ഇങ്ങനെയൊരു ടാറ്റൂവുമായി ആറ് മണിക്ക് പ്രൈം ടൈം ന്യൂസ് അവതരിപ്പിക്കുന്ന ആദ്യത്തെ ആളാവും താൻ, തനിക്ക് പിന്നാലെ അനേകർ അവിടെയെത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു എന്നും അവര്‍ പറയുന്നു.
മുഖത്ത് പരമ്പരാഗതരീതിയില്‍ പച്ചകുത്തിയിട്ടുള്ള ഒരു മാധ്യമപ്രവർത്തക പ്രൈം ടൈം ന്യൂസ് വായിച്ച് ചരിത്രം കുറിച്ചിരിക്കുകയാണ്. 'മോക്കോ കാവേ'(moko kauae) എന്ന് അറിയപ്പെടുന്ന, സാധാരണയായി മാവോറി സ്ത്രീകൾ ധരിക്കുന്ന പരമ്പരാഗത രീതിയിലുള്ള ടാറ്റൂവാണ് ഇത്. ചുണ്ടിന് താഴെ മുതല്‍ താടിവരെയുള്ള ഈ ടാറ്റൂവുമായിട്ടാണ് 37 -കാരിയായ ഒറിനി കൈപാറ(Oriini Kaipara) തിങ്കളാഴ്ച ന്യൂസ്ഹബ്ബ് ലൈവില്‍ വാര്‍ത്ത വായിച്ചത്.
ഈ നിമിഷം തന്‍റെ ആജീവനാന്ത സ്വപ്നം പൂർത്തീകരിച്ചുവെന്നും, പരമ്പരാഗത ടാറ്റൂവുമായി വാർത്തകൾ വായിക്കുന്ന മാവോറി സ്ത്രീകളുടെ നീണ്ട നിരയിൽ ആദ്യത്തേതായിരിക്കട്ടെ താനെന്നും ഓക്ക്‌ലൻഡിൽ നിന്നുള്ള നാല് കുട്ടികളുടെ അമ്മ കൂടിയായ ഒറിനി പറഞ്ഞു. 'ഇത് ശരിക്കും ആവേശകരമാണ്. ഞാനത് ശരിക്കും ആസ്വദിക്കുകയാണ്. എനിക്കൊന്നും പറയാനാവുന്നില്ല, പക്ഷേ, അതൊരു വലിയ ആരവം തന്നെയാണ്. വൈകുന്നേരം ആറ് മണിയിലെ വാര്‍ത്ത അവതരിപ്പിക്കാനായതില്‍ ഞാൻ അഭിമാനിക്കുന്നു' അവര്‍ സ്റ്റഫിനോട് പറഞ്ഞു.
2019 -ലാണ് ഒറിനി വാർത്തകളിൽ ഇടം നേടിയത്. TVNZ -ന്റെ മധ്യാഹ്ന സംപ്രേക്ഷണത്തില്‍ മുഖത്ത് ടാറ്റുകളുള്ള ആദ്യത്തെ വ്യക്തിയായി പ്രത്യക്ഷപ്പെട്ടു കൊണ്ടായിരുന്നു അത്. മാവോറി ചിഹ്നമുള്ള ആളെന്ന നിലയില്‍ അവള്‍ക്ക് ഒരുപാട് ആരാധകരുമുണ്ട്. 'ഇതൊരു മുന്നേറ്റം തന്നെയാണ്. എന്നെ സംബന്ധിച്ച് ഒരു ലക്ഷ്യമുണ്ടായിരുന്നു എങ്കില്‍ അത് പ്രൈം ടൈം ന്യൂസ് വായിക്കുക എന്നതായിരുന്നു. അത് സംഭവിച്ചിരിക്കുന്നു' എന്നാണ് അവര്‍ പറഞ്ഞത്.

'ന്യൂസ്‍ഹബ്ബിൽ ഞങ്ങൾക്ക് ഒരു നല്ല ടീമുണ്ട്, ഞാൻ ആദ്യമായി പത്രപ്രവർത്തനം ആരംഭിച്ചപ്പോഴുണ്ടായിരുന്ന സമ്മർദ്ദം അനുഭവപ്പെടുന്നില്ല' എന്നും അവര്‍ പറഞ്ഞു. ഇങ്ങനെയൊരു ടാറ്റൂവുമായി ആറ് മണിക്ക് പ്രൈംടൈം ന്യൂസ് അവതരിപ്പിക്കുന്ന ആദ്യത്തെ ആളാവും താൻ, തനിക്ക് പിന്നാലെ അനേകർ അവിടെയെത്തിച്ചേരും എന്ന് പ്രതീക്ഷിക്കുന്നു എന്നും അവര്‍ പറയുന്നു. മാവോറി എന്ന നിലയിൽ മാത്രമല്ല, നിറത്തിന്‍റെ പേരിലും ആളുകൾക്കും ഇത് പുതിയ വഴിത്തിരിവാണ്, നിങ്ങൾക്ക് ഒരു മോക്കോ കാവേ ടാറ്റൂ ഉണ്ടെങ്കിലും ഇല്ലെങ്കിലും എന്നും ഒറിനി പറയുന്നു.
2017 -ൽ ഒരു ഡിഎന്‍എ ടെസ്റ്റിലൂടെ ഒറിനി നൂറുശതമാനം മാവോറി ആണ് എന്ന് തെളിയിക്കപ്പെട്ടിരുന്നു. ടാ മോക്കോ എന്നറിയപ്പെടുന്ന മുഖത്തും ശരീരത്തിലുമുള്ള ഈ പച്ചകുത്തൽ, ധരിക്കുന്നയാളുടെ കുടുംബ പാരമ്പര്യത്തെയും സാമൂഹിക നിലയെയും പ്രതിനിധീകരിക്കുന്നു. മാവോറി സ്ത്രീകളെ സംബന്ധിച്ചിടത്തോളം മോക്കോ എന്നത് പെൺകുട്ടികൾക്കും പ്രായപൂർത്തിയാകലിനും ഇടയിലുള്ള കടന്നുപോകലിനെ അടയാളപ്പെടുത്തുന്ന ഒരു ആചാരമായിരുന്നു.
