യു.എസ്.കെ.യുടെ ട്വിറ്റർ ഹാൻഡിൽ കൈലാസയുടെ ഇ - പൗരത്വത്തിനായുള്ള ഇ - വിസയ്ക്ക് അപേക്ഷ ക്ഷണിച്ചു.
സ്വയം പ്രഖ്യാപിത ആള്‍ ദൈവമായ നിത്യാനന്ദയുടെ സ്വന്തം രാജ്യമായ 'യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ'യുടെ (USK) സ്ഥിരം പ്രതിനിധിയായി മാ വിജയപ്രിയ നിത്യാനന്ദ, ഐക്യരാഷ്ട്ര സഭയുടെ യോഗത്തില്‍ പങ്കെടുത്തുവെന്ന വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ നിത്യാനന്ദയും അയാളുടെ ഹിന്ദു രാഷ്ട്രവും വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. 2019 ല്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ബലാത്സംഗവും തട്ടിക്കൊണ്ട് പോകലുമടക്കമുള്ള കുറ്റങ്ങളില്‍ പ്രതി ചേര്‍ക്കപ്പെട്ടതിന് പിന്നാലെയാണ് നിത്യാനന്ദ ഇന്ത്യയില്‍ നിന്നും ഒളിച്ചോടിയത്. പിന്നീട് ലോകത്തിലെ ആദ്യത്തെ ഹിന്ദു രാഷ്ട്രം താന്‍ സ്ഥാപിച്ചെന്നും രാജ്യത്തിന്‍റെ പേര് കൈലാസയാണെന്നും നിത്യാനന്ദ അവകാശപ്പെട്ടു. പിന്നാലെ 'റിസര്‍വ് ബാങ്ക് ഓഫ് കൈലാസ' സ്ഥാപിച്ച് സ്വര്‍ണ്ണം പൂശിയ കറന്‍സി ഓഫ് കൈലേഷ്യ പുറത്തിറക്കിയെന്നും നിത്യാനന്ദ അവകാശപ്പെട്ടിരുന്നു. എന്നാല്‍ നിത്യാനന്ദയുടെ കൈലസ എവിടെയാണെന്ന് മാത്രം കണ്ടെത്താനായിരുന്നില്ല. ഇതിനിടെയാണ് യുഎന്‍ സമ്മേളനത്തില്‍ പങ്കെടുത്ത മാ വിജയപ്രിയ, മാതൃരാജ്യമായ ഇന്ത്യ നിത്യാനന്ദയെ നിരന്തരം പീഡിപ്പിക്കുന്നുവെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്.
നിത്യാനന്ദ ഇക്വഡോർ തീരത്ത് ഒരു ദ്വീപ് വാങ്ങിയെന്നും ആ ദ്വീപാണ് പിന്നീട് കൈലാസ എന്ന് പേര് മാറ്റിയതെന്നും ബിബിസിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, അത്തരമൊരു ദ്വീപിന്‍റെ ദൃശ്യങ്ങള്‍ കണ്ടെത്തുക അസാധ്യമാണ്. മാത്രമല്ല തങ്ങളുടെ രാജ്യത്ത് നിത്യാനന്ദയില്ലെന്ന് ഇക്വഡോർ സർക്കാർ ബിബിസിയെ അറിയിക്കുകയും ചെയ്തിരുന്നു. ഭക്തന്മാര്‍ക്ക് കൈലാസത്തിലേക്ക് പോകാന്‍ ആദ്യം ഓസ്ട്രേലിയയില്‍ എത്തി കൈലാസ പ്രതിനിധികളെ ബന്ധപ്പെടണമെന്നും അവിടെ നിന്നും സ്വകാര്യ വിമാനത്തില്‍ രാജ്യത്തേക്ക് കൊണ്ടുപോകുമെന്നാണ് ആദ്യകാലത്ത് കൈലാസ പ്രതിനിധികള്‍ അവകാശപ്പെട്ടിരുന്നത്. അതേ സമയം കൈലാസ പ്രതിനിധികള്‍ എന്ന് സ്വയം പരിചയപ്പെടുന്നവരുടെ സാന്നിധ്യം ഇന്‍റര്‍നെറ്റ് ലോകത്ത് സജീവമാണ്. ഒരു വെര്‍ച്വല്‍ രാജ്യം മാത്രമാണോ കൈലാസ എന്ന സംശയങ്ങളും ഇതിനിടെ ഉയര്‍ന്നു.
ഈ സാങ്കൽപ്പിക രാജ്യത്തിന്‍റെ വെബ്‌സൈറ്റ് അനുസരിച്ച്, 'കൈലാസ' എന്നത് കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദു ആദി ശൈവ ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങൾ സ്ഥാപിച്ചതും നിത്യാനന്ദ നേതൃത്വം നൽകുന്നതുമായ ഒരു പ്രസ്ഥാനമാണ്. ലോകത്തിലെ ഹിന്ദുക്കൾ, വംശം, ലിംഗഭേദം, വിഭാഗങ്ങൾ, ജാതി, മതം എന്നിവ കണക്കിലെടുക്കാതെ, അവരുടെ ആത്മീയത, കല, സംസ്കാരം എന്നിവയെ പരിപോഷിപ്പിക്കുന്നതിനും സമാധാന പൂര്‍ണ്ണമായ ജീവിതത്തിനുമായി സൃഷ്ടിക്കപ്പട്ടതാണ് കൈലാസം എന്ന് അവകാശപ്പെടുന്നു.
കൂടുതല്‍ വായനയ്ക്ക്: ആരാണ് യുഎന്നിലെ 'കൈലാസ രാജ്യ പ്രതിനിധി' മാ വിജയപ്രിയ നിത്യാനന്ദ ?
ഇതിനിടെ യു.എസ്.കെ.യുടെ ട്വിറ്റർ ഹാൻഡിൽ കൈലാസയുടെ ഇ - പൗരത്വത്തിനായുള്ള ഇ - വിസയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരസ്യത്തിലുള്ള ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്താല്‍ നിങ്ങളുടെ പേരും മറ്റ് വിലാസങ്ങളും പൂരിപ്പിക്കേണ്ട അപേക്ഷാ ഫോം ലഭിക്കും. തങ്ങള്‍ക്ക് ഒരു പതാക, ഒരു ഭരണഘടന, ഒരു സാമ്പത്തിക വ്യവസ്ഥ, ഒരു പാസ്‌പോർട്ട്, ഒരു ചിഹ്നം എന്നിവയും ഉണ്ടെന്നും യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് കൈലാസ അവകാശപ്പെടുന്നു. അതോടൊപ്പം തങ്ങളുടെ രാജ്യത്ത് ട്രഷറി, വാണിജ്യം, പരമാധികാരം, ഭവനം, മനുഷ്യ സേവനങ്ങൾ തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവരുടെ വെബ് സൈറ്റ് അവകാശപ്പെടുന്നു. 'അന്താരാഷ്ട്ര ഹിന്ദു സമൂഹത്തിന്‍റെ വീടും അഭയകേന്ദ്രവുമാണ് 'കൈലാസ' എന്ന് സ്വയം വിശേഷിപ്പിക്കുന്നു. എന്നാല്‍, ഭൂമിയില്‍ ഏത് വന്‍കരയിലാണെന്നോ അതല്ലെങ്കില്‍ ഏത് പ്രദേശത്താണ് തങ്ങളുടെ രാജ്യം ഉള്ളതെന്നോ വ്യക്തമാക്കാന്‍ ഇവര്‍ തയ്യാറായില്ല.
അതേ സമയം കൈലാസത്തിന്‍റെ പ്രതിനിധികള്‍ മറ്റ് രാഷ്ട്ര പ്രതിനിധികളുമായും സ്ഥാപനങ്ങളുമായും കരാറുകളില്‍ ഒപ്പു വയ്ക്കുന്നതും ചര്‍ച്ച നടത്തുന്നതുമായ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നുണ്ട്. ലോക സമൂഹത്തിന്‍റെ ഇടയില്‍ തങ്ങളുടെ അസ്ഥിത്വം രേഖപ്പെടുത്തുന്നതിനുള്ള നിത്യാനന്ദയുടെ ശ്രമമാണിതെന്ന് കരുതപ്പെടുന്നു. എന്നാല്‍, ഐക്യരാഷ്ട്ര സഭ ഇതുവരെയും കൈലാസയെ അംഗീകരിച്ചിട്ടില്ലെന്നതാണ് യാഥാര്‍ത്ഥ്യം. 1933-ലെ മോണ്ടെവീഡിയോ കൺവെൻഷന്‍റെ കരാര്‍ അനുസരിച്ച് സാമ്പ്രദായിക അന്താരാഷ്ട്ര നിയമത്തിന്‍റെ ഭാഗമായി അംഗീകരിക്കപ്പെട്ട ഒരു പ്രദേശത്തെ ഒരു സ്വതന്ത്ര രാജ്യമെന്ന് വിളിക്കപ്പെടുന്നതിന്, അതിന് ഒരു സ്ഥിരമായ ജനസംഖ്യയും ഒരു ഗവൺമെന്‍റും മറ്റ് രാജ്യങ്ങളുമായി ബന്ധം പുലർത്താനുള്ള കഴിവും ഉണ്ടായിരിക്കണമെന്നാണ്.
കൂടുതല്‍ വായനയ്ക്ക്: 'ഇതൊക്കെ എന്ത്?'; ഇരുമ്പ് വേലി നിഷ്പ്രയാസം പൊളിച്ച് കളയുന്ന മുതലയുടെ വീഡിയോ വൈറല്‍!
ഈ അന്താരാഷ്ട്രാ നിയമത്തിന്‍റെ അടിസ്ഥാനത്തില്‍ ലോക സമൂഹത്തിന്‍റെ സ്വീകാര്യത നേടുന്നതിനുള്ള ശ്രമമാണ് ഇപ്പോള്‍ നിത്യാനന്ദ നടത്തുന്നതെന്ന് കരുതുന്നു. ഇതിനായിട്ടാകാം അയാള്‍ തന്‍റെ രാജ്യത്തിന്‍റെ പ്രതിനിധികള്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ട് ആളുകളെ ഐക്യരാഷ്ട്ര സഭാ സമ്മേളനത്തിന് അയച്ചതെന്നും കരുതുന്നു. സമ്മേളനത്തില്‍ വച്ച് മാതൃരാജ്യം നിത്യാനന്ദയെ വേട്ടയാടുന്നെന്ന് മാ വിജയപ്രിയ ആരോപിച്ചു. എന്നാല്‍. ഇവരുടെ വാദങ്ങള്‍ ഒരു തരത്തിലും പരിഗണിക്കപ്പെടുകയില്ലെന്ന് ഐക്യരാഷ്ട്ര സഭയും വ്യക്തമാക്കി. ഇതിന് പിന്നാലെ താന്‍റെ വാക്കുകള്‍ വളച്ചൊടിക്കുകയായിരുന്നെന്ന് വിജയപ്രിയ വ്യക്തമാക്കിയിരുന്നു.
ഒരു സ്വതന്ത്ര്യ രാഷ്ട്രമായി ഒരു പ്രദേശത്തെ യുഎന്‍ അംഗീകരിച്ചാല്‍ ആ രാജ്യത്തിന് നിരവധി അന്താരാഷ്ട്ര ഫോറങ്ങളിലും ലോക ബാങ്കിലേക്കും ഇന്‍റര്‍നാഷണല്‍ മോണിറ്ററി ഫണ്ടിലേക്കും പ്രവേശിക്കാം. ഇവരുമായി കരാറുകള്‍ ഉണ്ടാക്കാനും രാജ്യത്തേക്ക് വരുമാനം എത്തിക്കുവാനും സാധിക്കും. എന്നാല്‍, അത് അത്ര എളുപ്പം സാധ്യമാകുന്ന ഒരു കാര്യമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. രാഷ്ട്ര പദവി നേടാത്ത, എന്നാല്‍ സ്വയം പ്രഖ്യാപിത രാഷ്ട്രങ്ങളെ മൈക്രോനേഷന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്. ഇത്തരത്തില്‍ സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളാണെന്ന് അവകാശപ്പെടുന്ന സ്വയം പ്രഖ്യാപിത സ്ഥാപനങ്ങളായ മൈക്രോനേഷനുകളെ യുഎന്നോ മറ്റ് അന്താരാഷ്ട്ര സമൂഹങ്ങളോ അംഗീകരിക്കില്ല. 2019 ല്‍ ലോകത്ത് ഇത്തരത്തില്‍ 80 മൈക്രോനേഷനുകള്‍ ഉണ്ടായിരുന്നു. 1980 ല്‍ ഇന്ത്യന്‍ ആത്മീയ ഗുരുവായിരുന്ന രജനീഷ് ഓഷോ യുഎസിലെ ഒറിഗോണില്‍ സ്വന്തമായി ഒരു രാഷ്ട്ര സംവിധാനത്തിന് തുടക്കം കുറിച്ചിരുന്നു. പോലീസ്, അഗ്നിശമന വകുപ്പ്, പൊതുഗതാഗതം തുടങ്ങിയ സംവിധാനങ്ങളും അദ്ദേഹം ഒരുക്കി രജനീഷ്പുരം എന്ന് പേരും നല്‍കിയിരുന്നു. എന്നാല്‍ രജനീഷിന്‍റെ മരണത്തോടെ ഇതിന് തുടര്‍ച്ച നഷ്ടപ്പെട്ടു.
കൂടുതല്‍ വായനയ്ക്ക്: 'ഭൂമിയിലെ സ്വര്‍ഗ്ഗം': കാഴ്ചക്കാരുടെ കണ്ണ് തള്ളിക്കുന്ന നീലത്താഴ്വാര; വീഡിയോ കാണാം
