുന്നു. ഉദ്യോഗാർത്ഥികൾ നൽകുന്ന മോശം റിവ്യൂകൾ നിയമനത്തിന്‍റെ ഗുണനിലവാരത്തെ ഏറെ ബാധിച്ചെന്ന് എച്ച്ആർ മാനേജർ തന്നെ ഒരു മീറ്റിംഗിൽ വിശദീകരിച്ചു. ഒപ്പം, ജോലി വിടുന്നതിന് മുതിർന്ന മാനേജറുടെ മോശമായ പെരുമാറ്റത്തെ കുറിച്ച് സൂചിപ്പിച്ച് അയച്ച ഇമെയിലുകൾ എച്ച് ആർ മാനേജർ അവഗണിച്ചതും ചർച്ചയ്ക്ക് വന്നെന്നും കുറിപ്പിൽ പറയുന്നു.
വേണം മികച്ച തൊഴിൽ സംസ്കാരം
കുറിപ്പ് സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധ നേടിയതോടെ നിരവധി പേർ പ്രതികരണവുമായി രംഗത്തെത്തി. ജീവനക്കാരുടെ അഭിപ്രായങ്ങൾ അവഗണിക്കുന്ന സ്ഥാപനങ്ങൾക്ക് ഇതൊരു മുന്നറിയിപ്പാണെന്നും, മികച്ച തൊഴിൽ സംസ്കാരവും ജീവനക്കാരോടുള്ള ബഹുമാനവുമാണ് ഒരു സ്ഥാപനത്തിന്‍റെ ദീർഘകാല വിജയത്തിന് നിർണായകമെന്നും പലരും അഭിപ്രായപ്പെട്ടു. അതേസമയം, വൈറലായ സമൂഹ മാധ്യമ പോസ്റ്റിനെ അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണിവയെന്നും, സംഭവത്തിന്റെ സ്വതന്ത്ര സ്ഥിരീകരണം ലഭ്യമായിട്ടില്ലെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.


