14 -ാമത്തെ വയസിൽ ഒരു ക്രീം ഉപയോഗിച്ചപ്പോൾ തന്നെ അവൾക്ക് ചില അലർജി വന്നതായി ന്യൂയോമിയൻ പറയുന്നു. എന്നിരുന്നാലും 15 -ാമത്തെ വയസ് മുതൽ അവൾ സ്ഥിരമായി മേക്കപ്പ് ഉപയോഗിച്ച് തുടങ്ങി.
വർഷങ്ങളായി മേക്കപ്പുപയോഗിക്കുകയും വേണ്ടവിധത്തിൽ കഴുകിക്കളയാതിരിക്കുകയും ചെയ്തതിനെ തുടർന്ന് തനിക്കുണ്ടായ ദുരനുഭവം വെളിപ്പെടുത്തി ചൈനയിൽ നിന്നുള്ള യുവതി.
ഇന്ന് മേക്കപ്പ് ഉപയോഗിക്കുന്നത് സർവസാധാരണമാണ് അല്ലേ? എന്നാൽ, മേക്കപ്പ് ഉപയോഗിക്കുമ്പോൾ ചില കാര്യങ്ങളെല്ലാം ശ്രദ്ധിക്കേണ്ടതുണ്ട്. നമ്മുടെ ചർമ്മത്തിന്റെ സ്വഭാവത്തിന് ചേർന്നവ ഉപയോഗിക്കണം, ക്വാളിറ്റിയുള്ളവ ഉപയോഗിക്കണം, നന്നായി കഴുകിക്കളയണം എന്നിവയെല്ലാം അതിൽ പെടുന്നു. എന്തായാലും ചൈനയിൽ നിന്നുള്ള ഈ യുവതി പറയുന്നത് 22 വർഷം സ്ഥിരമായി മേക്കപ്പുപയോഗിക്കുകയും വേണ്ടവിധം കഴുകിക്കളയാതിരിക്കുകയും ചെയ്യാത്തതിനാല്‍ തന്റെ ചർമ്മത്തിന് പലവിധത്തിലുള്ള പ്രശ്നങ്ങളുണ്ടായി എന്നാണ്.
സ്ഥിരമായി മേക്കപ്പുപയോഗിക്കുന്നത് കാരണം തനിക്ക് ഗുരുതരമായ അലർജി പ്രശ്നമുണ്ടായി. മുഖത്തിന് വീക്കം സംഭവിക്കുകയും വികൃതമാവുകയും ചെയ്തു എന്നാണ് അവർ സോഷ്യൽ മീഡിയ വഴി വെളിപ്പെടുത്തിയത് എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് എഴുതുന്നു.
ജിലിൻ പ്രവിശ്യയിൽ നിന്നുള്ള 37 -കാരിയായ ന്യൂയോമിയൻ എന്ന യുവതി ജൂൺ ആദ്യമാണ് ഈ വീഡിയോ ചൈനയിലെ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. വളരെ പെട്ടെന്ന് തന്നെ ഇവരുടെ അനുഭവം ആളുകളുടെ ശ്രദ്ധയാകർഷിക്കുകയായിരുന്നു. ചുവപ്പ്, വീക്കം, തടിപ്പുകൾ തുടങ്ങി വിട്ടുമാറാത്ത അലർജിയുടെ ലക്ഷണങ്ങളെല്ലാം അവരുടെ മുഖത്ത് കാണാമായിരുന്നു.
14 -ാമത്തെ വയസിൽ ഒരു ക്രീം ഉപയോഗിച്ചപ്പോൾ തന്നെ അവൾക്ക് ചില അലർജി വന്നതായി ന്യൂയോമിയൻ പറയുന്നു. എന്നിരുന്നാലും 15 -ാമത്തെ വയസ് മുതൽ അവൾ സ്ഥിരമായി മേക്കപ്പ് ഉപയോഗിച്ച് തുടങ്ങി. വില കുറഞ്ഞ ഫൗണ്ടേഷനുകളാണ് അവൾ പലപ്പോഴും ഉപയോഗിച്ചിരുന്നത്. അതാണ് തന്റെ അവസ്ഥ കൂടുതൽ വഷളാക്കിയത് എന്ന് അവൾ കരുതുന്നു.
നിരന്തരം മേക്കപ്പ് ഉപയോഗിച്ചതിന് പിന്നാലെ ചർമ്മത്തിൽ പ്രശ്നങ്ങളുണ്ടായെങ്കിലും 2011 -ൽ അവൾ സൗന്ദര്യം കൂട്ടാനായി മുഖത്ത് ഇഞ്ചെക്ഷനെടുക്കുകയും ചെയ്തു. ഇത് അവളുടെ അവസ്ഥ കൂടുതൽ വഷളാക്കിയതെ ഉള്ളൂ.
25 വയസിന് മുമ്പ് താൻ ഇതൊന്നും കാര്യമാക്കിയിരുന്നില്ല. എന്നാൽ, 25 വയസ് കഴിഞ്ഞപ്പോഴേക്കും ഇതിന്റെ പ്രശ്നങ്ങളെല്ലാം തന്നെ ബാധിച്ചിരുന്നു എന്ന് അവൾ പറയുന്നു. കഠിനമായ വേദനകളിൽ കൂടിയാണ് അവൾ കടന്നുപോകുന്നത്. ആയിരക്കണക്കിന് ഉറുമ്പുകൾ മുഖത്തുകൂടി ഇഴയുന്നത് പോലെയാണ് തനിക്ക് അനുഭവപ്പെടുന്നത് എന്നും അവൾ പറഞ്ഞു.
അവസാനം ഒരു മുന്നറിയിപ്പ് കൂടി നൽകിയാണ് അവൾ തന്റെ വീഡിയോ അവസാനിപ്പിക്കുന്നത്. തന്റെ അവസ്ഥ വരരുത്. ചർമ്മം തരുന്ന ലക്ഷണങ്ങളെ അവഗണിക്കരുത്. മറ്റുള്ളവർ ഉപയോഗിക്കുന്നത് കണ്ട് മാറിമാറി പ്രൊഡക്ടുകൾ ഉപയോഗിക്കരുത്, എല്ലാം എല്ലാവരിലും ഒരുപോലെയാവില്ല പ്രവർത്തിക്കുന്നത് എന്നും അവൾ പറയുന്നു.


