ലിങ്ക്ഡ് ഇന്‍ അക്കൌണ്ട് ഉപയോഗിക്കാന്‍ നല്‍കിയാല്‍ ആഴ്ചയ്ക്ക് പണം നല്‍കാമെന്നായിരുന്നു വിളിച്ചവര്‍ അറിയിച്ചത്. പക്ഷേ, അങ്ങനെ നല്‍കിയാല്‍ തട്ടിപ്പുകാര്‍ അത് വഴി ബാങ്ക് അക്കൌണ്ട് അടക്കമുള്ള സ്വകാര്യവിവരങ്ങൾ ശേഖരിക്കാനുള്ള സാധ്യതകളും കൂടുതലാണ്.
ഓരോ ദിവസവും പലതരത്തിലുള്ള തട്ടിപ്പുകളുടെ കഥകളാണ് പുറത്തുവരുന്നത്. ഇപ്പോഴിതാ അക്കൂട്ടത്തിലേക്ക് പുതിയൊരെണ്ണം കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. 'ലിങ്ക്ഡ് ഇൻ സ്കാം' എന്ന പേരിൽ അറിയപ്പെടുന്ന ഈ തട്ടിപ്പ് ആളുകളിൽ നിന്നും ' ലിങ്ക്ഡ് ഇൻ അക്കൗണ്ടുകൾ വാടകയ്ക്ക് നൽകിയാൽ പണം നൽകാമെന്ന് വാഗ്ദാനം ചെയ്ത് നടത്തുന്നതാണ്. ആളുകളുടെ വ്യക്തി വിവരവും സാമ്പത്തിക വിവരവും ചോർത്തിയെടുക്കാനായി നടത്തുന്ന തട്ടിപ്പുകളുടെ ഭാഗമാണ് ഇതെന്നാണ് പ്രാഥമിക വിലയിരുത്തൽ.
ബംഗളൂരു സ്വദേശിയായ ഒരു യുവതി ഏതാനും ദിവസങ്ങൾക്ക് മുൻപ് തനിക്ക് നേരിട്ട് ഒരു അനുഭവം സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചതോടെയാണ് പുതിയ തട്ടിപ്പിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്. തനിക്കുണ്ടായ ഈ അനുഭവത്തെ ഏറെ വിചിത്രമായി തോന്നുന്നു എന്നാണ് യുവതി വിശേഷിപ്പിച്ചത്. ഒപ്പം ലിങ്ക്ഡ്ഇൻ അക്കൗണ്ട് വാടകയ്ക്ക് കൊടുക്കുന്നത് ജനപ്രിയമായോ എന്നും അവർ സംശയം പ്രകടിപ്പിച്ചു. നമ്മുടെ നാട്ടിൽ അപ്പാർട്ട്മെന്റുകളും മറ്റും വാടകയ്ക്ക് കൊടുക്കുന്നത് സാധാരണമാണ് ആദ്യമായാണ് ഇത്തരത്തിൽ ഒരു അഭ്യർത്ഥനയുമായി ഒരാൾ തന്നെ സമീപിക്കുന്നത് എന്നും അവർ കൂട്ടിച്ചേർത്തു.
ഒരാൾ തന്നെ ഓൺലൈനിൽ ബന്ധപ്പെടുകയും പണത്തിന് പകരമായി ഒരു നിശ്ചിത സമയത്തേക്ക് തന്‍റെ LinkedIn പ്രൊഫൈൽ നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു എന്നുമാണ് യുവതി പറയുന്നത്. എന്നിരുന്നാലും, ഈ പ്രവർത്തനത്തിന്‍റെ ലക്ഷ്യം അജ്ഞാതമാണ്. യുവതി ചാറ്റിന്‍റെ സ്ക്രീൻഷോട്ടുകളും കുറിപ്പിനോടൊപ്പം പങ്കുവച്ചു. ഇങ്ങനെ നൽകിയാൽ പ്രതിഫലമായി ഒരാഴ്ച 20 ഡോളർ വീതമാണ് വാഗ്ദാനം ചെയ്തത്. എന്നാൽ, അക്കൗണ്ട് വാടകയ്ക്ക് എടുക്കുന്ന കാലയളവിൽ അതിലെ വ്യക്തി വിവരങ്ങളോ സുരക്ഷാക്രമീകരണങ്ങളോ മാറ്റാൻ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്. സ്വകാര്യ കോൺടാക്റ്റുകൾക്ക് ശല്യമുണ്ടാകില്ലെന്നും എന്നാൽ, അവളുടെ ലോഗിൻ ക്രെഡൻഷ്യലുകൾ ആവശ്യമാണെന്നും യുവതിയോട് അക്കൗണ്ട് അഭ്യർത്ഥിച്ചവർ ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, ഈ ഹാൻഡിലുകൾ വാടകയ്‌ക്കെടുക്കുന്നതിലൂടെ തട്ടിപ്പുകാർ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമല്ല.
