തിരുവനന്തപുരം ഇരിഞ്ചയത്തെ യുണൈറ്റഡ് ലൈബ്രറി പ്ലാറ്റിനം ആഘോഷത്തിന്‍റെ ഭാഗമായി സ്ത്രീകൾക്കും കുട്ടികൾക്കുമായി രാത്രി നടത്തം സംഘടിപ്പിച്ചു. പാട്ടുപാടിയും സിനിമ കണ്ടും നാല്പതോളം പേരടങ്ങുന്ന സ്ത്രീകൾ രാത്രികൾ പുരുഷന്മാർക്ക് മാത്രമല്ലെന്ന് പ്രഖ്യാപിച്ചു.

നാട്ടിന്‍ പുറത്തെ ഒരു ലൈബ്രറി, അതിന്‍റെ 75-ാം വാർഷികാഘോഷത്തിന് വ്യത്യസ്തമായൊരു അനുഭവം ഗ്രാമീണർക്ക് സമ്മാനിച്ചു. കുഞ്ഞുക്കുട്ടികളും സ്ത്രീകളുമടക്കം നാല്പതോളം പേര്‍ക്ക് അവരുടെ ജീവിതത്തിലെ അത്യപൂര്‍വ്വമായൊരു അനുഭവമായിരുന്നു അത്. പറഞ്ഞുവരുന്നത് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കിലെ ഇരിഞ്ചയം ഗ്രാമത്തിലെ യുണൈറ്റഡ് ലൈബ്രറിയുടെ 75-ാം വാര്‍ഷികാഘോഷത്തെ കുറിച്ചാണ്. നാലഞ്ച് കിലോമീറ്ററോളം ദൂരം രാത്രിയില്‍ പാട്ടുപാടിയും നൃത്തം ചവിട്ടിയും അമ്മമാരും കുട്ടികളും തങ്ങളുടെ ജീവിതത്തിലെ അസുലഭ നിമിഷം ആഘോഷിച്ചു.

ഇരിഞ്ചയം യുണെറ്റഡ് ലൈബ്രറി

1951 -ലാണ് ഇരിഞ്ചയം യുണൈറ്റഡ് ലൈബ്രറി ആരംഭിക്കുന്നത്. ഗ്രാമത്തിലെ കുട്ടികൾക്കും മുതിർന്നവര്‍ക്കും അറിവിന്‍റെ പുതിയ വാതായനങ്ങൾ തുറക്കാനായി ആരംഭിച്ച ലൈബ്രറി നീണ്ട 75 വര്‍ഷം പിന്നിട്ടിരിക്കുന്നു. നീണ്ട ആ കാലത്തിന്‍റെ അനുഭവങ്ങളില്‍ നിന്നും രാത്രികൾ ആണുങ്ങളുടേത് മാത്രമല്ലെന്നും അത് സ്ത്രീകൾക്ക് കൂടി അവകാശപ്പെട്ടതാണെന്നും പ്രഖ്യാപിച്ച് അവര്‍ നാല്പതോളം പേര്‍ ഒരുമിച്ച് ഒരു രാത്രി ഇറങ്ങി നടക്കാന്‍ തീരുമാനിച്ചു.

ലൈബ്രറിയുടെ പ്ലാറ്റിനം ജൂബിലി ആഘോഷം വ്യത്യസ്തമായി ആഘോഷിക്കണമെന്നത് ലൈബ്രറിയിലെ ഏവരുടെയും ആഗ്രഹമായിരുന്നെന്ന് ദീർഘകാലം ലൈബ്രറിയുടെ സെക്രട്ടറിയും ഇപ്പോൾ ലൈബ്രറിയുടെ പ്രസിഡന്‍റുമായ എസ് സജിത്ത് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഒരു വര്‍ഷം നീണ്ട് നില്‍ക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിലെ സവിശേഷമായൊരു പരിപാടിയായിരുന്നു സ്ത്രീകളുടെ രാത്രി നടത്തമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

(രാത്രി നടത്തത്തിന്‍റെ ഭാഗമായി തട്ടുകട ഭക്ഷണത്തിനിടെ )

വാക്കുകളില്ലാത്ത അനുഭവം

ലൈബ്രറിയുടെ കീഴിലുള്ള വനിതാ വേദിയാണ് ഇത്തരമൊരു വ്യത്യസ്തമായ അനുഭവം സ്ത്രീകൾക്ക് സമ്മാനിക്കാന്‍ മുന്‍കൈയെടുത്തതെന്ന് ലൈബ്രറി കമ്മറ്റി അംഗമായ നിഷ ഷൈജു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. ഒരു വർഷം നീണ്ട് നില്‍ക്കുന്ന ആഘോഷ പരിപാടികളില്‍ സ്ത്രീ പ്രാതിനിധ്യം ഉറപ്പിക്കുന്ന നിരവധി പരിപാടികളിലൊന്നായിരുന്നു സ്ത്രീകളുടെയും കുട്ടികളുടെയും രാത്രി നടത്തമെന്നും വീട്ടമ്മ കൂടിയായ നിഷ കൂട്ടിച്ചേര്‍ക്കുന്നു.

വാക്കുകളില്ലാത്ത അനുഭവമെന്നാണ് ലൈബ്രറിയുടെ വനിതാവേദി കണ്‍വീനറായ പ്രിയാ വിനോദ് ആ രാത്രി നടത്തത്തെ വിശേഷിപ്പിച്ചത്. ഏപ്രിൽ മുതല്‍ ജനുവരി വരെ നിരവധി പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. അതില്‍ വെള്ളനാട്ടെ സൈക്കോ പാര്‍ക്ക് സന്ദ‍ർശനം, മഴനടത്തം, പെണ്‍ ഓണം, രാത്രി നടത്തം തുടങ്ങി വിവിധ പരിപാടികൾ നടന്ന് കഴി‍ഞ്ഞു. വരുന്ന ദീപാവലിക്ക് ലൈബ്രറിയിലെ മുതിർന്ന അംഗങ്ങളുടെ നഗരയാത്ര പദ്ധതിയിട്ടിട്ടുണ്ടെന്നും നെടുമങ്ങാട് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്ലാന്‍ ഡിസൈനറായ പ്രിയ കൂട്ടിച്ചേര്‍ക്കുന്നു.

സിനിമ കണ്ടൊരു രാത്രി നടത്തം

വെറുമൊരു രാത്രി നടത്തമായിരുന്നില്ല അത്. നാല് വയസുള്ള ധ്യാന്‍ മുതല്‍ 43 വയസുള്ള വീട്ടമ്മമാർ അടക്കമുള്ള ഏതാണ്ട് നാല്പതോളം പേര്‍ ചേര്‍ന്ന് വൈകീട്ട് അഞ്ചരയോടെ നെടുമങ്ങാട് ടൗണിലെ തീയറ്ററിലെത്തി. അവരെല്ലാവരും ഒരുമിച്ച് കാന്താര സിനിമ കണ്ടു. ഏതാണ്ട് എട്ടരയോടെ സിനിമ കണ്ടിറങ്ങിയ അവരെല്ലാവരും ആണ്‍തുണയില്ലാതെ തട്ടുകടയില്‍ കയറി ഭക്ഷണം കഴിച്ചു. പിന്നെ ഒന്നിച്ച് ആഘോഷപൂര്‍വ്വം ഭയമേതുമില്ലാതെ പഴകുറ്റി, വേഞ്ചവിള, നാന്നിമൂട് വഴി ഇരിഞ്ചയത്തേക്ക് നടന്നു. ഏതാണ്ട് അഞ്ച് കിലോമീറ്ററോളം ദൂരം.

പക്ഷേ, ആ നടത്തം വെറുമൊരു നടത്തമായിരുന്നില്ലെന്ന് നിഷ കൂട്ടിച്ചേര്‍ക്കുന്നു. അവരൊരുമിച്ച് പാട്ടുപാടി. നൃത്തം ചെയ്ത് റീൽസെടുത്ത്, വായിച്ച പുസ്തകങ്ങളെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിച്ചു. പോകുന്ന വഴിയില്‍ വീടുള്ളവര്‍ അവരവരുടെ വീട്ടുകളിലേക്ക് കയറിയപ്പോൾ ബാക്കിയുള്ളവര്‍ തങ്ങളുടെ നടത്തം തുട‍ർന്നു. ഒടുവില്‍ നാലഞ്ച് പേരാണ് ഇരിഞ്ചയത്തെത്തുമ്പോൾ അവശേഷിച്ചിരുന്നത്. അപ്പോൾ സമയം ഏതാണ്ട് 11 മണിയോട് അടുത്തിരുന്നെന്നും എന്നാല്‍, തങ്ങളിലൊരാൾക്കും അപ്പോൾ ഭയം തോന്നിയിരുന്നില്ലെന്നും നിഷ പറയുന്നു.

(യുണൈറ്റഡ് ലൈബ്രറിയുടെ വായനാകൂട്ടായ്മ ഉദ്ഘാടനം ചെയ്യുന്ന എം സ്വരാജ് )

ഒരു വ‍ർഷം നീളുന്ന ആഘോഷം

ഒരു ലൈബ്രറി ഒരു ദേശത്തെ നിര്‍മ്മിച്ചതിന്‍റെ ആഘോഷമാണിതെന്നും കുട്ടികളെയും സ്ത്രീകളെയും ഉൾപ്പെടുത്താതെ അത് പൂര്‍ത്തിയാകില്ലെന്നും ലൈബ്രറിയുടെ സെക്രട്ടറിയും മുഖ്യമന്ത്രിയുടെ ഗണ്‍മാനുമായ വി കെ ഷൈജു ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. വേനലധിക്കാലത്ത് കുട്ടികളുടെ വായനാശീലം വളര്‍ത്തുന്നതിന് ചില ചലഞ്ചുകള്‍ നടത്തിയിരുന്നു. അത്തരമൊരു പരിപാടി വിജയിപ്പിക്കാന്‍ അമ്മമാരെയും ഒപ്പം കൂട്ടണമെന്ന ആശയത്തില്‍ നിന്നാണ് വനിതാവേദിയെന്ന ആശയം രൂപപ്പെടുന്നത്. അതിനൊപ്പം തന്നെ മാസത്തിലെ രണ്ടാം ഞായറാഴ്ച ദിവസം ലൈബ്രറിയിലെ ഒരു അംഗത്തിന്‍റെ വീട്ടില്‍ ഒരു വായനാക്കൂട്ടം നടത്തും. ഓരോരുത്തരും അവസാനം വായിച്ച പുസ്തകത്തെ കുറിച്ച് ആ കൂട്ടായ്മയില്‍ സംസാരിക്കും. ഇത്തരം പരിപാടികൾ ഗ്രാമത്തിലെ കൂട്ടായ്മ വര്‍ദ്ധിപ്പിക്കാനും ആളുകള്‍ക്കിടെയിലൊരു ഇഴയടുപ്പം നിലനിര്‍ത്താനും സഹായകമാകുന്നെന്ന് ലൈബ്രറി പ്രസിഡന്‍റും കെഎസ്ആര്‍ടിസി ജീവനക്കാരനുമായ എസ് സജീത്ത് പറയുന്നു. വായനയും ഒപ്പം പ്രകൃതിയെ കുറിച്ചുമുള്ള അറിവുകളും നാട്ടറിവുകളും പുതിയ തലമുറയ്ക്ക് കൈമാറാൻ ഇത്തരം കൂട്ടായ്മകൾ വലിയൊരു വഴിയാണ് തെളിക്കുന്നതെന്നും അദ്ദേഹം പറയുന്നു. ആഘോഷങ്ങൾ അവസാനിച്ചിട്ടില്ലെന്നും അത് ജനുവരിയോളം നീളുമെന്നും സജിത്ത് കൂട്ടിച്ചേര്‍ക്കുന്നു.